തിരുവനന്തപുരം: കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യന്റേയും സുരേഷ് ഗോപിയുടേയും വിവാദ പരാമർശങ്ങളിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സുരേഷ് ഗോപിയുടെ 'ഉന്നതകുലജാത' പരാമർശം സമൂഹം ഗൗരവത്തോടെ ചർച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വർഷങ്ങൾക്ക് മുൻപ് സുരേഷ് ഗോപി പറഞ്ഞ വാചകത്തിന്റെ തുടച്ചയാണിത്. ഭിക്ഷപാത്രമായി മോദിക്ക് മുന്നിൽ പോയാൽ ചില്ലറ ഇട്ടുതരാമെന്നാണ് ജോർജ് കുര്യൻ പറയുന്നത്. ഈ രണ്ട് പ്രസ്താവനയും കേരളത്തെ അപമാനിക്കുന്നതാണെന്നും കെ മുരളീധരൻ വിമർശിച്ചു.
രണ്ട് മന്ത്രിമാരും കേരളത്തിന് ശാപമായി മാറി കഴിഞ്ഞുവെന്നും കെ മുരളീധരൻ പറഞ്ഞു. രണ്ടുപേരെ കൊണ്ടും സംസ്ഥാനത്തിന് ഒരു ഉപകാരവും ഇല്ല, ഉപദ്രവം ആയി തീർന്നിരിക്കുകയാണെന്നും കെ മുരളീധരൻ വിമർശിച്ചു. കേരളം പിന്നാക്ക സംസ്ഥാനമായിരുന്നെങ്കിൽ കേന്ദ്ര സഹായം ലഭിക്കുമായിരുന്നുവെന്ന് ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ ജോർജ് കുര്യൻ പ്രതികരിച്ചത് വിവാദമായിരുന്നു. ആദിവാസിവകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്നും വകുപ്പ് വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വിവാദപരാമർശം. കേന്ദ്ര മന്ത്രിമാരുടെ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.
തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയെ കുറിച്ചും കെ മുരളീധരൻ പ്രതികരിച്ചു. തൃശൂരിലെ വസ്തുതകൾ പഠിക്കാതെ മത്സരിക്കാൻ ചെന്നതാണ് താൻ ചെയ്ത തെറ്റ്. ആർക്കെതിരെയും പരാതി നൽകില്ല എന്ന് താൻ അന്നേ അറിയിച്ചിരുന്നു. ഈ വിഷയം പഠിക്കാൻ പാർട്ടി കമ്മിറ്റിയെ നിയോഗിച്ചിരുന്നു. റിപ്പോർട്ട് എന്തെന്ന് അന്വേഷിക്കേണ്ട ആവശ്യമില്ല. താൻ പരാതി പറയാത്തതിൽ എന്തിനു റിപ്പോർട്ട് വേണമെന്നും അദ്ദേഹം ചോദിച്ചു.
നഷ്ടപ്പെട്ട ലോകസഭ സീറ്റ് തിരിച്ചു പിടിക്കണം, അതിനു ടി എൻ പ്രതാപൻ തന്നെ തൃശൂരിൽ മത്സരിക്കണം എന്നാണ് അഭിപ്രായമെന്നും കെ മുരളീധരൻ പറഞ്ഞു. ടി എൻ പ്രതാപൻ മത്സരിക്കണമെന്നത് താൻ പാർട്ടി വേദിയിൽ പറയും. അത് ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല. ഭാവിയിൽ സീറ്റ് പിടിക്കാനുളള നിർദേശം മാത്രമാണ് താൻ മുമ്പോട്ട് വെക്കുന്നത്, നടപടി വേണമെന്ന് താൻ ആവശ്യപ്പെടില്ല. നടപടി എന്തെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. തോൽവി ആവർത്തിക്കതിരിക്കാൻ പാർട്ടി ഇടപെടും എന്ന് കരുതുന്നു. പാർട്ടി വേദികൾ സ്തുതി വചനങ്ങൾക് അല്ല വിമർശനങ്ങൾക്ക് കൂടിയുളളതാണെന്നും കെ മുരളീധരൻ പറഞ്ഞു.
തൃശൂരിലെ ഡി സി സി പ്രസിഡന്റ് ആരെന്നുളളത് ഹൈക്കമാൻഡ് തീരുമാനിക്കും. ഒരു എംപി എന്ന നിലയിൽ സുരേഷ് ഗോപിയുടെ പെർഫോമൻസ് മോശമാണെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
Content Highlights: K Muraleedharan Against George Kurian and Suresh Gopi over Their Controvercial Statement