![search icon](https://www.reporterlive.com/assets/images/icons/search.png)
തിരുവനന്തപുരം: പ്രതീക്ഷിച്ച ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. രണ്ട് മണിക്കൂറിലേറെ നീണ്ട ബജറ്റ് പ്രസംഗമാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ നടത്തിയത്. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. എന്നാല്‍ ക്ഷേമ പെൻഷൻ്റെ മൂന്ന് മാസത്തെ കുടിശ്ശിക തീര്‍ക്കുമെന്ന് ധനകാര്യ മന്ത്രി പ്രഖ്യാപിച്ചു. സാമൂഹ്യക്ഷേമ പെന്‍ഷന്‍ പദ്ധതിയിലെ അനര്‍ഹരെ കണ്ടെത്തും. ഇതിനു വേണ്ടി തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു.
വയനാട് ദുരന്തബാധിതരെ ചേര്‍ത്ത് നിര്‍ത്തിയുള്ള ബജറ്റായിരുന്നു പ്രഖ്യാപിച്ചത്. മുണ്ടക്കൈ-ചൂരല്‍മലയ്ക്ക് പുനരധിവാസ പദ്ധതിക്ക് 750 കോടി അനുവദിച്ചു. ആദ്യഘട്ട സഹായമായാണ് 750 കോടി അനുവദിച്ചത്. സിഎംഡിആര്‍എഫ് , സിഎസ്ആര്‍, എസ്ഡിഎംഎ, കേന്ദ്രഗ്രാന്റ്, പൊതു സ്വകാര്യമേഖലയില്‍ നിന്നുളള ഫണ്ട്, സ്പോണ്‍സര്‍ഷിപ്പ് എന്നിവ പുനരധിവാസത്തിനായി ഉപയോഗിക്കും. അധികമായി ആവശ്യമായ ഫണ്ട് നല്‍കുമെന്ന് ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരിഗണനയുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലെ പ്രധാന ഹൈലൈറ്റ്. ശമ്പള പരിഷ്‌കരണ കുടിശ്ശിയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വര്‍ഷമുണ്ടാകും. ജീവനക്കാരുടെ ഡിഎ ലോക്കിങ്ങ് സിസ്റ്റം ഒഴിവാക്കി. സര്‍വ്വീസ് പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യാന്‍ 600 കോടി.
പരമ്പരാഗത തൊഴില്‍ മേഖലയ്ക്ക് 100 കോടി രൂപ അനുവദിച്ചു. പട്ടികജാതി വികസനത്തിന് 3236.85 കോടി രൂപ അനുവദിച്ചു. പട്ടികജാതി വികസന വകുപ്പിന് 1801.60 കോടി രൂപയും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1435 കോടി രൂപയും ഉള്‍പ്പെടെയാണ് 3236.85 കോടി. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുളള സഹായപദ്ധതിയ്ക്ക് 242 കോടിയും മാറ്റി വെച്ചു. മുന്നോക്ക സമുദായ കോര്‍പ്പറേഷന് 38 കോടി അനുവദിച്ചു. ലോക കേരള കേന്ദ്രം സ്ഥാപിക്കുന്നതിൻ്റെ പ്രാരംഭ പ്രവര്‍ത്തനത്തിന് അഞ്ചു കോടി രൂപ അനുവദിച്ചു. വിദേശ രാജ്യങ്ങളില്‍ ലോക കേരള കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇതിന് വേണ്ടി പ്രാഥമികമായി 5 കോടി രൂപയും വിനോദ സഞ്ചാരവും താമസ സൗകര്യവും ഉള്‍പ്പെടെ കേരളത്തിന്റെ പരിച്ഛേദം ഉറപ്പാക്കും.
