കൊല്‍ക്കത്ത: ലീവ് അപേക്ഷ നിരസിച്ചതിന്റെ പേരില്‍ സഹപ്രവര്‍ത്തകരെ കുത്തിപ്പരിക്കേല്‍പ്പിച്ച് സര്‍ക്കാര്‍ ജീവനക്കാരന്‍. പശ്ചിമ ബംഗാളിലാണ് സംഭവം. അമിത് കുമാര്‍ സര്‍ക്കര്‍ എന്നയാളാണ് സഹപ്രവര്‍ത്തകരെ കുത്തിയത്. ആക്രമണത്തിന് ശേഷം ഇയാള്‍ കത്തിയുമായി നിരത്തില്‍ ഇറങ്ങി. ബിദാന്‍ നഗര്‍ പൊലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
കൊല്‍ക്കത്തയിലെ ന്യൂടൗണ്‍ മേഖലയില്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. അമിത് കുമാറിന്റെ ലീവ് അപേക്ഷ നിരസിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ലീവ് ലഭിക്കാതെ വന്നതോടെ ഇയാള്‍ നിരാശനായി. തൊട്ടുപിന്നാലെ വിഷയത്തെ ചൊല്ലി സഹപ്രവര്‍ത്തകരുമായി ഇയാള്‍ വാക്കേറ്റത്തിലേര്‍പ്പെടുകയും കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. തുടര്‍ന്ന് കത്തിയുമായി ഇയാള്‍ റോഡിലേക്ക് ഇറങ്ങുകയായിരുന്നു. കത്തിയുമായി അമിത്തിനെ കണ്ട ചിലര്‍ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചിരുന്നു. ഇത് കണ്ട അമിത് അടുത്ത് വരരുതെന്ന് ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ് ബിദാന്‍ നഗര്‍ പൊലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു.
ജയ്‌ദേബ് ചക്രവര്‍ത്തി, സാന്റനു സഹ, സാര്‍ത്ഥ ലേറ്റ്, ഷെയ്ഖ് സതബുള്‍ എന്നിവര്‍ക്കാണ് കുത്തേറ്റതെന്ന് ബിദാന്‍ നഗര്‍ പൊലീസ് പറഞ്ഞു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നും പൊലീസ് പറഞ്ഞു. ഒരു സെക്യൂരിറ്റി ജീവനക്കാരനേയും ഇയാള്‍ ആക്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്.
Content Highlights- government employee stabs colleagues in west bengal