സെലീനാമ്മയുടെ പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായി; മൃതദേഹം വീണ്ടും സംസ്കരിച്ചു

ഇൻക്വസ്റ്റിൽ പ്രത്യക്ഷത്തിൽ ഒന്നും കണ്ടെത്താൻ ആയില്ലെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പി എസ് ഷാജി

dot image

തിരുവനന്തപുരം: ധനുവച്ചപുരത്തെ മരണപ്പെട്ട സെലീനാമ്മയുടെ പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീണ്ടും സംസ്കരിച്ചു. പൊളിച്ച കല്ലറയിൽ തന്നെയാണ് മൃതദേഹം സംസ്കരിച്ചത്.

അതേസമയം ഇൻക്വസ്റ്റിൽ പ്രത്യക്ഷത്തിൽ ഒന്നും കണ്ടെത്താൻ ആയില്ലെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പി എസ് ഷാജി മാധ്യമങ്ങളോട് പറഞ്ഞു. സെലീനാമ്മയുടെ കഴുത്തിലെ മാല മുക്കുപണ്ടം ആയതിലാണ് സംശയം തോന്നിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കൂ. മകന്റെ പരാതിയിലാണ് അന്വേഷണം നടത്തുന്നതെന്നും ഡിവൈഎസ്പി എസ് ഷാജി പറഞ്ഞു.

ദുരൂഹതയെ തുടർന്ന് ഇന്ന് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. പള്ളിയുടെ സമീപത്ത് പോസ്റ്റ്‌മോർട്ടം നടത്താനായി താൽക്കാലിക സംവിധാനം ഒരുക്കിയിരുന്നു. 11 മണിയോടെയാണ് കല്ലറ പൊളിച്ചത്. കല്ലറ പൊളിക്കുന്നവരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നേരത്തെത്തന്നെ പള്ളിയിൽ എത്തിയിരുന്നു.

സെലീനാമ്മയുടെ മരണം കൊലപാതകമാണെന്ന് അയൽവാസിയായ ബാഹുലേയൻ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. അവരുടെ കഴുത്തിൽ മൂന്നര പവന്റെ സ്വർണമാലയുണ്ടായിരുന്നു. ഇത് അറിയുന്ന ആരെങ്കിലും ആയിരിക്കാം കൊലപാതകം നടത്തിയത്. മരണത്തിന് ശേഷം ആഭരണങ്ങൾ നഷ്ടമായി. മൃതദേഹം കുളിപ്പിക്കുമ്പോൾ സെലീനാമ്മയുടെ ശരീരത്തിൽ കരുവാളിപ്പും ചതവുകളും കണ്ടതായി കുളിപ്പിച്ച സ്ത്രീകൾ പറഞ്ഞിരുന്നു. സെലീനാമ്മ വീട്ടിൽ തനിച്ചായിരുന്നു. അവരുടെ വീട്ടിൽ വന്ന് പോകുന്നവരെയാണ് സംശയമെന്നും അയൽവാസി പറഞ്ഞു.

മണിവിള പള്ളിയിലാണ് സെലീനാമ്മയുടെ സംസ്കാരം നടന്നത്. ജനുവരി 17നാണ് സെലീനാമ്മയെ ധനുവച്ചപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണാനന്തര ചടങ്ങിന്റെ ഭാഗമായി മൃതദേഹം കുളിപ്പിച്ചപ്പോള്‍ സെലീനാമ്മയുടെ ​ദേഹത്ത് മുറിവും ചതവും കണ്ടെത്തിയിരുന്നു. ഒപ്പം സെലീനാമ്മയുടെ ആഭരണങ്ങളും കാണാനില്ലായിരുന്നു. എന്നാൽ സംസ്കാരത്തിന് ശേഷമാണ് സെലീനാമ്മയുടെ മകൻ ഈ വിവരങ്ങൾ അറിയുന്നത്. ഇതേ തുടര്‍ന്ന് മകൻ രാജു പാറശ്ശാല പൊലീസിൽ പരാതി നൽകുകയായിരുന്നു.

Content Highlights: Dhanuvachapuram Saleenamma Death postmortem completed

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us