തിരുവന്തപുരം: കേരള സര്‍വ്വകലാശാലയില്‍ സംഘര്‍ഷാവസ്ഥ. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രണ്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയത്. സെനറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സര്‍വ്വകലാശാല ഗേറ്റിന് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിനെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനോട് എസ്എഫ്‌ഐ ഉപമിച്ചു. അതിനിടെ എസ്എഫ്‌ഐ നേതാവ് നന്ദന്‍ പൊലീസ് ബസിന് മേല്‍ കയറി പ്രതിഷേധിച്ചത് പൊലീസിനെ കുഴക്കി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വാഹനത്തിന് മുകളില്‍ കയറി നന്ദനെ താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് വാഹനത്തിന് മുകളില്‍ തന്നെ നേതാവിനെ ബന്ധനസ്ഥനാക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കിയതിന് പിന്നാലെ മറ്റുപ്രവര്‍ത്തകര്‍ സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ ഉപരോധം തുടരുകയാണ്. സംസ്ഥാന അധ്യക്ഷന്‍ പി എം ആര്‍ഷോയും സ്ഥലത്തെത്തി. തിരഞ്ഞെടുക്കപ്പെട്ട കേരള യൂണിവേഴ്‌സിറ്റി യൂണിയനെ വൈസ് ചാന്‍സലര്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കില്ലെന്നാരോപിച്ച് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള യൂണിവേഴ്‌സിറ്റി സബ്‌സെന്ററിലേക്ക് കഴിഞ്ഞദിവസം നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം ഉടലെടുത്തിരുന്നു.
Content Highlights: SFI Protest In front of Kerala University