ന്യൂഡൽഹി: ഇടതുമുന്നണി വിടണമെന്നും നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് നിന്ന് മത്സരിക്കണമെന്നും ആർജെഡി നേതൃയോഗത്തിൽ ആവശ്യം. ഇടതുമുന്നണിയിൽ അവഗണന നേരിടുന്നുവെന്ന ശക്തമായ വികാരമാണ് നേതൃയോഗത്തിൽ ഉയർന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് നിന്ന് ശക്തി തെളിയിക്കണമെന്ന വികാരത്തിലാണ് ആർജെഡിയിലെ ഭൂരിപക്ഷം നേതാക്കളും.
ചരിത്രത്തിൽ ഒരു മുന്നണിയും പാർട്ടിയെ ഈ നിലയിൽ അവഗണിച്ചിട്ടില്ലെന്ന പൊതുവികാരമാണ് നേതൃയോഗത്തിൽ ഉയർന്ന് വന്നത്. എല്ലാം സഹിച്ച് ഇങ്ങനെ മുന്നോട്ടുപോകുന്നതിൽ എന്ത് കാര്യമെന്നും നേതൃയോഗത്തിൽ അഭിപ്രായങ്ങൾ ഉയർന്നു. ഒരു ജില്ലയിൽ പോലും എൽഡിഎഫ് കൺവീനർ സ്ഥാനം പാർട്ടിക്കില്ലെന്ന കാര്യവും യോഗത്തിൽ ചില നേതാക്കൾ ചൂണ്ടിക്കാണിച്ചു.
പരാതി പറഞ്ഞിട്ടും സിപിഐഎം കാര്യമായി എടുക്കുന്നില്ലെന്നായിരുന്നു യോഗത്തിൽ ഉയർന്ന വിമർശനങ്ങളോട് മുതിർന്ന നേതാക്കൾ മറുപടി പറഞ്ഞത്. ഇടതുമുന്നണിയിലെ നാലാമത്തെ കക്ഷിയായിട്ടും സംസാരിക്കാൻ വിളിക്കുന്നത് ഒമ്പതാമതാണെന്നും നേതൃത്വം യോഗത്തിൽ വ്യക്തമാക്കി. ഇനി പരാതി പറഞ്ഞ് അപമാനിതരാവരുതെന്ന പൊതുവികാരത്തിലാണ് യോഗം എത്തിയത്.
Content Highlights: RJD discussed the issues with the Left Front