'കേന്ദ്രത്തിന്റേത് പിറകോട്ടടിപ്പിക്കുന്ന സമീപനം, അർഹതപ്പെട്ട ആനുകൂല്യം ലഭിച്ചില്ല'; കെ രാധാകൃഷ്ണൻ

'കേരളത്തിന് യാതൊരു ആനുകൂല്യവും നൽകാത്ത ബജറ്റാണിത്'

dot image

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് നിരാശജനകമെന്ന് എം പി കെ രാധാകൃഷ്ണൻ. കേരളത്തിന് യാതൊരു ആനുകൂല്യവും നൽകാത്ത ബജറ്റാണിത്. അർഹതപ്പെട്ട ആനുകൂല്യം പോലും കേരളത്തിന് ലഭിച്ചില്ല. കേന്ദ്ര സർക്കാരിന്റേത് കേരളത്തെ പിറകോട്ടടിപ്പിക്കുന്ന സമീപനമാണെന്നും എം പി വിമർശിച്ചു.

കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലും പ്രതികരിച്ചിരുന്നു. രാഷ്ട്രീയമായി താത്പര്യമുള്ളയിടങ്ങളിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകിയെന്നും കേരളത്തിന് ന്യായമായ പ്രതീക്ഷയുണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബജറ്റ് പൊളിറ്റിക്കൽ ഗിമ്മിക്ക് മാത്രമാണ്. സ്‌കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണമായി ചപ്പാത്തിയും ദാലും മഖാനയും നൽകാൻ പറയുമോ എന്നറിയില്ലെന്നും ധനമന്ത്രി പരിഹസിച്ചു.

ഇവിടെ ചോറും കറികളും ആണ് ആവശ്യം. എല്ലാ സംസ്ഥാനങ്ങളെയും ഒരു പോലെ പരിഗണിച്ചില്ല. വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതകർക്കായി ഒന്നുമില്ല. വിഴിഞ്ഞത്തെ കുറിച്ച് പറഞ്ഞതു പോലുമില്ല. വയനാടിന് പ്രത്യേക പാക്കേജ് അനിവാര്യമാണ്. 'കേരള ഫ്രണ്ട്ലി ബജറ്റെ'ന്ന ബിജെപി വാദത്തിനാണ് ധനമന്ത്രി മറുപടി പറഞ്ഞത്. മുറിവിൽ ഉപ്പ് തേയ്ക്കുന്ന നിലപാടാണ് ബിജെപിയുടേതെന്നും കെ എൻ ബാലഗോപാൽ വിമർശിച്ചു.

ബജറ്റിൽ നിരാശ രേഖപ്പെടുത്തി മുസ്‌ലിം ലീഗ്‌ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ, കെ മുരളീധരൻ തുടങ്ങിയ നേതാക്കളും രം​ഗത്തെത്തി. ഇത്രയ്ക്ക് നിരാശ ജനകമായ ബജറ്റ് ഇതിന് മുൻപ് ഉണ്ടായിട്ടില്ല. കേരളത്തെ പരിപൂർണമായി അവഗണിച്ചു. ഈ ബജറ്റിലെങ്കിലും വയനാടിന് എല്ലാവരും സഹായം പ്രതീക്ഷിച്ചു. ബിഹാറിന് വാരിക്കോരി കൊടുത്ത കേന്ദ്രം പക്ഷേ വയനാടിന് ഒന്നും നൽകിയില്ലെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്ട്രീയ ഗുണം ലഭിക്കുന്നിടത്ത് മാത്രമാണ് കേന്ദ്രം സഹായങ്ങൾ നൽകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നി‌ർമല സീതാരാമൻ ഇതുവരെ അവതരിപ്പിച്ച എട്ട് ബജറ്റിലും ഇന്ത്യയുടെ യാഥാർത്ഥ്യം മനസ്സിലാക്കി ബജറ്റ് അവതരിപ്പിക്കാൻ സാധിച്ചിട്ടില്ലെന്നും കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ വിമർശിച്ചു. ബിജെപിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു എംപി യെ കേരളത്തിൽ നിന്ന് അയച്ചത്. എന്നിട്ടും ഒരു പരിഗണനയും കേരളത്തിന് നൽകിയിട്ടില്ല. പൂജ്യം അംഗങ്ങളുണ്ടായിരുന്ന അതേ മനോഭാവം തന്നെയാണ് ഇപ്പോഴും. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കേന്ദ്രം ഒന്നും ചെയ്തിട്ടില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

Content highlights: K Radhakrishnan on Union Budget 2025

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us