കൊച്ചി: തൃപ്പൂണിത്തുറയില്‍ ഫ്‌ളാറ്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി മിഹിറിന്റെ പഴയ സ്‌കൂളിന് നന്ദി അറിയിച്ച് അമ്മ രജ്‌ന. മിഹിറിനെ സ്‌കൂള്‍ പുറത്താക്കിയതല്ലെന്ന ജെംസ് സ്‌കൂളിന്റെ പ്രസ്താവനയ്ക്കാണ് രജ്‌ന നന്ദി അറിയിച്ച് രംഗത്തെത്തിയത്. സ്‌കൂളിന്റെ സത്യസന്ധമായ പ്രതികരണത്തെ അഭിനന്ദിക്കുന്നുവെന്നും അമ്മ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ജെംസ് സ്‌കൂളിന്റെ പ്രസ്താവനയും ഉള്‍പ്പെടുത്തിയാണ് രജ്‌ന നന്ദി കുറിപ്പ് പങ്കുവെച്ചത്.
'മിഹിറിന്റെ സ്‌കൂള്‍ സമയത്തെ കുറിച്ച് മാന്യമായ വ്യക്തത നല്‍കിയതിന് കൊച്ചിയിലെ ജെംസ് മോഡേണ്‍ അക്കാദമിയോട് ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു. ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ നിന്നുള്ള വേദനാജനകവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകളില്‍ നിന്ന് വ്യത്യസ്തമായി, മിഹിറിനെ ഒരിക്കലും പുറത്താക്കിയിട്ടില്ലെന്നും സ്‌കൂളിലെ വിലപ്പെട്ട അംഗമായിരുന്നുവെന്നും അംഗീകരിച്ചുകൊണ്ട് ജെംസ് സ്‌കൂള്‍ സത്യസന്ധതയും സഹാനുഭൂതിയും പ്രകടിപ്പിച്ചു. നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാന്‍ സ്വീകരിച്ച ഈ നടപടിയെ ഞാന്‍ അഭിനന്ദിക്കുന്നു', അമ്മ പറഞ്ഞു.
ഇത്തരം ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സഹാനുഭൂതിയും സമഗ്രതയും അനിവാര്യമാണെന്ന് ഈ സമീപനം നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. മിഹിറിനെ ജെംസ് സ്‌കൂളില്‍ നിന്ന് ടി സി നല്‍കി പറഞ്ഞുവിട്ടെന്നായിരുന്നു ഗ്ലോബല്‍ സ്‌കൂളില്‍ നിന്നുള്ള പ്രതികരണം. മിഹിര്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്നും സ്‌കൂള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയായിരുന്നു ജെംസ് സ്‌കൂള്‍.
'ജെംസ് അക്കാദമിയില്‍ നിന്നും മിഹിറിനെ പുറത്താക്കിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു. നമ്മുടെ കമ്മ്യൂണിറ്റിയിലെ വിലപ്പെട്ട അംഗമായിരുന്നു മിഹിര്‍. അവനെ ട്രാന്‍സ്ഫര്‍ ചെയ്യുന്ന കാര്യം പുനരാലോചിക്കണമെന്ന് സ്‌കൂള്‍ നേതൃത്വം മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നിരുന്നാലും, അവര്‍ മിഹിറിനെ മറ്റൊരു സ്വകാര്യ സ്‌കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചു. അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പിനെ ഞങ്ങള്‍ മാനിച്ചു', ജെംസ് അക്കാദമി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം സത്യവും നിഷ്പക്ഷവുമായ അന്വേഷണത്തിന് വേണ്ടിയാണ് വൈസ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തതെന്നും അക്കാദമി വ്യക്തമാക്കി. ഉത്തരവാദിത്തമുള്ള സ്ഥാപനമെന്ന നിലയില്‍, അന്വേഷണ ഏജന്‍സികളുടെ പ്രാധാന്യത്തെ തങ്ങള്‍ വിലമതിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Mihir s mother say thanks to Gems academy for fair reply about his TC