കണ്ണൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം പെന്ഷന് കൊടുക്കാത്തതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്. പെന്ഷന് സമയത്തിന് കൊടുക്കാത്തത് തോല്‍വിക്ക് കാരണമായെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധം ജനങ്ങളെ ബോധിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും എം വി ജയരാജന് പ്രതികരിച്ചു.
'ജനങ്ങള്‍ ചിന്തിച്ചത് ഇടതുപക്ഷം സമയത്തിന് തന്നില്ല എന്നാണ്. കേന്ദ്രമാണ് കാരണക്കാരെങ്കിലും ഇടതുപക്ഷം കൊടുത്തില്ല എന്ന് ജനം ചിന്തിച്ചു. ജനങ്ങളെ ഇത് ബോധിപ്പിക്കുമ്പോഴേക്കും തിരഞ്ഞെടുപ്പ് കഴിഞ്ഞു. രാഷ്ട്രീയ, സംഘടന, ഭരണപരമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ട് പോകുന്നു', എം വി ജയരാജന് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20ല്‍ ഒരു സീറ്റ് മാത്രമേ എല്‍ഡിഎഫിന് നേടാന്‍ സാധിച്ചിരുന്നുള്ള. ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയം സിപിഐഎമ്മിനെ പ്രതിസന്ധിയിലാക്കിയിരുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പ് കണക്ക് ആകെ തെറ്റിയെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. വോട്ടെടുപ്പിന് മുമ്പും പിമ്പും ലഭിച്ച കണക്കുകള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. ജനവികാരം തിരിച്ചറിയുന്നതില്‍ പാര്‍ട്ടി യൂണിറ്റുകള്‍ക്ക് കഴിഞ്ഞില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത് എന്നതായിരുന്നു റിപ്പോര്‍ട്ട്.
ജനങ്ങളുമായുള്ള ജൈവ ബന്ധത്തിലെ ദൗര്‍ബല്യങ്ങള്‍ തിരുത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ മുന്‍ഗണന വേണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി സര്‍ക്കാര്‍ പണം ചെലവഴിക്കുന്നതില്‍ മുന്‍ഗണന നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നു.
Content Highlights: M V Jayarajan responds on Lok Sabha Election defeat