![search icon](https://www.reporterlive.com/assets/images/icons/search.png)
തിരുവനന്തപുരം: ബഹ്‌റൈൻ രാജാവ് പരമോന്നത സിവിലിയൻ ബഹുമതിയായ മെഡൽ ഓഫ് എഫിഷ്യൻസി (ഫസ്റ്റ് ക്ലാസ്) നൽകി ആദരിച്ച പ്രമുഖ പ്രവാസി വ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗവുമായ ഡോ. ബി രവി പിള്ളയ്ക്ക് കേരളത്തിന്റെ ആദരം. തിരുവനന്തപുരം ടാഗോർ തിയറ്ററിൽ സംഘടിപ്പിച്ച 'രവിപ്രഭ' സ്നേഹ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നോർക്ക റൂട്ട്സിന്റെയും വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ദീര്‍ഘകാലത്തെ സമര്‍പ്പിത പ്രയത്‌നത്തിന്റെ ഫലമായാണ് വലിയ വളര്‍ച്ച രവി പിള്ള കൈവരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുന്നത് സന്തോഷകരമായ കാര്യമാണ്. രവി പിള്ള ലോകമാകെ അറിയപ്പെടുന്ന വ്യവസായ പ്രമുഖനാണ്. സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ചൊരു വ്യക്തിയാണ് രവി പിള്ള. അങ്ങനെയൊരു വ്യക്തിയാണ് ലോകമാകെ അറിയുന്ന വ്യവസാ പ്രമുഖനായി വളര്‍ന്ന് വന്നിട്ടുള്ളത്. അത് ഒരു ദിവസം കൊണ്ടുണ്ടായതല്ല. ദീര്‍ഘകാലത്തെ സമര്‍പ്പിത പ്രയത്‌നത്തിന്റെ ഫലമായാണ് വലിയ വളര്‍ച്ച കൈവരിച്ചത്. എന്നാല്‍ അപ്പോളും എപ്പോളും സ്വന്തം നാടിനെ അദ്ദേഹം മറന്നില്ല. അത് കൊണ്ടാണ് അദ്ദേഹം ആദരിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരാൾ കോടീശ്വരനോ ശതകോടീശ്വരനോ ആകുന്നത് ആഡംബരം കൊണ്ടല്ല, മറിച്ച് അർഹിക്കുന്നവർക്കും അശരണർക്കും നേടിയ സമ്പത്തിന്റെ നല്ലൊരു ഭാഗം തിരികെ നൽകുന്നതിലൂടെയാണെന്ന് ചടങ്ങിൽ മോഹൻലാൽ പറഞ്ഞു. സമ്പന്നരാവുക എന്നത് ഭൂരിപക്ഷത്തിന്റെയും സ്വപ്നമാണെങ്കിലും സമ്പത്ത് സാർത്ഥകമാകുന്നത് അത് ഉണ്ടാക്കുന്നതിലല്ല, ഉപയോഗിക്കുന്നതിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള മുഖ്യാതിഥിയായി. നടൻ മോഹൻ ലാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ബഹ്റൈൻ മന്ത്രി ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ, മന്ത്രിമാരായ കെ രാജൻ, കെ എൻ ബാലഗോപാൽ, റോഷി അഗസ്റ്റിൻ, ജി ആർ അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, യുഡിഎഫ് കൺവീനർ എം എം ഹസൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ, വിവിധ പാർട്ടികളുടെ നേതാക്കളായ സാദിഖലി ശിഹാബ് തങ്ങൾ, എൻ കെ പ്രേമചന്ദ്രൻ എം പി, ബിനോയ് വിശ്വം എം പി, കെ സുരേന്ദ്രൻ, പി കെ കുഞ്ഞാലിക്കുട്ടി, എസ് രാമചന്ദ്രൻ പിള്ള, ജോൺ ബ്രിട്ടാസ് എം പി, കർദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, ഗോകുലം ഗോപാലൻ, ജെ കെ മേനോൻ, എം വി ശ്രേയാംസ്കുമാർ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, സിനിമ സംവിധായകൻ ഷാജി എൻ കരുൺ, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, എം വിൻസന്റ്, വി ജോയ് തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ സംബന്ധിച്ചു.
ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പ്രശസ്തിപത്രം സമർപ്പിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ഡോ. ജി രാജ്മോഹൻ സ്വാഗതവും വർക്കിങ് ചെയർമാൻ ഇ എം നജീബ് നന്ദിയും പറഞ്ഞു. ഡോ. ബി രവിപിള്ളയുടെ 'രവിയുഗം' എന്ന ആത്മകഥയുടെ കവർ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ടാഗോർ തിയറ്റർ വളപ്പിൽ രവിപ്രഭ ഫോട്ടോ എക്സിബിഷൻ, പെയിന്റിങ് മത്സര വിജയികളുടെ പെയിന്റിങ് പ്രദർശനം എന്നിവയും ഉണ്ടായിരുന്നു.
Content Highlights: raviprabha sneha samgamam conducted