കൊച്ചി: തൃപ്പൂണിത്തുറയിൽ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദ് ജീവനൊടുക്കിയ സംഭവത്തില്‍ സ്കൂളിന്റെ ആരോപണങ്ങൾ തള്ളി കുടുംബം. മിഹിർ മുൻപ് പഠിച്ചിരുന്ന ജെംസ് മോഡേൺ അക്കാദമിയിൽ നിന്ന് കുടുംബം ടിസി ചോദിച്ചു വാങ്ങുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. മരിച്ച വിദ്യാർത്ഥിയോട് കാണിക്കേണ്ട മാന്യത ഗ്ലോബൽ പബ്ലിക് സ്കൂൾ വാർത്താക്കുറിപ്പിൽ കാണിച്ചില്ലെന്നും മിഹിറിന്റെ കുടുംബം പറഞ്ഞു.
മുൻപ് പഠിച്ചിരുന്ന സ്കൂളിൽ പ്രശ്നമുണ്ടാക്കിയതിനാൽ ടിസി നൽകി പറഞ്ഞുവിട്ട വിദ്യാർത്ഥിയാണ് മിഹിർ എന്ന് ഗ്ലോബൽ പബ്ലിക് സ്കൂൾ വാർത്താക്കുറിപ്പിൽ പരാമർശിച്ചിരുന്നു. സ്കൂളിൽ റാഗിംഗ് നടന്നതിന് തെളിവില്ലെന്നും, വിദ്യാർത്ഥികളുടെ ഇൻസ്റ്റഗ്രാം മെസ്സേജിന്റെ മാത്രം അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ കഴിയില്ലെന്നും ഗ്ലോബൽ പബ്ലിക് സ്കൂൾ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മിഹിറിന്റെ കുടുംബം രംഗത്തെത്തിയത്.
അതേസമയം മിഹിറിന്റെ ആത്മഹത്യയിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണം തുടരുകയാണ്.മിഹിറിന്റെ മാതാപിതാക്കളുടെയും സ്കൂൾ അധികൃതരുടെയും മൊഴിയെടുത്തു. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ സ്കൂളുകൾക്ക് സാധിച്ചിട്ടില്ല. രണ്ട് ദിവസത്തിനുള്ളിൽ എൻഒസി ഉൾപ്പെടെ പ്രവർത്തനാനുമതിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയില്ലെങ്കിൽ സ്കൂളുകൾക്കെതിരെ റിപ്പോർട്ട് നൽകുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പറഞ്ഞു. സംഭവത്തിൽ പോക്സോയുടെ സാധ്യതയും പരിശോധിക്കുകയാണ്.
കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും ഇരുമ്പനം സ്വദേശിയുമായ മിഹിർ അഹമ്മദ് താമസ സ്ഥലത്തെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ 26-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്. മിഹിർ അതിക്രൂരമായ റാഗിങ്ങിന് ഇരയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രിക്കും പൊലീസിലും പരാതി നൽകിയതോടെയാണ് സംഭവം സമൂഹ ശ്രദ്ധനേടിയത്. മിഹിറിന്റെ മരണത്തിന് പിന്നിലെ കാരണം ആദ്യം മനസിലായിരുന്നില്ലെന്നും ഇതേപ്പറ്റി വിശദമായി പരിശോധിച്ചപ്പോഴാണ് കാരണം വ്യക്തമായതെന്നും അമ്മ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു
സ്‌കൂൾ ബസിൽവെച്ച് അതിക്രൂരമായ പീഡനം മിഹിറിന് നേരിടേണ്ടിവന്നതായി അമ്മ പരാതിയിൽ പറഞ്ഞിരുന്നു. ക്ലോസെറ്റിൽ തല പൂഴ്ത്തിവെച്ചും ഫ്‌ളഷ് ചെയ്തും അതിക്രൂരമായി പീഡിപ്പിച്ചിരുന്നു. ഇതിന് പുറമേ ടോയ്‌ലറ്റിൽ നക്കിച്ചു. പീഡനം അസഹനീയമായപ്പോഴാണ് മിഹിർ ജീവനൊടുക്കാൻ തീരുമാനിച്ചതെന്നും ഇനി ഇത്തരത്തിലൊരനുഭവം ഒരു കുട്ടിക്കും ഉണ്ടാകരുതെന്നും അമ്മ പറഞ്ഞിരുന്നു. ക്രൂര പീഡനത്തിന് പുറമേ മിഹിറിന്റെ മരണം വിദ്യാർത്ഥി സംഘം ആഘോഷമാക്കിയതായും കുടുംബം ആരോപിച്ചിരുന്നു. മിഹിറിന്റെ മരണത്തിന് പിന്നാലെ 'ജസ്റ്റിസ് ഫോർ മിഹിർ' എന്ന പേരിൽ ഇൻസ്റ്റഗ്രാം പേജ് പ്രത്യക്ഷപ്പെട്ടതും ഇത് പിന്നീട് അപ്രത്യക്ഷമായതും കുടുംബം പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അമ്മയുടെ പരാതി സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചതോടെ മിഹിറിന് നീതി തേടി നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. മിഹിറിന്റെ മരണം ഞെട്ടിക്കുന്നതെന്ന് പറഞ്ഞായിരുന്നു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് നിർദേശിച്ചത്.
content highlights : 'Dead child should be treated with respect'; Mihir's family denies school's allegation of 'constant troublemaker'
മിഹിറിന്റെ മരണത്തിന് പിന്നാലെ 'ജസ്റ്റിസ് ഫോർ മിഹിർ' എന്ന പേരിൽ ഇൻസ്റ്റഗ്രാം പേജ് പ്രത്യക്ഷപ്പെട്ടതും ഇത് പിന്നീട് അപ്രത്യക്ഷമായതും കുടുംബം പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.