കൊച്ചി: മിഹിർ അഹമ്മദിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണ കുറ്റം കൂടി ചുമത്തി പൊലീസ്. നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും ഉൾപ്പെടുത്തിയില്ല. അസ്വാഭാവിക മരണത്തിന് മാത്രമായിരുന്നു ആദ്യം കേസ് എടുത്തിരുന്നത്. അതേസമയം, മിഹിറിൻ്റെ മരണത്തിൽ മാതാപിതാക്കളുടെയും സ്കൂൾ മാനേജ്‌മെന്റിലെ രണ്ടുപേരുടെയും മൊഴിയെടുത്തിരുന്നു. വിശദമായ അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുത്തതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പറഞ്ഞു. മിഹിർ മറ്റ് അധിക്ഷേപങ്ങൾക്ക് ഇരയായിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എൻഒസി സ്കൂളിന് ഉണ്ടോ എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടില്ലെന്നും കൃത്യമായ എൻഒസി രേഖ സ്കൂൾ നൽകിയിട്ടില്ലെന്നും ഷാനവാസ് കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടത്തും. രേഖകൾ ഇല്ലെങ്കിൽ അതും ഉൾപ്പെടുത്തി റിപ്പോർട്ട് നൽകും. പോക്സോ ചുമത്താനുള്ള സാധ്യത പരിശോധിക്കും. ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത അന്വേഷണം ഉറപ്പ് വരുത്തുമെന്നും മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കിയിരുന്നു.
മിഹിർ അഹമ്മദ് ജീവനൊടുക്കിയ സംഭവത്തിൽ കൊച്ചിയിലെ ജെംസ് മോഡേൺ അക്കാദമി വൈസ് പ്രിൻസിപ്പലിനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. ബിനു അസീസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. മിഹിർ നേരത്തെ പഠിച്ച സ്കൂളിലെ വൈസ് പ്രിൻസിപ്പൽ ആയിരുന്നു ബിനു അസീസ്.
കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും ഇരുമ്പനം സ്വദേശിയുമായ മിഹിർ അഹമ്മദ് താമസ സ്ഥലത്തെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ 26-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്. മിഹിർ അതിക്രൂരമായ റാഗിങ്ങിന് ഇരയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രിക്കും പൊലീസിലും പരാതി നൽകിയതോടെയാണ് സംഭവം സമൂഹ ശ്രദ്ധനേടിയത്. മിഹിറിന്റെ മരണത്തിന് പിന്നിലെ കാരണം ആദ്യം മനസിലായിരുന്നില്ലെന്നും ഇതേപ്പറ്റി വിശദമായി പരിശോധിച്ചപ്പോഴാണ് കാരണം വ്യക്തമായതെന്നും അമ്മ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
സ്‌കൂൾ ബസിൽവെച്ച് അതിക്രൂരമായ പീഡനം മിഹിറിന് നേരിടേണ്ടിവന്നതായി അമ്മ പരാതിയിൽ പറഞ്ഞിരുന്നു. ക്ലോസെറ്റിൽ തല പൂഴ്ത്തിവെച്ചും ഫ്‌ളഷ് ചെയ്തും അതിക്രൂരമായി പീഡിപ്പിച്ചിരുന്നു. ഇതിന് പുറമേ ടോയ്‌ലറ്റിൽ നക്കിച്ചു. പീഡനം അസഹനീയമായപ്പോഴാണ് മിഹിർ ജീവനൊടുക്കാൻ തീരുമാനിച്ചതെന്നും ഇനി ഇത്തരത്തിലൊരനുഭവം ഒരു കുട്ടിക്കും ഉണ്ടാകരുതെന്നും അമ്മ പറഞ്ഞിരുന്നു. ക്രൂര പീഡനത്തിന് പുറമേ മിഹിറിന്റെ മരണം വിദ്യാർത്ഥി സംഘം ആഘോഷമാക്കിയതായും കുടുംബം ആരോപിച്ചിരുന്നു.
മിഹിറിന്റെ മരണത്തിന് പിന്നാലെ 'ജസ്റ്റിസ് ഫോർ മിഹിർ' എന്ന പേരിൽ ഇൻസ്റ്റഗ്രാം പേജ് പ്രത്യക്ഷപ്പെട്ടതും ഇത് പിന്നീട് അപ്രത്യക്ഷമായതും കുടുംബം പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അമ്മയുടെ പരാതി സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചതോടെ മിഹിറിന് നീതി തേടി നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. മിഹിറിന്റെ മരണം ഞെട്ടിക്കുന്നതെന്ന് പറഞ്ഞായിരുന്നു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് നിർദേശിച്ചത്.
content highlight- Death of Mihir Ahmed; The police also charged the crime of abetment of suicide