തിരുവനന്തപുരം മെട്രോ നിര്‍മിക്കും. പ്രാരംഭ നടപടികള്‍ ഈ വര്‍ഷം തുടങ്ങും. കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിന് മെട്രോ പൊളിറ്റന്‍ പ്ലാനിങ് കമ്മിറ്റി രൂപീകരിക്കും. നഗരവത്ക്കരണത്തെയും സാമ്പത്തിക വളര്‍ച്ചയെയും സമന്വയിപ്പിക്കും. അര്‍ബന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കും. അതിവേഗ റെയില്‍ പാതയുമായി ബന്ധപ്പെട്ട മുന്‍ പദ്ധതികള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്നും വിഴിഞ്ഞമടക്കമുളള പദ്ധതികള്‍ മുന്നേറുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. ലൈഫ് പദ്ധതിയില്‍ ഒരു ലക്ഷം വീടുകള്‍ കൂടി പൂര്‍ത്തിയാക്കും. ഇതിനായി 1160 കോടി മാറ്റിവെച്ചു. കാരുണ്യ പദ്ധതിക്ക് 700 കോടി പ്രഖ്യാപിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതവും ഉയര്‍ത്തി. 15980.41 കോടി രൂപയാണ് പുതിയ വിഹിതം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതുവരെ 39223 നല്‍കിയത് കോടി രൂപയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം ഉയര്‍ത്തി. മുന്‍വര്‍ഷത്തെ ബജറ്റ് വിഹിതം 15205 കോടിയായിരുന്നു. ഇത് 15980.49 കോടിയായി ഉയര്‍ത്തി. ജനറല്‍ പര്‍പ്പസ് ഫണ്ടായി 2577 കോടി രൂപയും പ്രഖ്യാപിച്ചു. പദ്ധതി വിഹിതം 27.5 ശതമാനത്തില്‍ നിന്നു 28 ശതമാനമാക്കും റോഡുകള്‍ക്ക് 3061 കോടി രൂപ വകയിരുത്തി. വിഴിഞ്ഞം കൊല്ലം പുനലൂര്‍ വികസന ത്രികോണം നടപ്പിലാക്കും. വികെപിജിടി എന്ന പുതിയ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. ഗതാഗത ഇടനാഴികള്‍ ശക്തിപ്പെടുത്തും. നിലവിലെ ഗതാഗത മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തും. ഇടനാഴിയുടെ സമീപ മേഖലയെ വികസിപ്പിക്കും. വിവിധ പദ്ധതികള്‍ നടപ്പാക്കും. കൊല്ലത്ത് ഐടി പാര്‍ക്ക് നിര്‍മിക്കും.
ഉള്‍നാടന്‍ ജലഗതാഗതം പുനരുജ്ജീവിപ്പിക്കുമെന്നും കോവളം നീലേശ്വരം വെസ്റ്റ് കോസ്റ്റ് കനാല്‍ നിര്‍മിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കോവളത്തിനും ബേക്കലിനും ഇടയിലുളള ഉള്‍നാടന്‍ ജലപാതയുടെ സമ്പൂര്‍ണമായ പുനരുജ്ജീവനം ഉറപ്പാക്കും. 2026ഓടെ ഇത് പൂര്‍ത്തിയാക്കും. 500 കോടി രൂപ കിഫ്ബി വഴി നല്‍കും. ഹോട്ടലുകള്‍ നിര്‍മ്മിക്കാന്‍ വായ്പകള്‍ നല്‍കും. 50 കോടി രൂപ വരെ കെഎഫ്‌സി വഴി വായ്പ് നല്‍കും.
വിദേശ ടൂറിസ്റ്റുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങളുള്ള ഹോട്ടലുകള്‍ നിലവില്‍ കുറവാണ്. അത് മറികടക്കാനാണ് 50 കോടി വായ്പ. തീരദേശ പാതയുടെ ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുക്കും. സ്വകാര്യ നിക്ഷേപത്തോടെ വികസനം നടപ്പിലാക്കും. പാതയോരത്ത് ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍, സൈക്ലിങ് പാര്‍ക്കുകള്‍, നടപ്പാതകള്‍ തുടങ്ങിയവ സ്ഥാപിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 7 മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ആദ്യ ഘട്ടത്തില്‍ 25 കോടി രൂപ നല്‍കും. 20 കോടിയുടെ സഹകരണ ഭവന പദ്ധതി നടപ്പാക്കും. നഗര ഗ്രാമ പ്രദേശങ്ങളില്‍ റസിഡന്‍സ് കോംപ്ലക്‌സ് നിര്‍മിക്കും. ഒരു ലക്ഷം ഭവനങ്ങള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. ബഹുനില അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിക്കും. ഭവന വായ്പകള്‍ക്ക് പലിശ ഇളവ് നല്‍കും. ഈ വര്‍ഷം 20 കോടി രൂപ അനുവദിക്കും.
