ഈഴവ പ്രാതിനിധ്യം: കോൺഗ്രസിനും ബിജെപിയ്ക്കും എതിരെ വെള്ളാപ്പള്ളി നടേശൻ; എൻഎസ്എസിനും ഒളിയമ്പ്

'സ്വന്തക്കാരെ താക്കോൽ സ്ഥാനങ്ങളിൽ തിരുകി കയറ്റാനും മറ്റുള്ളവരെ വലിച്ച് താഴെയിടാനും അവർ സംഘടിതമായി ശ്രമിക്കും'

dot image

ആലപ്പുഴ: നേതൃപദവിയിലേയ്ക്ക് ഈഴവരെ പരി​ഗണിക്കാത്തതിൽ കോൺ​ഗ്രസിനെയും ബിജെപിയെയും വിമർശിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി മുഖപത്രമായ യോ​ഗനാദത്തിൽ 'ഈഴവർ കറിവേപ്പിലയോ' എന്ന പേരിൽ എഴുതിയ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ വിമ‍‍ർശനം. എൻഎസ്എസിനെതിരെ എഡിറ്റോറിയലിൽ വെള്ളാപ്പള്ളി ഒളിയമ്പും തൊടുത്തിട്ടുണ്ട്.

കോൺ​ഗ്രസിൽ ഈഴവരെ വെട്ടിനിരത്തുകയാണെന്ന രൂക്ഷവിമർശനമാണ് എഡിറ്റോറിയലിൽ വെള്ളാപ്പള്ളി ഉന്നയിച്ചിരിക്കുന്നത്. വന്ന് വന്ന് കോൺ​ഗ്രസിൽ കെ ബാബു എന്ന ഈഴവ എംഎൽഎ മാത്രമേയുള്ളു. കെപിസിസി പ്രസി‍ഡൻ്റ് പോലും തഴയപ്പെടുന്നുവെന്നും എഡിറ്റോറിയലിൽ വെള്ളാപ്പള്ളി കുറ്റപ്പെടുത്തുന്നുണ്ട്. കോൺ​ഗ്രസ് നേതൃത്വം സമ്മതിച്ചില്ലെങ്കിലും അതൊരു യാഥാർത്ഥ്യമാണെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഒരുപക്ഷെ നിലവിലുള്ള ഈ ഈഴവ എംഎൽഎ പോലും പദവിയിൽ ഇല്ലാതായേക്കുമെന്നും എഡിറ്റോറിയലിൽ ചൂണ്ടിക്കാണിക്കുന്നു. ബിജെപിയുടെ കാര്യം ഇതിലും കഷ്ടമാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തുന്നുണ്ട്.

എൻഎസ്എസിനെതിരെയും എഡിറ്റോറിയലിൽ പരോക്ഷമായ വിമർശനമുണ്ട്. സ്വന്തം സമുദായത്തിന് വേണ്ടി സ്വന്തം സംഘടനകളിൽ സംസാരിക്കാനും പോരാടാനും മടിക്കുന്ന നേതാക്കളാണ് ഈഴവർക്കുള്ളത്. കസേരയ്ക്ക് ഭീഷണി വരുമ്പോൾ മാത്രമാണ് ഇവർക്ക് സമുദായ ചിന്ത ഉണരുക. മറ്റ് സമുദായങ്ങളുടെ അവസ്ഥ ഇതല്ല. സ്വന്തക്കാരെ താക്കോൽ സ്ഥാനങ്ങളിൽ തിരുകി കയറ്റാനും മറ്റുള്ളവരെ വലിച്ച് താഴെയിടാനും അവർ സംഘടിതമായി ശ്രമിക്കും. അതിൻ്റെ അനന്തരഫലമാണ് അധികാരക്കസേരകളിൽ നിന്നുള്ള ഈഴവരുടെ പടിയിറക്കം എന്നാണ് എൻഎസ്എസിനെതിരെയുള്ള വെള്ളാപ്പള്ളി നടേശൻ്റെ ഒളിയമ്പ്.

