![search icon](https://www.reporterlive.com/assets/images/icons/search.png)
തിരുവനന്തപുരം: വരുമാനം ഉണ്ടാക്കുന്ന പദ്ധതികൾ കൂടുതൽ ഏറ്റെടുക്കുന്നതിനും കിഫ്ബിയെ വരുമാനമുള്ള സ്ഥാപനമാക്കി മാറ്റുന്നതിനുമുള്ള കൂടുതൽ പരിശ്രമങ്ങളും പഠനങ്ങളും നടത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. വരുമാനം ലക്ഷ്യമിട്ട് കിഫ്ബി റോഡുകളിൽ ടോൾ പിരിവ് തുടങ്ങുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ബജറ്റിൽ വരുമാനം ഉണ്ടാക്കേണ്ട ആവശ്യകത സംബന്ധിച്ച നിലപാട് ഇടംപിടിച്ചിരിക്കുന്നത്.
കിഫ്ബി രൂപീകരിച്ച വേളയിൽ തന്നെ വരുമാനം ഉണ്ടാക്കുന്നതിനുള്ള പദ്ധതികൾ ഏറ്റെടുക്കണമെന്ന് വിലയിരുത്തിയിരുന്നുവെന്ന് ബജറ്റ് ചൂണ്ടിക്കാണിക്കുന്നുണ്ട്. കിഫ്ബിയുടെ പ്രവർത്തന മൂലധനത്തിൻ്റെ ഒരുഭാഗം സർക്കാരിൽ നിന്ന് ബജറ്റ് വിഹിതമായി ലഭിക്കുന്നുണ്ടെങ്കിലും വലിയൊരു ഭാഗം കടമെടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് വരുമാനമുള്ള കൂടുതൽ പദ്ധതികൾ ഏറ്റെടുക്കാനുള്ള പഠനം നടത്തുമെന്ന് ബജറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
2024 ഡിസംബർ 31വരെ 87,436.87 കോടി രൂപയുടെ 1147 പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയെന്ന് ബജറ്റ് വ്യക്തമാക്കുന്നു. ഇതിൽ 20,000 കോടി രൂപ വൻകിട വികസന പദ്ധതികളുടെ ഭൂമിയേറ്റെടുക്കലിനായി നീക്കിവെച്ചതാണെന്നും ബജറ്റ് പറയുന്നു.
ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് കിഫ്ബി പദ്ധതികൾക്കായി അഞ്ച് വർഷം കൊണ്ട് 10,500 കോടി രൂപ ചെലവഴിച്ചു. രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യത്തെ മൂന്ന് വർഷം കൊണ്ട് തന്നെ കിഫ്ബി പദ്ധതികൾക്കായി 22,298 കോടി രൂപ നൽകി കഴിഞ്ഞുവെന്നും ബജറ്റ് വ്യക്തമാക്കുന്നുണ്ട്.
കിഫ്ബി റോഡുകളിൽ ടോൾ ഈടാക്കാനുള്ള കരട് നിയമത്തിൽ ടോളിന് പകരം യൂസർ ഫീസ് എന്നാണ് പരാമർശിക്കുന്നതെന്ന വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. കിഫ്ബി നിർമ്മിച്ച സംസ്ഥാന പാതകളിലൂടെ 15 കിലോമീറ്ററിന് മുകളിൽ യാത്ര ചെയ്യുന്നവരിൽ നിന്നായിരിക്കും യൂസർഫീസ് ഈടാക്കുകയെന്നാണ് കരട് നിയമത്തിൽ പറയുന്നത്. 50 കോടിക്ക് മുകളിൽ എസ്റ്റിമേറ്റുള്ള റോഡുകൾക്ക് യൂസർ ഫീ ചുമത്തുമെന്നാണ് കരട് നിയമത്തിൽ പറയുന്നതെന്നായിരുന്നു റിപ്പോർട്ട്.
