'ഞങ്ങളുടെ പാർട്ടിയിൽ ഒരു ബോംബും ഇല്ല, ഉള്ളത് സിപിഐഎമ്മിൽ'; മുഖ്യമന്ത്രിക്ക് മറുപടിയുമായി ചെന്നിത്തല

'ഞങ്ങളെ സംബന്ധിച്ച് പാർട്ടിയിൽ അഭിപ്രായ ഭിന്നതയില്ല'

dot image

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രതികരണത്തിന് മറുപടിയുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തങ്ങളെ സംബന്ധിച്ച് പാർട്ടിയിൽ അഭിപ്രായ ഭിന്നതയില്ല. തങ്ങളുടെ പാർട്ടിയിൽ ഒരു ബോംബും ഇല്ല. യാഥാർത്ഥത്തിൽ ബോംബുളളത് സിപിഐഎമ്മിലാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.

എലപ്പുളളിയിൽ മദ്യനിർമാണ ശാലയുമായി മുന്നോട്ട് പോകാനുള്ള നീക്കം ചെറുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ തന്നെയാണ് ഒയാസിസ് കമ്പനിയെ ക്ഷണിച്ചത്. ഇക്കാര്യത്തിൽ ഘടകകക്ഷികളെ പോലും ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിയുന്നില്ലെന്നം രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരത്ത് നോർക്ക സംഘടിപ്പിച്ച വ്യവസായി രവി പിളളയെ ആദരിക്കുന്ന ചടങ്ങിലായിരുന്നു കോൺ​ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അഭിപ്രായപ്രകടനങ്ങളുണ്ടായത്. ചടങ്ങിൽ സ്വാ​ഗത പ്രാസം​ഗികനായ ഡോ. ​ജി രാജ്മോഹൻ അടുത്ത മുഖ്യമന്ത്രിയായി ചെന്നിത്തല വരട്ടെ എന്ന് ആശംസിച്ചിരുന്നു. കേരള രാഷ്ട്രീയത്തിലെ ഒരിക്കലും അവ​ഗണിക്കാൻ പറ്റാത്ത നേതാവാണ് രമേശ് ചെന്നിത്തല. അടുത്ത മുഖ്യമന്ത്രിയായി ചെന്നിത്തല വരട്ടെ എന്ന് ഞാൻ ആശംസിക്കുകയാണ്. വി ഡി സതീശൻ സാറ് പോയോ…, ഇത് രാഷ്ട്രീയ ചർച്ചകൾക്കുളള വേദിയൊന്നുമല്ല. സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുന്ന ചാലകശക്തിയാണ് രമേശ് ചെന്നിത്തല എന്നും ജി രാജ്മോഹൻ പറഞ്ഞു. സ്വാ​ഗത പ്രാസം​ഗികന്റെ ആശംസ വേദിയിലാകെ ചിരി പടർത്തി.

ഇതിന് മുഖ്യമന്ത്രി നൽകിയ മറുപടിയാണ് ചെന്നിത്തലയെ ചൊടിപ്പിച്ചത്. സ്വാ​ഗത പ്രാസം​ഗികനെ പറ്റി ഒരു വാക്ക് പറഞ്ഞില്ലെങ്കിൽ അത് മോശമായിപ്പോകുമെന്ന് തോന്നുന്നു. അദ്ദേഹം രാഷ്ട്രീയം പറയുന്നില്ലെന്ന് പറഞ്ഞു. പക്ഷേ, ഒരു പാർട്ടിക്ക് അകത്ത് വലിയ പ്രശ്നങ്ങളുണ്ടാക്കുന്ന ബോംബാണ് അദ്ദേഹം പൊട്ടിച്ചത്. ഞാൻ ആ പാർട്ടിക്കാരൻ അല്ലെന്ന് നിങ്ങൾക്ക് എല്ലാവർ‌ക്കും അറിയാമല്ലോ?, ഇങ്ങനെയൊരു കൊടുംചതി ചെയ്യാൻ പാടില്ലായിരുന്നു എന്നാണ് എനിക്ക് അദ്ദേഹത്തോട് സ്നേഹപൂർവം ഉപദേശിക്കാനുളളത്, എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ചടങ്ങിലെ ഉ​ദ്ഘാടകനായി എത്തിയ മുഖ്യമന്ത്രിയുടെ ഈ മറുപടിയും സദസ്സിലാകെ ചിരിപടർത്തുകയുണ്ടായി.

Content Highlights: Ramesh Chennithala Criticizing Pinarayi Vijayan Respond Over CM Wish

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us