കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ വിമര്‍ശിച്ച എഴുത്തുകാരന്‍ ബെന്യാമിന് മറുപടിയുമായി എഴുത്തുകാരി കെ ആര്‍ മീര. ബെന്യാമിന്റെ വിവരമില്ലായ്മയെക്കുറിച്ച് തനിക്കും ധാരാളം പറയാനുണ്ടെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയായിരുന്നു മീര മറുപടി നല്‍കിയത്. തന്നെ സംഘപരിവാറായി അവതരിപ്പിക്കാനുള്ള ബെന്യാമിന്റെ ശ്രമം സംഘപരിവാറിനെ സഹായിക്കാനുള്ള പദ്ധതി മാത്രമാണെന്ന് മീര കുറിച്ചു.
അന്നും ഇന്നും തന്റെ നിലപാടുകളില്‍ നിന്ന് താന്‍ അണുവിട മാറിയിട്ടില്ലെന്നും കെ ആര്‍ മീര പറഞ്ഞു. താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും അപ്പക്കഷ്ണങ്ങള്‍ മോഹിച്ച് പ്രസ്താവന നടത്തിയിട്ടുമില്ല. തന്നെ വിമര്‍ശിക്കുന്നതുവഴി കോണ്‍ഗ്രസുകാരെയും സംഘപരിവാറുകാരെയും സുഖിപ്പിച്ച് അവരില്‍ നിന്ന് കിട്ടാനുള്ള അപ്പക്കഷ്ണങ്ങള്‍കൂടി പോരട്ടെ എന്നാണ് ബെന്യാമിന്റെ നിലപാട് എന്നു തോന്നുന്നു. താനാണ് മഹാ പണ്ഡിതന്‍, താനാണ് മഹാമാന്യന്‍, താനാണാ സദാചാരത്തിന്റെ കാവലാള്‍ എന്നൊക്കെ മേനി നടിക്കുന്നതുകൊള്ളാമെന്നും കെ ആര്‍ മീര പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഗാന്ധിനിന്ദയ്ക്ക് എതിരേ ശക്തമായി പ്രതിഷേധിക്കാന്‍ പോലും ചങ്കുറപ്പില്ലാതെ എന്റെ പോസ്റ്റിനെ ശുദ്ധ അസംബന്ധം എന്നു പറയുന്ന ബെന്യാമിന്റെ വിവരമില്ലായ്മയെക്കുറിച്ച് എനിക്കും ധാരാളം പറയാനുണ്ട്. എന്നെ സംഘപരിവാറായി അവതരിപ്പിക്കാനുള്ള ബെന്യാമിന്റെ ശ്രമം സംഘപരിവാറിനെ സഹായിക്കാനുള്ള പദ്ധതി മാത്രമാണ്. അന്നും ഇന്നും എന്റെ നിലപാടുകളില്‍നിന്നു ഞാന്‍ അണുവിട മാറിയിട്ടില്ല. ഞാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും അപ്പക്കഷ്ണങ്ങള്‍ മോഹിച്ചു പ്രസ്താവന നടത്തിയിട്ടുമില്ല. എന്നെ വിമര്‍ശിക്കുന്നതുവഴി കോണ്‍ഗ്രസുകാരെയും സംഘപരിവാറുകാരെയും സുഖിപ്പിച്ച് അവരില്‍നിന്നു കിട്ടാനുള്ള അപ്പക്കഷ്ണങ്ങള്‍കൂടി പോരട്ടെ എന്നാണു ബെന്യാമിന്റെ നിലപാട് എന്നു തോന്നുന്നു. ഞാനാണു മഹാ പണ്ഡിതന്‍, ഞാനാണു മഹാമാന്യന്‍, ഞാനാണു സദാചാരത്തിന്റെ കാവലാള്‍ എന്നൊക്കെ മേനി നടിക്കുന്നതുകൊള്ളാം. കൂടുതല്‍ എഴുതുന്നില്ല
