കൊച്ചി-ലണ്ടൻ വിമാന സർവീസ് പുനഃരാരംഭിച്ചേക്കും; എയർ ഇന്ത്യയുമായി ചർച്ച നടത്തി സിയാൽ

സിയാല്‍ അധികൃതര്‍ എയര്‍ ഇന്ത്യയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്

dot image

കൊച്ചി:

കൊച്ചിയില്‍ നിന്ന് നേരിട്ട് ലണ്ടനിലേക്കുള്ള വിമാനസര്‍വീസ് നിര്‍ത്തലാക്കാനുള്ള എയര്‍ ഇന്ത്യയുടെ തീരുമാനം പിന്‍വലിച്ചേക്കും. മാര്‍ച്ച് 30 മുതല്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കാനുള്ള എയര്‍ ഇന്ത്യയുടെ അറിയിപ്പിനെത്തുടര്‍ന്ന് സിയാല്‍ അധികൃതര്‍ എയര്‍ ഇന്ത്യയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്. യുകെയിലുള്ള മലയാളികള്‍ക്ക് വലിയ തിരിച്ചടി നല്‍കുന്നതായിരുന്നു എയര്‍ ഇന്ത്യയുടെ തീരുമാനം.

ലണ്ടനിലെ ഗാഡ്‌വിക് വിമാനത്താവളത്തില്‍ നിന്ന് പ്രതിവാരം മൂന്ന് സര്‍വീസ് (ചൊവ്വ, വ്യാഴം, ശനി) നടത്തുന്ന എയര്‍ ഇന്ത്യ മാര്‍ച്ച് 30 മുതല്‍ സര്‍വീസ് നിര്‍ത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. കൊവിഡ് കാലത്ത് വന്ദേഭാരത് മിഷന്റെ ഭാഗമായി ആരംഭിച്ച സര്‍വീസില്‍ യാത്രക്കാരുടെ എണ്ണം കൂടിയതോടെ ആഴ്ചയില്‍ മൂന്നെണ്ണം വരെയാക്കി ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ പെട്ടെന്നൊരു ദിവസം പ്രത്യേകിച്ച് കാരണമില്ലാതെയാണ് സര്‍വീസുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ആക്ഷേപം ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ ലോക കേരള സഭ യുകെ ഘടകം അടക്കം രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ലോകകേരള സഭ യുകെ ഘടകം നോര്‍ക്കയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു. കത്ത് ലഭിച്ചതിന് പിന്നാലെ വിഷയത്തില്‍ ഇടപെടുമെന്ന് കാണിച്ച് നോര്‍ക്ക അധികൃതര്‍ ലോകകേരള സഭ യുകെ ഘടകം അംഗങ്ങക്ക് മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ സിയാല്‍ അധികൃതര്‍ ഇടപെടുന്നത്.

കേരള സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് ഐഎഎസ് ബുധനാഴ്ച ഗുഡ്ഗാവിലെ എയര്‍ ഇന്ത്യ ആസ്ഥാനത്ത് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എയര്‍ ഇന്ത്യ ഗ്രൂപ്പ് മേധാവി പി ബാലാജി, സിയാല്‍ വിമാനത്താവള ഡയറക്ടര്‍ മനു ജി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ലണ്ടന്റെ സര്‍വീസ് ലാഭകരമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു പാക്കേജ് സിയാല്‍ അവതരിപ്പിച്ചു. സര്‍വീസ് മുടങ്ങാതിരിക്കാന്‍ നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഏകദേശ ധാരണയായതായാണ് വിവരം. ഇക്കാര്യത്തില്‍ സാങ്കേതിക അനുമതിക്ക് ശേഷം മാസങ്ങള്‍ക്കുള്ളില്‍ സര്‍വീസ് പുനഃരാരംഭിക്കുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

Content Highlights: Kochi-London flight likely to restart

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us