പ്രസാദഗിരി പള്ളിയിൽ കുർബാനക്കിടെ വൈദികനെ ആക്രമിച്ച സംഭവം; നടപടിയാരംഭിച്ചെന്ന് സിറോ മലബാർ സഭ

ഏകീകൃത കുർബാനയെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കോട്ടയം തലയോലപ്പറമ്പ് പ്രസാദഗിരി പള്ളിയിൽ വിശ്വാസികൾ പരസ്പരം ഏറ്റുമുട്ടിയത്

dot image

കാക്കനാട്: കോട്ടയം തലയോലപ്പറമ്പ് പ്രസാദഗിരി പള്ളിയിൽ കുർബാനയ്ക്കിടെ സംഘർഷമുണ്ടാക്കിയ അക്രമകാരികൾക്കെതിരെ നടപടിയെടുക്കുമെന്ന് സിറോ മലബാർ സഭ. ഏകീകൃതരീതിയിൽ വിശുദ്ധ കുർബാനയർപ്പിക്കണമെന്ന തീരുമാനത്തിന്റെ പേരിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങൾ അതീവ വേദനാജനകവും അപലപനീയവുമാണെന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞു.

പ്രസാദഗിരി പള്ളിയിൽ വയോധികനായ ഫാ. ജോൺ തോട്ടുപുറത്തെ വിശുദ്ധ കുർബാനയർപ്പണത്തിനിടെ അൾത്താരയിൽനിന്ന് ബലപ്രയോഗത്തിലൂടെ ഇറക്കി വിടുകയും അക്രമാസക്തരായ ഏതാനുംപേർ ചേർന്നു തള്ളിമറിച്ചിടുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള ദൈവ വിശ്വാസികൾക്ക് വേദനയുണ്ടാക്കുന്നു. സാമാന്യ ബോധമുള്ളവർക്ക് ചിന്തിക്കാൻ പോലും പറ്റാത്ത ക്രൂരതയാണ് അരങ്ങേറിയത്.

പരിശുദ്ധ കുർബാന ചൊല്ലിക്കൊണ്ടിരുന്ന കാർമികനെ ബലപ്രയോഗത്തിലൂടെ തള്ളിവീഴ്ത്തുകയും, അതിവിശുദ്ധസ്ഥലമായ മദ്‌ബഹായുടെ പരിശുദ്ധി കളങ്കപ്പെടുത്തുകയും ചെയ്തതുവഴി എന്തു നേട്ടമാണ് അക്രമകാരികൾ സ്വന്തമാക്കിയതെന്നും സിറോ മലബാർ സഭ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ചോദിക്കുന്നു.

സഭയെ അനുസരിക്കാൻ തയ്യാറാകുന്നവരെ അക്രമങ്ങളിലൂടെ ഒറ്റപ്പെടുത്താനും നിർവീര്യമാക്കാനും ശ്രമിക്കുമ്പോൾ ഒരു കാര്യം പകൽപോലെ വ്യക്തമാണ്, ഹീനമായ ഒറ്റപ്പെടുത്തലിലൂടെയും ഭയാനകമായ ഭീഷണികളിലൂടെയും ക്രൂരമായ ശാരീരിക ഉപദ്രവങ്ങളിലൂടെയുമാണ് അനേകം വൈദികരെ ഇവർ സ്വാധീനിക്കുന്നത്. അക്രമങ്ങളും ഭീഷണികളും ഒറ്റപ്പെടുത്തലുകളും നിലച്ചാൽ കുറേയേറെ വൈദികർ സഭയെ അനുസരിക്കാൻ തയ്യാറാകുമെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയ സംഭവം കൂടിയാണ് പ്രസാദഗിരി ഇടവകപ്പള്ളിയിൽ നടന്നത്.

സഭാവിരുദ്ധ പ്രവർത്തനങ്ങൾക്കായി പള്ളിയുടെ സമ്പത്ത് ദുരുപയോഗിക്കുകയും ക്രമസമാധാനപാലകരായ പൊലീസിനെ ഭീഷണികളിലൂടെ നിർവീര്യമാക്കുകയും ചെയ്ത് അതിരൂപതയിൽ അരാജകത്വം വിതയ്ക്കുന്ന വൈദികരും അൽമായരും മിശിഹായുടെ ശരീരമാകുന്ന സഭയെയാണ് മുറിപ്പെടുത്തുന്നതെന്നോർക്കണമെന്നും വാർത്താക്കുറിപ്പിലുണ്ട്.

സമാധാനപൂർവ്വം വിശുദ്ധ കുർബാനയിൽ പങ്കെടുത്തുകൊണ്ടിരുന്ന വിശ്വാസികളുടെ പേരിൽ, അക്രമകാരികളായ സഭാവിരുദ്ധരുടെ നുണക്കഥകൾ പ്രകാരം, ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസിന്റെ നടപടിയിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. അക്രമ പ്രവർത്തനങ്ങൾ നടത്തിയ കലാപകാരികളുടെമേൽ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് സഭാപരമായ ശിക്ഷണനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും സഭ വ്യക്തമാക്കി.

ഏകീകൃത കുർബാനയെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കോട്ടയം തലയോലപ്പറമ്പ് പ്രസാദഗിരി പള്ളിയിൽ വിശ്വാസികൾ പരസ്പരം ഏറ്റുമുട്ടിയത്. പള്ളിയിലെ വൈദികൻ ജോൺ തോട്ടുപുറത്തെ ഒരു വിഭാഗം കയ്യേറ്റം ചെയ്യുകയായിരുന്നു.

Content Highlights: syro malabar sabha about the prasadagiri church issue

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us