മിഹിറിൻ്റെ മരണത്തെക്കുറിച്ച് മിണ്ടിയാല്‍ കുട്ടികളെ ഡീബാർ ചെയ്യുമെന്ന് ബ്ലാക്ക്മെയിൽ ചെയ്യുന്നതായി അമ്മ

ഭയക്കാതെ മിഹിറുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നോട് തുറന്ന് പറയണമെന്നും നിങ്ങളാണ് ഭാവിയുടെ പ്രതീക്ഷയെന്നും രജ്‌ന കുറിച്ചു.

dot image

കൊച്ചി: തൃപ്പുണിത്തുറ മിഹിർ അഹമ്മദിന്റെ മരണത്തെ പറ്റി പുറത്ത് പറയാതെ ഇരിക്കാൻ സഹപാഠികളെ പലരും ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്ന് മിഹിറിൻ്റെ അമ്മ. മിഹിറിന്റെ മരണത്തെക്കുറിച്ച് മിണ്ടരുതെന്നും മിണ്ടിയാൽ സ്കൂളിൻ്റെ നിയമമനുസരിച്ച് ഡീബാർ ചെയ്യുമെന്ന് കുട്ടികളെ ബ്ലാക്ക്മെയിൽ ചെയ്യുന്നുവെന്നും പറഞ്ഞുള്ള പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടുവെന്ന് അമ്മ രജ്‌ന സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഭയക്കാതെ മിഹിറുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നോട് തുറന്ന് പറയണമെന്നും നിങ്ങളാണ് ഭാവിയുടെ പ്രതീക്ഷയെന്നും രജ്‌ന കുറിച്ചു.

അനീതിക്കെതിരെ പോരാടാൻ നിങ്ങളുടെ ശബ്ദം ഉപയോഗിക്കുക. ആ ശബ്ദം നിശബ്ദമാക്കാൻ ആരെയും അനുവദിക്കരുത്. സംസാരിക്കുക, ആരെയും ഭയപ്പെടരുതെന്നും രജ്ന പറഞ്ഞു. സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ മെയിൽ ഐഡി ഉൾപ്പെടെ വിദ്യാർത്ഥികൾക്കായി രജ്ന പങ്കുവെക്കുകയും ചെയ്തു.

കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും ഇരുമ്പനം സ്വദേശിയുമായ മിഹിർ അഹമ്മദ് താമസ സ്ഥലത്തെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ 26-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്. മിഹിർ അതിക്രൂരമായ റാഗിങ്ങിന് ഇരയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രിക്കും പൊലീസിലും പരാതി നൽകിയതോടെയാണ് സംഭവം സമൂഹ ശ്രദ്ധനേടിയത്. മിഹിറിന്റെ മരണത്തിന് പിന്നിലെ കാരണം ആദ്യം മനസിലായിരുന്നില്ലെന്നും ഇതേപ്പറ്റി വിശദമായി പരിശോധിച്ചപ്പോഴാണ് കാരണം വ്യക്തമായതെന്നും അമ്മ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

സ്‌കൂൾ ബസിൽവെച്ച് അതിക്രൂരമായ പീഡനം മിഹിറിന് നേരിടേണ്ടിവന്നതായി അമ്മ പരാതിയിൽ പറഞ്ഞിരുന്നു. ക്ലോസെറ്റിൽ തല പൂഴ്ത്തിവെച്ചും ഫ്‌ളഷ് ചെയ്തും അതിക്രൂരമായി പീഡിപ്പിച്ചിരുന്നു. ഇതിന് പുറമേ ടോയ്‌ലറ്റിൽ നക്കിച്ചു. പീഡനം അസഹനീയമായപ്പോഴാണ് മിഹിർ ജീവനൊടുക്കാൻ തീരുമാനിച്ചതെന്നും ഇനി ഇത്തരത്തിലൊരനുഭവം ഒരു കുട്ടിക്കും ഉണ്ടാകരുതെന്നും അമ്മ പറഞ്ഞിരുന്നു. ക്രൂര പീഡനത്തിന് പുറമേ മിഹിറിന്റെ മരണം വിദ്യാർത്ഥി സംഘം ആഘോഷമാക്കിയതായും കുടുംബം ആരോപിച്ചിരുന്നു.

മിഹിറിന്റെ മരണത്തിന് പിന്നാലെ 'ജസ്റ്റിസ് ഫോർ മിഹിർ' എന്ന പേരിൽ ഇൻസ്റ്റഗ്രാം പേജ് പ്രത്യക്ഷപ്പെട്ടതും ഇത് പിന്നീട് അപ്രത്യക്ഷമായതും കുടുംബം പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അമ്മയുടെ പരാതി സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചതോടെ മിഹിറിന് നീതി തേടി നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. മിഹിറിന്റെ മരണം ഞെട്ടിക്കുന്നതെന്ന് പറഞ്ഞായിരുന്നു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് നിർദേശിച്ചത്.

content highlight- 'Don't keep quiet about Mihir's death'; The mother is blackmailing the children that they will be debarred

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us