
വർക്കല: വർക്കല അയിരൂരിൽ വൃദ്ധ മാതാപിതാക്കളെ വീടിന് പുറത്താക്കിയ സംഭവത്തിൽ മകൾ സിജിക്കും ഭർത്താവിനും എതിരെ പൊലീസ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അയിരൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. സ്വത്ത് തട്ടിയെടുക്കൽ, വഞ്ചന കുറ്റം എന്നിവ ചുമത്തിയാണ് സിജിക്കും ഭർത്താവിനുമെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ മകനെയും കേസിൽ പ്രതി ചേർത്തേക്കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് വർക്കലയിൽ മകൾ മാതാപിതാക്കളെ പുറത്താക്കി ഗേറ്റ് അടച്ചത്. 79 വയസ്സുള്ള സദാശിവനെയും ഭാര്യ 73 വയസ്സുള്ള സുഷമയെയുമാണ് മകൾ സിജി വീടിന് പുറത്താക്കിയത്. നാട്ടുകാരെത്തി ഗേറ്റ് തള്ളി തുറന്നെങ്കിലും ഇവർ മാതാപിതാക്കളെ വീടിനുള്ളിൽ കയറ്റാൻ തയ്യാറായില്ല. പിന്നീട് അയിരൂർ പൊലീസ് സ്ഥലത്തെത്തി സംസാരിച്ചെങ്കിലും മകൾ വഴങ്ങിയില്ല. നേരത്തെയും സിജി മാതാപിതാക്കളെ പുറത്താക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പിന്നാലെ പൊലീസ് ഇവരെ വൃദ്ധസദനത്തിലേക്ക് മാറ്റുകയായിരുന്നു.
ഇതിന് പിന്നാലെ പ്രതികരണവുമായി സിജിയുടെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. പണം കിട്ടിക്കഴിഞ്ഞപ്പോൾ തങ്ങളെ മകൾക്ക് വേണ്ടാതെയായെന്നും തങ്ങൾ നൽകിയ പണം ഉപയോഗിച്ച് നിർമിച്ച വീട്ടിൽ നിന്നാണ് തങ്ങളെ ഇറക്കി വിട്ടതെന്നും മാതാപിതാക്കൾ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.
മകൾക്ക് 35 ലക്ഷം രൂപ നൽകിയിരുന്നു. അത് ഉപയോഗിച്ച് നിർമിച്ച വീട്ടിൽ നിന്നാണ് തങ്ങളെ പുറത്താക്കിയത്. സബ് കളക്ടറെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തും. വീട്ടിൽ താമസിക്കാൻ അനുവാദം ഇല്ലെങ്കിൽ പണം തിരികെ നൽകണമെന്നും വൃദ്ധ ദമ്പതികൾ വ്യക്തമാക്കിയിരുന്നു. പണം കിട്ടി കഴിഞ്ഞപ്പോൾ മാതാപിതാക്കളെ വേണ്ടാതായി. തങ്ങളുടെ ജീവിതം ഒരു പാഠമാകണം. മക്കൾക്ക് സ്വത്ത് നൽകി ആരും വഞ്ചിതരാകരുതെന്നും അവർ കൂട്ടിചേർത്തു.
content highlight- Police case against daughter CG and her husband in the incident of eviction of elderly parents from their house in Varkala Ayirur.