തിരുവനന്തപുരം: കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. രാഷ്ട്രീയമായി താത്പര്യമുള്ളയിടങ്ങളിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകിയെന്നും കേരളത്തിന് ന്യായമായ പ്രതീക്ഷയുണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബജറ്റ് പൊളിറ്റിക്കൽ ഗിമ്മിക്ക് മാത്രമാണ്. സ്‌കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണമായി ചപ്പാത്തിയും ദാലും മഖാനയും നൽകാൻ പറയുമോ എന്നറിയില്ലെന്നും ധനമന്ത്രി പരിഹസിച്ചു. ഇവിടെ ചോറും കറികളും ആണ് ആവശ്യം. എല്ലാ സംസ്ഥാനങ്ങളെയും ഒരു പോലെ പരിഗണിച്ചില്ല.
'കേരള ഫ്രണ്ട്ലി ബജറ്റെ'ന്ന ബിജെപി വാദത്തിനാണ് ധനമന്ത്രി മറുപടി പറഞ്ഞത്. മുറിവിൽ ഉപ്പ് തേയ്ക്കുന്ന നിലപാടാണ് ബിജെപിയുടേതെന്നും കെ എൻ ബാലഗോപാൽ വിമർശിച്ചു.
കണക്കുകളാണ് രാഷ്ട്രീയമല്ല സംസാരിക്കുന്നത്. വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതകർക്കായി ഒന്നുമില്ല. വിഴിഞ്ഞത്തെ കുറിച്ച് പറഞ്ഞതു പോലുമില്ല. വയനാടിന് പ്രത്യേക പാക്കേജ് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിൽ ജനസംഖ്യ അടിസ്ഥാനത്തിൽ 73,000 കോടിയോളം രൂപയാണ് കഴിഞ്ഞ വർഷം കേരളത്തിന് കിട്ടേണ്ടത്.
എന്നാൽ കിട്ടിയത് 32,000 കോടിയോളം മാത്രമാണ്. സംസ്ഥാനങ്ങൾക്കുള്ള വിഹിതം വർധിപ്പിച്ചിട്ടുണ്ട്. കണക്ക് നോക്കിയാൽ 14,258 കോടി അധികം ഇത്തവണ കിട്ടേണ്ടതാണ്. ബജറ്റിന്റെ പൊതുവർദ്ധനവിൽ കാർഷിക മേഖലയിലെ സബ്സിഡി കുറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ തുകയിലും വർദ്ധനവില്ല. കാർഷിക മേഖലയിലെ വിള ഇൻഷുറൻസിനും തുക കുറവാണെന്നും കെ എൻ ബാലഗോപാൽ ആരോപിച്ചു.
അതേസമയം, തിരഞ്ഞെടുപ്പ് മുൻനിർത്തി ബിഹാറിന് വാരിക്കോരി സഹായം പ്രഖ്യാപിച്ചിരിക്കുന്ന ബജറ്റിൽ കേരളത്തെ പൂർണ്ണമായും തഴഞ്ഞു എന്ന പരാതി പലഭാഗങ്ങളിൽ നിന്നും ഉയർന്നിട്ടുണ്ട്. പുതിയ ഗ്രീൻഫീൽഡ് എയർപോർട്ട് , കർഷകർക്ക് മഖാന ബോർഡ്, നാഷണൽ ഫുഡ് ടെക് ഇൻസ്റ്റിറ്റ്യൂട്ട് അടക്കം ബിഹാറിനായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ബിഹാറിനായി വമ്പൻ പദ്ധതികളാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻറെ ബജറ്റിൽ ഇടം പിടിച്ചിരിക്കുന്നത്.
കിഴക്കൻ ഇന്ത്യയിൽ ഭക്ഷ്യ സംസ്‌കരണം വർധിപ്പിക്കുന്നത് കൂടി ലക്ഷ്യമിട്ട് ബിഹാറിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി സ്ഥാപിക്കുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. ഇത് യുവാക്കൾക്ക് തൊഴിലവസരം തുറക്കുന്നതിലേക്ക് കൂടി നയിക്കുമെന്നും മന്ത്രി പറഞ്ഞു. മഖാന ഉൽപാദനം, സംസ്‌കരണം, വിപണനം എന്നിവ മുന്നിൽ കണ്ടാണ് മഖാന ബോർഡ് സ്ഥാപിക്കുന്നത്. ഇതിന് പുറമെ പട്ന എയർപോർട്ടിൻ്റെ നവീകരികരണവും അഞ്ച് ഐഐടികളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഈ വർഷം നവംബറിൽ ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
പാർലമെന്റിൽ പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. കുംഭമേള വിഷയം ഉയർത്തിയായിരുന്നു പ്രതിപക്ഷ ബഹളം. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നിർമല സീതാരാമൻ ബജറ്റ് അവതണം ആരംഭിച്ചത്. ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ധനമന്ത്രി പറഞ്ഞു.
Content Highlights: kn balagopal pn union budget