ആള്‍താമസമില്ലാത്ത വീടുകള്‍ ടൂറിസത്തിന് നല്‍കുന്ന കെ ഹോം പദ്ധതി നടപ്പാക്കും. ലോക മാതൃക കടമെടുത്ത് ചെറിയ ചെലവില്‍ താമസം ഒരുക്കും. ഉടമയുടെ വരുമാനം മാത്രമല്ല ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ സുരക്ഷയും ലക്ഷ്യം വെക്കുന്ന പദ്ധതിയാണിത്. ഫോര്‍ട്ട് കൊച്ചി, കോവളം, കുമരകം എന്നിവടങ്ങളില്‍ പൈലറ്റ് പദ്ധതി നടപ്പാക്കും. റീബില്‍ഡ് കേരളയെന്ന ആശയത്തിലൂന്നി 8702.38 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കി. 5604 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാക്കി. വന്യജീവി ആക്രമണത്തിനും പ്രത്യേക പാക്കേജ് അനുവദിച്ചു. പ്ലാന്‍ തുകയ്ക്ക് പുറമെ 50 കോടി രൂപ നല്‍കും. അന്തരിച്ച എഴുത്തുകാരന്‍ എം ടി വാസുദവേന്‍ നായരുടെ സ്മരണയ്ക്ക് സ്മാരകം നിര്‍മിക്കും. മലപ്പുറം തിരൂര്‍ തുഞ്ചന്‍പറമ്പില്‍ പഠനകേന്ദ്രം നിര്‍മ്മിക്കും.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് 20 കോടി അനുവദിച്ചു. ഒരു ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നിയമനം നല്‍കിയെന്നും ബജറ്റ് പ്രസംഗത്തിൽ ധനകാര്യമന്ത്രി വ്യക്തമാക്കി. ഈ വര്‍ഷം 10000ലധികം പുതിയ തസ്തിക സൃഷ്ടിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി 8293 സ്ഥിര നിയമനം നല്‍കി. 34859 താല്‍ക്കാലിക നിയമനവും നല്‍കി. മൊത്തം 43152 പേര്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നല്‍കി.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്വന്തം ഭൂമിയില്‍ കോവര്‍ക്കിങ് സ്‌പേസ് നിര്‍മിക്കാന്‍ വായ്പ നല്‍കി. 10 കോടി വരെ വായ്പ 5 ശതമാനം പലിശയില്‍ 90 ശതമാനവും രണ്ടു വര്‍ഷത്തിനകം ഉപയോഗിച്ചാല്‍ പലിശ ഇളവ് നല്‍കും. ആനുപാതികമായ തൊഴില്‍ സൃഷ്ടിക്കുകയും വേണം. പലിശ ഇളവിനായി 10 കോടി അനുവദിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്ക് സംരംഭം തുടങ്ങാന്‍ 5 കോടി അനുവദിച്ചു. ആരോഗ്യമേഖലയ്ക്ക് 10431.73 കോടി രൂപ അനുവദിച്ചു. 2025 അവസാനത്തോടെ ദേശീയ പാത യാഥാര്‍ത്ഥ്യമാകും. തീരദേശ പാക്കേജിന് 75 കോടി രൂപയും നല്‍കും. മത്സ്യബന്ധന മേഖലയ്ക്ക് 295 കോടി രൂപ നല്‍കും. മത്സ്യബന്ധന തുറമുഖ വികസനം ഉള്‍പ്പെടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും.
പാമ്പ് കടിയേറ്റുള്ള മരണം ഇല്ലാതാക്കാന്‍ പദ്ധതി ഏര്‍പ്പെടുത്തി. പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതി നടപ്പാക്കും. 5 വര്‍ഷം കൊണ്ട് നടപ്പിലാക്കും. വന്യസംരക്ഷണ പദ്ധതി, വന്യജീവി ആക്രമണം ഇല്ലാതാക്കലും ഉള്‍പ്പെടെയുള്ള പദ്ധതിക്ക് 25 കോടി രൂപ നല്‍കും. തെരുവുനായ നിയന്ത്രണത്തിന് 2 കോടി രൂപ മാറ്റിവെക്കും. മൃഗ സംരക്ഷണത്തിന് 317.9 കോടി രൂപ ചെലവഴിക്കും. കുട്ടനാടിന് 100 കോടി നല്‍കും. ക്ഷീര വികസനത്തിന് 120.19 കോടി രൂപ. ഊര്‍ജ മേഖലയ്ക്ക് 1156.76 കോടി. കെഎസ്ഇബിയ്ക്ക് 1088.8 കോടി രൂപയും അനുവദിച്ചു. വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കും. പമ്പ് ഡാം സ്റ്റോറേജ് പദ്ധതി 100 കോടി. സാധ്യമായ ഇടങ്ങളില്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കും.
കശുവണ്ടി മേഖലയ്ക്ക് 30 കോടി അനുവദിച്ചു. ഹാന്റെക്‌സ് പുനരുജ്ജീവിപ്പിക്കാന്‍ 20 കോടി അനുവദിച്ചു. കയര്‍ മേഖലയ്ക്ക് 107.64 കോടി രൂപ. സ്റ്റാര്‍ട്ടപ്പുകളെ സ്വയം പര്യാപ്തമാക്കാന്‍ 9 കോടി രൂപയും നല്‍കും. ഖാദി ഗ്രാമവ്യവസായത്തിന് 15.75 കോടി. ഡിജിറ്റല്‍ മേഖലയ്ക്ക് 517.64 രൂപ അനുവദിച്ചു. മുന്‍വര്‍ഷത്തെക്കാള്‍ 10 കോടി അധികമാണിത്. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയ്ക്ക് 25.81 കോടി, ഡിജിറ്റല്‍ ആര്‍ട്‌സ് സ്‌കൂള്‍ കേരളയ്ക്ക് 2 കോടി, ഡിജിറ്റല്‍ മ്യൂസിയം കേരളയ്ക്ക് 3 കോടി എന്നിവയും ഇതില്‍ ഉള്‍പ്പെടും. ഐടി മിഷന് 134.03 കോടി അനുവദിച്ചു. ഇത് മുന്‍വര്‍ഷത്തെക്കാള്‍ 16.85 കോടി അധികമാണ്.
