കണ്ണൂർ: സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പി ജയരാജന് വിമർശനം. മനു തോമസിനെതിരെ പി ജയരാജൻ നടത്തിയ പ്രതികരണമാണ് വിമർശനത്തിനിടയാക്കിയത്. ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിഞ്ഞ മനു തോമസിനെതിരെ നടത്തിയ പ്രതികരണം തെറ്റായിരുന്നു. മുതിർന്ന ഒരു നേതാവിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ട രീതിയിലായിരുന്നില്ല പ്രതികരണമെന്നും വിമർശനമുണ്ടായി.
സിപിഐഎം നേതാക്കൾക്ക് സ്വർണക്കടത്ത്-ക്വട്ടേഷൻ ബന്ധം ആരോപിച്ച് മനു തോമസ് നടത്തിയ വിമർശനത്തിന് പി ജയരാജൻ മറുപടി നൽകിയിരുന്നു. ഈ മറുപടിയാണ് സമ്മേളനത്തിൽ വിമർശനത്തിനിടയാക്കിയത്. ഒരു 'വിപ്ലവകാരി'യുടെ പതനം വലതുപക്ഷ മാധ്യമങ്ങൾ എത്ര ആഘോഷമായാണ് കൊണ്ടാടുന്നത് എന്നത് ആലോചിച്ചു നോക്കുക എന്ന പ്രതികരണത്തോടെ മനു തോമസിനെതിരെ പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. 'പാർട്ടി ജില്ലാ കമ്മിറ്റിയിൽ മുഴുവൻ സമയ പ്രവർത്തകൻ എന്ന നിലയിൽ ഉൾപ്പെടുത്തപ്പെട്ടപ്പോൾ ഒരു കാര്യം അദ്ദേഹത്തോട് പാർട്ടി ആവശ്യപ്പെട്ടിരുന്നു. തളിപ്പറമ്പിലും , തലശ്ശേരിയിലും നടത്തുന്ന വ്യാപാര സംരംഭങ്ങളിൽ നിന്ന് ഒഴിവാകണം.
കമ്മ്യൂണിസ്റ്റ് പാർട്ടി നാനാ വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന പാർട്ടിയാണ്. പാർട്ടി അംഗത്വത്തിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുണ്ട്. എന്നാൽ മുഴുവൻ സമയ പാർട്ടി പ്രവർത്തകർ മറ്റ് ജോലികൾ ചെയ്യുന്നത് ഒഴിവാക്കണമെന്ന് എല്ലാവരോടും നിഷ്കർഷിക്കാറുണ്ട്. ഇക്കാര്യത്തിൽ തിരുത്തൽ വരുത്തേണ്ടത് അദ്ദേഹം തന്നെയായിരുന്നു' എന്നും പി ജയരാജൻ അന്ന് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ജയരാജൻ്റെ ഈ നടപടിയ്‌ക്കെതിരെ ആയിരുന്നു സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നത്.
ഇതിന് പിന്നാലെ പി ജയരാജനും മകനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മനു പി തോമസ് രംഗത്ത് വന്നിരുന്നു. ഉന്നത പദവിയിൽ ഇരുന്ന് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ നേതാവാണ് പി ജയരാജൻ എന്നായിരുന്നു മനുവിൻ്റെ വിമർശനം. 'പാർട്ടിയിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ ജയരാജൻ ശ്രമിച്ചു. നാട്ടിലും വിദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കച്ചവടങ്ങൾ കെട്ടിപ്പൊക്കി. ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിയെ മാറ്റി തുടങ്ങിയ ആരോപണങ്ങളും മനു ഉന്നയിച്ചിരുന്നു'. മനുവിൻ്റെ ആരോപണങ്ങൾ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ ഏറ്റെടുത്തത് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു.
മനുവിൻ്റെ ആരോപണങ്ങൾക്കെതിര നിയമനടപടി സ്വീകിരക്കുമെന്ന് ഇതിന് പിന്നാലെ പി ജയരാജൻ വ്യക്തമാക്കിയിരുന്നു. മനു തോമസിന്റെ ആരോപണത്തിൽ ജെയിൻ പി രാജ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജെയിന് രാജ് മനു തോമസിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു.
കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റ് പി പി ദിവ്യയ്ക്കെതിരെയും തളിപറമ്പിൽ പുരോഗമിക്കുന്ന കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനമുണ്ടായി. എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ ദിവ്യ തെറ്റായ പ്രസംഗമാണ് നടത്തിയത് എന്ന് പാർട്ടി വിമർശിച്ചു. ഇതിനെ ന്യായീകരിക്കാൻ കഴിയില്ല. ഈ പശ്ചാത്തലത്തിലാണ് ദിവ്യയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതെന്നും എം വി ജയരാജൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. ജില്ലാ കമ്മിറ്റി അംഗങ്ങളെ കുറിച്ച് പരാമർശിക്കുന്ന ഭാഗത്താണ് ദിവ്യക്കെതിരായ വിമർശനം.
Content Highlights: CPIM Criticizing P Jayarajan Over Manu Thomas Issue