![search icon](https://www.reporterlive.com/assets/images/icons/search.png)
ഇടുക്കി: കൂട്ടാറിൽ ന്യൂ ഇയർ ആഘോഷത്തിൽ പങ്കെടുത്ത ഓട്ടോ തൊഴിലാളിയെ കമ്പംമെട്ട് സി ഐ മർദ്ദിക്കുന്നതിന്റെ ദൃശ്യം പുറത്ത്. പൊലീസ് മർദ്ദനത്തിൽ മുരളീധരൻ എന്നയാൾക്ക് ആണ് പരിക്കേറ്റത്. സംഭവത്തിൽ ഒരു മാസം കഴിഞ്ഞിട്ടും നീതി ലഭിച്ചില്ലെന്ന് ഓട്ടോ ഡ്രൈവർ പരാതി നൽകി. കമ്പംമെട്ട് സി ഐ ഷമീർ ഖാനാണ് മുരളീധരന്റെ കരണത്തടിച്ചത്.
സി ഐയുടെ അടിയേറ്റ മുരളീധരന്റെ പല്ല് ഒടിഞ്ഞു പോയിരുന്നു. മർദ്ദനത്തിൽ മുരളീധരൻ താഴെ വീഴുന്നത് ദൃശ്യങ്ങളിൽ കാണാം. ചികിത്സാ ചെലവ് വഹിക്കാമെന്ന് പൊലീസ് പറഞ്ഞിരുന്നുവെങ്കിലും അത് ചെയ്തില്ലെന്ന് മുരളീധരൻ പറഞ്ഞു.
സംഭവത്തിന് ശേഷം ആശുപത്രി ചിലവ് വഹിക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിരുന്നു. അതുകൊണ്ട് തന്നെ പരാതി നൽകുവാൻ താമസിച്ചതായും മുരളീധരൻ പറഞ്ഞു. എന്നാൽ ചികിത്സ ചിലവ് പൊലീസ് നൽകിയില്ല, തുടർന്ന് കട്ടപ്പന ഡിവൈഎസ്പിക്ക് പരാതി നൽകിയെങ്കിലും ഇതുവരെയും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
മുരളീധരന്റെ മകൾ അശ്വതിയാണ് സംഭവത്തിൽ പരാതി നൽകിയത്. ജനുവരി 16 ന് ആണ് പരാതി നൽകിയത്. തുടക്കത്തിൽ അച്ഛൻ മർദ്ദനമേറ്റത് തങ്ങളോട് പറഞ്ഞിരുന്നില്ല, വീഡിയോ കണ്ടാണ് തങ്ങൾ ഇക്കാര്യം അറിയുന്നത്. ശേഷം എസ് പി ഓഫീസിൽ പരാതി നൽകുകയായിരുന്നുവെന്നും മകൾ പറഞ്ഞു. സംഭവത്തിൽ മുരളീധരന്റെ മൊഴി എടുത്തുവെന്നും എന്നാൽ നടപടിയൊന്നും ഇതുവരെ സ്വീകരിച്ചില്ലെന്നും കുടുംബം പരാതിപ്പെട്ടു.
Content Highlights: Auto Driver Brutally Beaten by Kambammettu CI at Idukki for no Reason