ന്യൂഡൽഹി: എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി ആംആദ്മി പാർട്ടി. എക്‌സിറ്റ് പോളുകളിൽ കാണിക്കുന്നതിനെക്കാൾ കൂടുതലാണ് എഎപിയുടെ വോട്ട് വിഹിതമെന്ന് ഗ്രേറ്റർ കൈലാഷ് വിധാൻ സഭയിലെ എഎപി സ്ഥാനാർത്ഥി സൗരഭ് ഭരദ്വാജ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
"ഞങ്ങൾ ഡൽഹിയിൽ മൂന്ന് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു, ഇത് ഞങ്ങൾ പോരാടുന്ന നാലാമത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ്… 2013, 2015 എക്‌സിറ്റ് പോളുകൾ ഞങ്ങൾ പരാജയപ്പെടുമെന്ന് കാണിച്ചിരുന്നു. 2020 ൽ എക്‌സിറ്റ് പോളുകളിൽ ഞങ്ങളുടെ വോട്ട് വിഹിതം കുറയുമെന്ന് കാണിച്ചു. അതുപോലെയാണ് 2025-ലും. ഞങ്ങൾക്ക് എല്ലായ്പ്പോഴും കുറച്ച് സീറ്റുകൾ ലഭിക്കുമെന്നാണ് കാണിക്കുന്നത്. സാധാരണക്കാരുടെ ശബ്ദത്തെ ബിജെപി എപ്പോഴും നിശബ്ദമാക്കുന്നു, അതിനാൽ ജനം ഭയന്ന് സംസാരിക്കുന്നില്ല. എക്‌സിറ്റ് പോളുകളിൽ കാണിക്കുന്നതിനെക്കാൾ കൂടുതലാണ് എഎപിയുടെ വോട്ട് വിഹിതം," സൗരഭ് ഭരദ്വാജ് പറഞ്ഞു.
ഇതുവരെ പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങളിലെല്ലാം ബിജെപിക്കാണ് മുൻതൂക്കം. ആംആദ്മിക്ക് മുൻതൂക്കം പ്രവചിക്കുന്ന മൂന്ന് ഫലങ്ങൾ മാത്രമാണ് ഉളളത്. വീ പ്രിസൈഡ്, മൈൻഡ് ബ്രിങ്ക്, ജേണോ മിറർ എന്നിവർ മാത്രമാണ് ആംആദ്മിക്ക് മുൻതൂക്കം പ്രവചിക്കുന്നത്.
കോൺഗ്രസ് ഇത്തവണയും നേട്ടമുണ്ടാക്കില്ലെന്നാണ് പ്രവചനം. എക്സിറ്റ് പോൾ ഫലങ്ങളിൽ പൂജ്യം മുതൽ ഒരു സീറ്റ് വരെ കോൺഗ്രസിന് ലഭിക്കുമെന്നാണ് പ്രവചനം. വീ പ്രിസൈഡിന്റെ പ്രവചന പ്രകാരം ആംആദ്മി പാർട്ടിക്ക് 46 മുതൽ 52 സീറ്റ് ലഭിക്കുമെന്ന് പറയുന്നു. ബിജെപിക്ക് 18 മുതൽ 23 സീറ്റ് വരെയും കോൺഗ്രസിന് ഒരു സീറ്റും ലഭിക്കുമെന്നും വീ പ്രിസൈഡ് പ്രവചിക്കുന്നു.
മൈൻഡ് ബ്രിങ്കിന്റെ പ്രവചന പ്രകാരം ആംആദ്മി പാർട്ടിക്ക് 44 മുതൽ 49 സീറ്റും, ബിജെപിക്ക് 21 മുതൽ 25 സീറ്റും, കോൺഗ്രസിന് ഒരു സീറ്റും ലഭിക്കുമെന്നും പറയുന്നു. ജേണോ മിററിന്റെ പ്രവചനത്തിൽ ആംആദ്മിക്ക് ലഭിക്കുക 45 മുതൽ 48 സീറ്റ് വരെയാണ്. ബിജെപിയ്ക്ക് 18 മുതൽ 20 സീറ്റ് വരെയും കോൺഗ്രസിന് ഒരു സീറ്റും ജേണോ മിറർ പ്രവചിക്കുന്നു. ഇവർക്ക് പുറമേ ബാക്കി സ്ഥാപനങ്ങളെല്ലാം ബിജെപിക്കാണ് മൂൻതൂക്കം പ്രവചിക്കുന്നത്.
