കോഴിക്കോട്: പകുതി വില തട്ടിപ്പിൽ കോഴിക്കോട് ജില്ലയിലെ നഷ്ടം 20 കോടി രൂപ. തട്ടിപ്പുമായി ബന്ധപ്പെട്ട് 5,554 പേർക്കാണ് പണം നഷ്ടമായത്. നാഷണൽ കോൺഫെഡറേഷനിൽ അംഗങ്ങളായ ജില്ലയിലെ പതിനൊന്ന് സന്നദ്ധ സംഘടനകളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.സന്നദ്ധ സംഘടന നൽകിയ പരാതിയിൽ നടക്കാവ് പൊലീസ് എൻ ജി ഒ കോൺഫെഡറേഷന്റെ ഭാരവാഹികളെയും ഭരണ സമിതി അംഗങ്ങളെയും പ്രതി ചേർത്തിട്ടുണ്ട്.
കേസിൽ അറസ്റ്റിലായ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ അക്കൗണ്ടൻ്റ് അടക്കമുള്ള ജീവനക്കാരെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. അനന്തുവിൻ്റെ ജീവനക്കാരിൽ പലരും ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആയ നിലയിലാണ്. പണം ചെലവാക്കിയതുമായി ബന്ധപ്പെട്ട മൊഴികളിൽ വൈരുധ്യമെന്നും അന്വേഷണ സംഘം പറഞ്ഞു. അനന്തുവിനെ ഇന്ന് കൊച്ചിയിലെ ഓഫീസുകളിലും ഫ്ളാറ്റുകളിലുമെത്തിച്ച് തെളിവെടുത്തേക്കും. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. വിവിധ പൊലീസ് സ്റ്റേഷനുകളിൽ അനന്തുവിനെതിരെ കൂടുതൽ പരാതികൾ വരുന്നുണ്ട്.
നിലവില്‍ അനന്തു കൃഷ്ണനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 1000 കോടിയിലധികം രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തട്ടിയ പണം എവിടെ നിക്ഷേപിച്ചെന്ന് കണ്ടെത്തണം. തട്ടിപ്പിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. നാല് കോടിയോളം രൂപയുള്ള അക്കൗണ്ട് മാത്രമാണ് മരവിപ്പിച്ചത്. അനന്തു കൃഷ്ണന്റെ വാഹനങ്ങൾ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നോവ ക്രിസ്റ്റ അടക്കം മൂന്നു കാറുകളാണ് കസ്റ്റഡിയിലെടുത്തത്. ഈ വാഹനങ്ങൾ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് പൊലീസ് അറിയിച്ചിരുന്നു.
നാഷണല്‍ എന്‍ജിഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷനല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്. സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍, ഇതുവരെ ഒരു കമ്പനിയില്‍ നിന്നും സിഎസ്ആര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ അനന്തു പൊലീസിനോട് സമ്മതിച്ചിരുന്നു. പകുതിവിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്താണ് അനന്തു തട്ടിപ്പ് നടത്തിയത്. അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ തട്ടിപ്പിനിരയായെന്ന പരാതിയുമായി 1,200 ഓളം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.
Content Highlights: 20 crore loss in Kozhikode district in half price scam