പഞ്ചായത്ത് മുതൽ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ വരെ സ്ഥാനാ‍ർത്ഥികളെ നിർണ്ണയിക്കുമ്പോൾ അം​ഗബലം കൊണ്ട് മുന്നിൽ നിൽക്കുന്ന ഈഴവരെ പാർട്ടികൾ കാണില്ല. ദാനം ചോദിച്ചാണ് മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയതെങ്കിൽ ഈഴവരെ പച്ചയ്ക്ക് വഞ്ചിച്ചും അപമാനിച്ചുമാണ് രാഷ്ട്രീയക്കാർ പാതാളത്തിലേയ്ക്ക് വിടുന്നത്. സീറ്റ് കൊടുത്തില്ലെങ്കിലും പദവികൾ നൽകിയില്ലെങ്കിലും ഒന്നും സംഭവിക്കാനില്ലെന്ന് നേതൃത്വങ്ങൾക്കറിയാം. എത്ര ചവിട്ടുകൊണ്ടാലും ഈഴവർ തൊഴുതുതന്നെ നിൽക്കുമെന്ന അവരുടെ ചിന്താ​ഗതിയ്ക്ക് മറുപടി കൊടുക്കേണ്ട കാലം എന്നേ കഴിഞ്ഞൂവെന്നും വെള്ളപ്പള്ളി എഡിറ്റോറിയലിൽ ചൂണ്ടിക്കാണിച്ചു.

സംഘടിത മതങ്ങളും അവർ ഉയർത്തിക്കൊണ്ട് വരുന്ന പാർട്ടികളുമാണ് ഇപ്പോൾ കേരള രാഷ്ട്രീയത്തിൻ്റെ ​ഗതി നിർണ്ണയിക്കുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനെ എഡിറ്റോറിയലിൽ വെള്ളാപ്പള്ളി പ്രശംസിക്കുന്നുണ്ട്. എൻഡ‍ിഎയുടെ വളർച്ചയും യുഡിഎഫിൻ്റെ തകർച്ചയും കാണുമ്പോൾ അടുത്ത തിരഞ്ഞെടുപ്പിലും പിണറായി വിജയൻ തന്നെ അധികാരത്തിലെത്തുമെന്നാണ് വെള്ളപ്പള്ളി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇടതുസർക്കാർ മൂന്നാമതും അധികാരത്തിലെത്തിയാൽ നേതൃസ്ഥാനത്തേയ്ക്ക് പിണറായി വിജയൻ അല്ലാതെ മറ്റൊരു മുഖം സിപിഐഎമ്മിലില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണൻ്റെ വിയോ​ഗം സൃഷ്ടിച്ച വിടവ് നികത്താൻ സിപിഐഎമ്മിന് സാധിച്ചിട്ടില്ലെന്നും എഡിറ്റോറിയലിൽ പരാമർശമുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും എഡിറ്റോറിയലിൽ വിമർശനമുണ്ട്. പാവപ്പെട്ടവർക്ക് വേണ്ടി ഒട്ടനവധി കാര്യങ്ങൾ സർക്കാർ ചെയ്യുന്നുണ്ടെങ്കിലും ആ മേന്മകളെ നിഷ്പ്രഭമാക്കുന്ന പ്രവർത്തികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർ ചെയ്യുന്നതെന്നാണ് വെള്ളാപ്പള്ളി നടേശൻ്റെ വിമർശനം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ പ്രവർത്തി കൊണ്ട് സർക്കാരിനും മുഖ്യമന്ത്രിക്കും പാർട്ടിക്കും കളങ്കമുണ്ടാകുന്നുണ്ടെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നുണ്ട്. പാർട്ടി നേതാക്കളും അണികളും വരെ ഈ ദുരനുഭവങ്ങളുടെ ഇരകളാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നതിലെ ഉദ്ദേശശുദ്ധി മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും വെള്ളാപ്പള്ളി നടേശൻ എഡിറ്റോറിയലിൽ ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പോരായ്മകൾ വിലയിരുത്തി തിരുത്തണമെന്നാണ് അപേക്ഷയെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Content Highlights: Vellappally Natesan against Congress and BJP

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us