ചാണക്യയുടെ എക്‌സിറ്റ് പോളിൽ ബിജെപിക്ക് 39 മുതൽ 44 വരെ സീറ്റുകൾ ലഭിക്കുമെന്ന് പ്രവചിക്കുന്നു. ആംആദ്മിക്ക് 25 മുതൽ 28 വരെയും കോൺഗ്രസിന് 2 മുതൽ മൂന്ന് സീറ്റ് വരെയും ലഭിക്കുമെന്നും ചാണക്യ പ്രവചിക്കുന്നു. മാട്രിസെയുടെ പ്രവചനത്തിലും ബിജെപിക്കാണ് മുൻതൂക്കം. ബിജെപി 35 മുതൽ 40 വരെ സീറ്റ് ലഭിക്കുമെന്നാണ് മാട്രിസെയുടെ പ്രവചനം. ആംആദ്മി 32 മുതൽ 37 സീറ്റുവരെ നേടുമെന്നും മാട്രിസെ പ്രവചിക്കുന്നു.
കോൺഗ്രസിന് ലഭിക്കുന്നതാകട്ടെ ഒരു സീറ്റും. പി മാർക് സർവേ പ്രകാരം ബിജെപിക്ക് 40 സീറ്റും ആംആദ്മിക്ക് 30 സീറ്റുമാണ് ലഭിക്കുക. പീപ്പിൾസ് ഇൻ സൈറ്റിന്റെ പ്രവചനത്തിലും ബിജെപി തന്നെ മുന്നിൽ. പീപ്പിൾസ് ഇൻ സൈറ്റ് ബിജെപിക്ക് പ്രവചിക്കുന്നത് 44 സീറ്റുകളാണ്. ആംആദ്മിക്കാകട്ടെ 25 മുതൽ 29 സീറ്റുകളും. കോൺഗ്രസിന് ഒരു സീറ്റ് ലഭിക്കാനും സീറ്റ് ലഭിക്കാതിരിക്കാനുള്ള സാധ്യതയും പീപ്പിൾസ് ഇൻ സൈറ്റ് പ്രവചിക്കുന്നു. പീപ്പിൾസ് പൾസിന്റെ പ്രവചനത്തിൽ ബിജെപിക്ക് ലഭിക്കുന്നത് 51 മുതൽ 60 സീറ്റുകളാണ്. ആംആദ്മിക്ക് 10 മുതൽ 19 വരെയും കോൺഗ്രസിന് സീറ്റ് ലഭിക്കാതിരിക്കുന്ന സാഹചര്യവും പീപ്പിൾസ് പൾസ് പ്രവചിക്കുന്നു.
ബാക്കി ഫലങ്ങൾ ചുവടെ
പി മാർക്യു
ബിജെപി: 39-49
ആംആദ്മി: 21-31
കോൺഗ്രസ്: 0-1
ജെവിസി
ബിജെപി: 39-45
ആംആദ്മി: 22-31
കോൺഗ്രസ്: 2
ടൈംസ് നൗ
ബിജെപി: 37-43
ആംആദ്മി: 27-34
കോൺഗ്രസ്: 0-2
മറ്റുള്ളവർ: 0-1
ടുഡേയ്‌സ് ചാണക്യ
ബിജെപി: 39-44
ആംആദ്മി: 25-28
കോൺഗ്രസ്: 2-3
മറ്റുള്ളവർ: 0
പോൾ ഡയറി
ബിജെപി: 42-50
ആംആദ്മി: 18-25
കോൺഗ്രസ്: 2
മറ്റുള്ളവർ: 1
Content Highlights: AAP rejects exit polls