'ബിഹാറിന് വാരിക്കോരി കൊടുത്തു, വയനാടിനെ തഴഞ്ഞു'; കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

'കേരളത്തെ ഒരു സംസ്ഥാനമായി പോലും കാണുന്നില്ല എന്ന് ഈ ബജറ്റോടെ ഉറപ്പായി'

dot image

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ നിരാശ രേഖപ്പെടുത്തി മുസ്‌ലിം ലീഗ്‌ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ. ഇത്രയ്ക്ക് നിരാശയാ ജനകമായ ബജറ്റ് ഇതിന് മുൻപ് ഉണ്ടായിട്ടില്ല. കേരളത്തെ പരിപൂർണമായി അവഗണിച്ചു. ഈ ബജറ്റിലെങ്കിലും വയനാടിന് എല്ലാവരും സഹായം പ്രതീക്ഷിച്ചു. ബിഹാറിന് വാരിക്കോരി കൊടുത്ത കേന്ദ്രം പക്ഷേ വയനാടിന് ഒന്നും നൽകിയില്ലെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്ട്രീയ ഗുണം ലഭിക്കുന്നിടത്ത് മാത്രമാണ് കേന്ദ്രം സഹായങ്ങൾ നൽകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപിക്ക് കേരളത്തിൽ നിന്ന് ഒരു പാർലമെൻറ് അംഗവും മന്ത്രിയുമായ ശേഷം അവഗണന കൂടുതലാണ്. കേരളത്തിൽ നിന്ന് മന്ത്രിയായ ആളോട് ദേഷ്യമുള്ളത് പോലെയാണ് ബജറ്റ് എന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.

കേരളത്തെ ഒരു സംസ്ഥാനമായി പോലും കാണുന്നില്ല എന്ന് ഈ ബജറ്റോടെ ഉറപ്പായെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അപകടകരമായ ഒരു പ്രവണതയാണിത്. കേന്ദ്രത്തിൽ നിന്ന് എന്തെങ്കിലും നേടിയെടുക്കാൻ ഇടതുപക്ഷ സംസ്ഥാന സർക്കാരിന് സാധിക്കുന്നുമില്ല. അനുഭവിക്കുന്നത് ജനങ്ങളാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലും പ്രതികരിച്ചിരുന്നു. രാഷ്ട്രീയമായി താത്പര്യമുള്ളയിടങ്ങളിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകിയെന്നും കേരളത്തിന് ന്യായമായ പ്രതീക്ഷയുണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബജറ്റ് പൊളിറ്റിക്കൽ ഗിമ്മിക്ക് മാത്രമാണ്. സ്‌കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണമായി ചപ്പാത്തിയും ദാലും മഖാനയും നൽകാൻ പറയുമോ എന്നറിയില്ലെന്നും ധനമന്ത്രി പരിഹസിച്ചു. ഇവിടെ ചോറും കറികളും ആണ് ആവശ്യം. എല്ലാ സംസ്ഥാനങ്ങളെയും ഒരു പോലെ പരിഗണിച്ചില്ല. വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതകർക്കായി ഒന്നുമില്ല. വിഴിഞ്ഞത്തെ കുറിച്ച് പറഞ്ഞതു പോലുമില്ല. വയനാടിന് പ്രത്യേക പാക്കേജ് അനിവാര്യമാണ്. 'കേരള ഫ്രണ്ട്ലി ബജറ്റെ'ന്ന ബിജെപി വാദത്തിനാണ് ധനമന്ത്രി മറുപടി പറഞ്ഞത്. മുറിവിൽ ഉപ്പ് തേയ്ക്കുന്ന നിലപാടാണ് ബിജെപിയുടേതെന്നും കെ എൻ ബാലഗോപാൽ വിമർശിച്ചു.

തിരഞ്ഞെടുപ്പ് മുൻനിർത്തി ബിഹാറിന് വാരിക്കോരി സഹായം പ്രഖ്യാപിച്ചിരിക്കുന്ന ബജറ്റിൽ കേരളത്തെ പൂർണ്ണമായും തഴഞ്ഞു എന്ന പരാതി പലഭാഗങ്ങളിൽ നിന്നും ഉയർന്നിട്ടുണ്ട്. മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നിർമല സീതാരാമൻ ബജറ്റ് അവതണം ആരംഭിച്ചത്. പുതിയ ഗ്രീൻഫീൽഡ് എയർപോർട്ട് , കർഷകർക്ക് മഖാന ബോർഡ്, നാഷണൽ ഫുഡ് ടെക് ഇൻസ്റ്റിറ്റ്യൂട്ട് അടക്കം ബിഹാറിനായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ബിഹാറിനായി വമ്പൻ പദ്ധതികളാണ് ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റിൽ ഇടം പിടിച്ചിരിക്കുന്നത്.

കിഴക്കൻ ഇന്ത്യയിൽ ഭക്ഷ്യ സംസ്‌കരണം വർധിപ്പിക്കുന്നത് കൂടി ലക്ഷ്യമിട്ട് ബിഹാറിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി സ്ഥാപിക്കുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. ഇത് യുവാക്കൾക്ക് തൊഴിലവസരം തുറക്കുന്നതിലേക്ക് കൂടി നയിക്കുമെന്നും മന്ത്രി പറഞ്ഞു. മഖാന ഉൽപാദനം, സംസ്‌കരണം, വിപണനം എന്നിവ മുന്നിൽ കണ്ടാണ് മഖാന ബോർഡ് സ്ഥാപിക്കുന്നത്. ഇതിന് പുറമെ പട്ന എയർപോർട്ടിൻ്റെ നവീകരികരണവും അഞ്ച് ഐഐടികളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഈ വർഷം നവംബറിൽ ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

Content Highlights: PK Kunhalikutty Said Union Budget Avoid Keralam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us