കൊച്ചി മെട്രോയ്ക്ക് 289 കോടിയും കെഎസ്ആര്‍ടിസിയ്ക്ക് 178.96 കോടിയും അനുവദിച്ചു. ബസ്സുകള്‍ വാങ്ങാന്‍ സഹായിക്കും. ആധുനിക ബസുകള്‍ക്കായി 107 കോടി രൂപയും നല്‍കും. കണ്ണൂര്‍ വിമാനത്താവളത്തിന് 75.51 കോടി രൂപ നല്‍കും. അടിസ്ഥാന സൗകര്യ വികസനത്തിനാണ് തുക വകയിരുത്തിയത്. ട്രക്കിങ്ങ് പ്രോത്സാഹിപ്പിക്കും. വനയാത്ര പദ്ധതിക്ക് 3 കോടി നല്‍കും. ടൂറിസം മേഖലയ്ക്ക് 385.02 കോടി രൂപ നല്‍കും. പൊന്മുടിയില്‍ റോപ്പ്വേ. സാധ്യത പഠനത്തിന് 50 ലക്ഷം അനുവദിച്ചു. ചാമ്പ്യന്‍സ് ബോട്ട് ലീഗിന് 8.92 കോടി സഹായം നല്‍കും.
കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് 34 കോടി നല്‍കും. 2021 മെയ് മാസത്തിന് ശേഷം എയ്ഡഡ് മേഖലയില്‍ 30564 അധ്യാപക നിയമനം നടത്തിയെന്ന് ധനമന്ത്രി പറഞ്ഞു. 2612 അനധ്യാപക നിയമനവും നടത്തി. എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് കുടിശിക നല്‍കി. അക്കാദമിക് മികവിന് 37.8 കോടി രൂപ
സൗജന്യ യൂണിഫോം പദ്ധതിയ്ക്ക് 150 .34 കോടി. ഉച്ചഭക്ഷണ പദ്ധതിക്ക് 402.14 കോടി രൂപ അനുവദിച്ചു. കേന്ദ്രവിഹിതത്തിന് അനുപാതികമായി സംസ്ഥാന വിഹിതമായ 150 കോടിയും പാല്‍ മുട്ട തുടങ്ങിയവയ്ക്കുളള അധികതുക 253.14 കോടി രൂപയും ചേര്‍ന്നാണ് തുക.
ആലപ്പുഴ എറണാകുളം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആധുനിക കാത്ത് ലാബ് നിര്‍മിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഹാര്‍ട്ട് ഫൗണ്ടേഷന്‍ കാത്ത് ലാബിന് 10 കോടി രൂപ, കാന്‍സര്‍ ചികിത്സയ്ക്ക് 182.5 കോടി രൂപ, 105 ഡയാലിസിസ് കേന്ദ്രങ്ങള്‍ക്കായി 13.98 കോടി രൂപ, സ്‌ട്രോക്ക് യൂണിറ്റുകള്‍ക്കായി 21 കോടിയും അനുവദിച്ചു. എല്ലാ ജില്ലാതല ആശുപത്രികളിലും സ്‌ട്രോക്ക് യൂണിറ്റുളള ഇന്ത്യന്‍ സംസ്ഥാനമാകും. എല്ലാ ജനറല്‍ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമാകും. ഇ ഹെല്‍ത്ത് പദ്ധതിയ്ക്ക് 27.60 കോടി രൂപ നല്‍കും. കോട്ടയം മെഡിക്കല്‍ കോളേജില്‍ മജ്ജ മാറ്റിവയ്ക്കല്‍ സൗകര്യം ഒരുക്കും. മാധ്യമ അവാര്‍ഡുകളുടെ സമ്മാന തുക ഇരട്ടിയാക്കും. സ്വദേശാഭിമാനി കേസരി പുരസ്‌കാര തുക ഒന്നര ലക്ഷം രൂപയാക്കും. പരമ്പരാഗത തൊഴില്‍ മേഖലയ്ക്ക് 100 കോടി രൂപ അനുവദിച്ചു.
Content Highlights: K N Balagopal s Budget announcement over