കിഫ്ബി ഫണ്ടിൽ സംസ്ഥാനത്ത് നിർമിക്കുന്ന റോഡുകളിൽ ടോൾപിരിവ് നടത്താൻ സർക്കാർ നീക്കം നടത്തുന്ന വാർത്തകൾ രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 50 കോടിയിലേറെ രൂപ ചെലവിൽ കിഫ്ബി നിർമ്മിക്കുന്ന റോഡുകളിലും പാലങ്ങളിലും ടോൾ പിരിക്കാൻ ആലോചിക്കുന്നുവെന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ട്. കിഫ്ബിയുടെ ശുപാർശ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നിയമ, ധന മന്ത്രിമാർ പങ്കെടുത്ത യോഗം അംഗീകരിച്ചതായും കിഫ്ബി ഇത് സംബന്ധിച്ച പഠനം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. നേരത്തെ കേന്ദ്ര സർക്കാർ കിഫ്ബി എടുക്കുന്ന വായ്പകൾ സംസ്ഥാന സർക്കാരിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. കിഫ്ബി നടപ്പിലാക്കുന്ന പദ്ധതികളിൽ നിന്ന് വരുമാനമില്ലെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാണിച്ചിരുന്നു. ഇത് മറികടക്കാനാണ് കിഫ്ബി നിർമ്മിക്കുന്ന റോഡുകളിലും പാലങ്ങളിലും ടോൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതെന്നായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.
കിഫ്ബി റോഡുകളിൽ ടോൾ ഏർപ്പെടുത്തുമെന്ന വാർത്തകളോട് പ്രതികരിച്ച് ഭരണ-പ്രതിപക്ഷ നേതാക്കൾ രംഗത്ത് വന്നിരുന്നു. ടോൾ ഏർപ്പെടുത്തുമെന്ന വാർത്തകൾ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിഷേധിച്ചിരുന്നു. കിഫ്ബി റോഡുകൾക്ക് ടോൾ ഏർപ്പെടുത്തുന്ന വിഷയത്തിൽ സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് ധനകാര്യ വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നത്. പരിശോധിച്ചത് സാധ്യത മാത്രമാണ്. കിഫ്ബി നിർമ്മാണങ്ങളിലെ വരുമാനശ്രേതസ്സ് പരിശോധിക്കും. കെട്ടിടം നിർമ്മിച്ച് വാടകയ്ക്ക് കൊടുക്കുന്നതും പരിഗണനയിലുണ്ടെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവയാണ് കിഫ്ബിയുടെ പ്രധാന നിർമാണം. വരുമാനമില്ലാത്തതിൻ്റെ പേരിലാണ് കിഫ്ബിയ്ക്കെതിരായ കേന്ദ്രവിമർശനമെന്നും ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു.
കിഫ്ബി പദ്ധതിയിലൂടെ നിർമ്മിക്കുന്ന റോഡുകളിൽ നിന്നും ടോൾ പിരിക്കാനുള്ള തീരുമാനത്തിന് ഇടതുമുന്നണി പച്ചക്കൊടി കാണിച്ചെന്ന് മുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ചെലവഴിച്ച പണം തിരികെ ലഭിക്കാൻ മറ്റു മാർഗങ്ങളില്ലെന്ന് എൽഡിഎഫ് കൺവീനർ ചി പി രാമകൃഷ്ണൻ പറഞ്ഞു. ടോൾ സംബന്ധിച്ച് എൽഡിഎഫിൽ ഭിന്നതയില്ല. പ്രതിപക്ഷത്തിന് സമരം ചെയ്യാനുള്ള അവകാശം ഉണ്ട്. ആർക്കും ബദൽ സംവിധാനം നിർദേശിക്കാമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കുന്നതിൽ തീരുമാനമായില്ലെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയത്. അത് സംബന്ധിച്ച് ആലോചന നടക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു. കിഫ്ബി ടോൾ പ്രായോഗികമല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നിലപാട്. അതിനെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. കിഫ്ബി റോഡുകളിൽ ടോൾ പിരിവ് അനുവദിക്കില്ലെന്നും ടോൾ പിരിച്ചാൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന മുന്നറിയിപ്പും വി ഡി സതീശൻ നൽകിയിരുന്നു.
കിഫ്‌ബി ഒരു വെള്ളാനയാണെന്ന് നേരത്തെ പറഞ്ഞതാണെന്നായിരുന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ടോൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും വരുമാനം ഉണ്ടാക്കാനുള്ള പദ്ധതികൾ ഉണ്ടാക്കുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. കിഫ്‌ബി ഒരു ശാപമായി മാറുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കിഫ്‌ബി റോഡുമായി ബന്ധപ്പെട്ട് ഒരു കാരണവശാലും ടോൾ പിരിക്കാൻ പാടില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരനും ആവശ്യപ്പെട്ടിരുന്നു. എല്ലാറ്റിലും കിഫ്‌ബി വന്നാൽ ടോൾ കൊടുത്ത് മുടിയുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തിരുന്നു.
Content Highlights: Kiifb will be a profitable entity study will be conducted