ഗാന്ധിവധത്തില്‍ ഹിന്ദുമഹാസഭയ്ക്കൊപ്പം കോണ്‍ഗ്രസിനെയും വിമര്‍ശിച്ച കെ ആര്‍ മീരയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബെന്യാമിന്‍ രംഗത്തെത്തിയിരുന്നു. കെ ആര്‍ മീര പറഞ്ഞത് ശുദ്ധ അസംബന്ധമെന്നായിരുന്നു ബെന്യാമിന്‍ അഭിപ്രായപ്പെട്ടത്. ഏത് എതിനോട് താരതമ്യം ചെയ്യണമെന്നും ആരെ ഏത് രീതിയില്‍ വിമര്‍ശിക്കണം എന്നുമുള്ള വിവരമില്ലായ്മ ആണ് മീരയുടെ പോസ്റ്റ്. അത് ഗുണം ചെയ്യുന്നത് സംഘപരിവാറിന് ആണെന്ന് അറിയാതെ അല്ല. അറിഞ്ഞുകൊണ്ട് എഴുതുന്നതാണ് അപകടമെന്നും ബെന്ന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
മീററ്റില്‍ ഗോഡ്സെയെ ആദരിച്ച ഹിന്ദുമഹാസഭയുടെ പത്രവാര്‍ത്ത പങ്കുവെച്ചുകൊണ്ട് കെ ആര്‍ മീര ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 'തുടച്ചുനീക്കാന്‍ കോണ്‍ഗ്രസുകാര്‍ പത്തെഴുപത്തിയഞ്ചുകൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല. പിന്നെയാണ് ഹിന്ദുസഭ' എന്നായിരുന്നു മീര പങ്കുവെച്ച കുറിപ്പ്. ഇതിനെതിരെ എഴുത്തുകാരി സുധാ മേനോനും കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. വളരെ ക്രൂരവും വസ്തുതാവിരുദ്ധവുമായ പോസ്റ്റ് എന്നായിരുന്നു സുധാ മേനോന്റെ പ്രതികരണം. സംഘപരിവാര്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് മുക്തഭാരതത്തിന് ലെജിറ്റിമസി നല്‍കുന്ന ഈ പോസ്റ്റ് ഏറ്റവും സഹായിക്കുന്നത് സംഘികളെയാണെന്നും സുധാ മേനോന്‍ പറഞ്ഞിരുന്നു. മീരയുടെ പോസ്റ്റിന് താഴെ കമന്റായായിരുന്നു സുധാ മേനോന്‍ ഇക്കാര്യം പറഞ്ഞത്. ഇതിന് മീരയും മറുപടി നല്‍കിയിരുന്നു. ഗാന്ധിസം പറഞ്ഞുകൊണ്ടിരുന്നാല്‍ കഞ്ഞികുടിക്കാന്‍ പറ്റില്ലെന്നും ഗാന്ധിസം പറഞ്ഞുകൊണ്ടിരുന്നിട്ട് കാര്യമില്ലെന്നുമായിരുന്നു മീരയുടെ മറുപടി.
ടി സിദ്ദിഖ് എംഎല്‍എയും കോണ്‍ഗ്രസ് നേതാവ് രാജു പി നായരും പോസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ച് കമന്റ് ചെയ്തിരുന്നു. 'ഫിക്ഷന്‍ എഴുതാന്‍ മീരയ്ക്ക് നല്ല കഴിവുണ്ടെന്നും ഈ പോസ്റ്റിലും അത് കാണാന്‍ കഴിയുന്നു എന്നുമായിരുന്നു സിദ്ദിഖിന്റെ മറുപടി. 'പിണറായിസ്റ്റ് ആവാന്‍ നടത്തുന്ന അശ്രാന്ത പരിശ്രമം ഇത്തരം അപകടങ്ങളില്‍ എത്തിക്കുന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാജു പി നായരുടെ വിമര്‍ശനം.
Content Highlights- k r meera reply to benyamin