ബെംഗുളൂരു: ലൈസൻസില്ലാത്തതും രജിസ്റ്റർ ചെയ്യാത്തതുമായ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് എടുത്ത ലോണുകൾ തിരിച്ചടയ്ക്കേണ്ടെന്ന് കർണാടക സർക്കാര്‍. ഇത് സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളിൽ കർണാടക മൈക്രോ ഫിനാൻസ് ഓർഡിനൻസ് കരട് പുറപ്പെടുവിക്കും. രജിസ്റ്റ്ർ ചെയ്യാത്ത മൈക്രോ ഫിനാൻസിൽ നിന്ന് പണം വാങ്ങി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി വരുന്നത് തടയാനാണ് കർണാടക സർക്കാരിൻ്റെ പുതിയ നീക്കം. ഇത്തരത്തിൽ ലോണെടുത്തിരുന്ന കടക്കെണിയിലായവരിൽ കൂടുതലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും ചെറുകിട കർഷകരുമായിരുന്നു, ഇവർക്കാണ് പുതിയ നിയമം ഏറെ ആശ്വാസമാകുന്നത്.
രജിസ്റ്റർ ചെയ്യാത്തതും ലൈസൻസ് ഇല്ലാത്തതുമായ മൈക്രോ ഫിനാൻസുകളിൽ നിന്ന് എടുത്ത വായ്പയുടെ തിരിച്ചടവുമായി ബന്ധപ്പെട്ട് കേസുകളൊന്നും ഒരു സിവിൽ കോടതിയും ഏറ്റെടുക്കില്ലായെന്നാണ് പുതിയ തീരുമാനം. ഇവിടങ്ങളിൽ നിന്ന് കടമെടുത്തവരുടെ പലിശ അടക്കമുള്ള എല്ലാ വായ്പകളും പൂർണമായി തള്ളിയതായും കണക്കാക്കും. അതേ സമയം, ഇത് രജിസ്റ്റർ ചെയ്തിട്ടുള്ള മൈക്രോ ഫിനാൻസുകളെയും ബാധിക്കുമെന്നാണ് വിദ്ഗദർ പറയുന്നത്.
രജിസ്റ്റർ ചെയ്തതും ചെയ്യാത്തതുമായ സ്ഥാപനങ്ങളുടെ ലോൺ റിക്കവറിയെ പുതിയ നിയമം ബാധിക്കുെമന്നും ആശങ്കയുണ്ട്. എന്നാൽ പുതിയ ഡ്രാഫ്റ്റ് പ്രകാരം നിയമം പ്രാബല്യത്തിൽ വന്നാൽ 30 ദിവസത്തിനുള്ളിൽ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണമെന്നാണ്. ഇതോടൊപ്പം സ്ഥാപനങ്ങളുടെ വിവിധ പ്രവർത്തനങ്ങളെ പറ്റിയും ബോധ്യപ്പെടുത്തേണ്ടി വരും. രജിസ്റ്റർ പുതുക്കേണ്ടവർ 60 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്നും അറിയിപ്പുണ്ട്.
Content highlight- Karnataka not to repay loans taken from unlicensed and unregistered microfinances