![search icon](https://www.reporterlive.com/assets/images/icons/search.png)
ബാലരാമപുരം: തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ പ്രതിയും കുഞ്ഞിന്റെ അമ്മാവനുമായ ഹരികുമാറിന് മാനസിക പ്രശ്നമില്ലെന്ന് ഡോക്ടറുടെ സാക്ഷ്യപത്രം. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാനസികരോഗ വിഭാഗമാണ് ഇത് സംബന്ധിച്ച സാക്ഷ്യപത്രം നല്‍കിയത്. കോടതിയുടെ നിര്‍ദേശ പ്രകാരം ഹരികുമാറിനെ മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരികുമാറിന് മാനസികരോഗമില്ലെന്നുള്ള കണ്ടെത്തല്‍. ഡോക്ടറുടെ സാക്ഷ്യപത്രം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ഇതിന് പിന്നാലെ പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കി.
ഹരികുമാറിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്ന് പൊലീസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചിരുന്നില്ല. കസ്റ്റഡി അപേക്ഷ പരിഗണിക്കവെ താനല്ല കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഹരികുമാര്‍ മൊഴി മാറ്റുകയും കരയുകയും ചികിത്സ ആവശ്യപ്പെടുകയും ചെയ്തതോടെയായിരുന്നു ഇത്. ഇതോടെ കോടതി മാനസികരോഗ വിദഗ്ധന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുകയായിരുന്നുു. ഇതിനായി ഇക്കഴിഞ്ഞ ചൊവ്വാഴ്ച അന്വേഷണ സംഘം ഹരികുമാറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരം ഹരികുമാറിനെ ഡോക്ടറുടെ നിരീക്ഷണത്തില്‍ വിടുകയായിരുന്നു.
കഴിഞ്ഞ മാസം 27നായിരുന്നു ബാലരാമപുരത്ത് അരുംകൊല നടന്നത്. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ മാത്രമാണ് കൊലപാതകത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ക്ക് മാനസിക സ്ഥിരതയില്ലെന്ന് എസ്പി കെ സുദര്‍ശന്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നു.
Content Highlights- harikumar accused of devendhu murder case has no mental problem