തിരുവനന്തപുരം: എൻസിപി എൽഡിഎഫിനൊപ്പം തന്നെ നിലയുറപ്പിക്കും. പാർട്ടിയിലെ പ്രശ്നങ്ങൾ മാറ്റിവെച്ച് മുന്നണിയിൽ ഒന്നിച്ച് നിൽക്കാനാണ് എൻസിപിയുടെ തീരുമാനം. പാർട്ടിക്കുളളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തി. ഇതിനായി പ്രത്യേക കമ്മിറ്റിയെ രൂപീകരിക്കും.
എൽഡിഎഫിനുണ്ടായ നാണക്കേട് പരിഹരിക്കുകയാണ് ലക്ഷ്യം. എൻസിപി നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെയും കാണും. എൻസിപിയിലെ പ്രശ്നങ്ങൾ എൽഡിഎഫിനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച്ചയ്ക്കുള്ള നീക്കം. പി എം സുരേഷ് ബാബു അടക്കമുള്ള മുതിർന്ന നേതാക്കളെയാണ് പ്രശ്നപരിഹാരത്തിന് പാർട്ടി ചുമതലപ്പെടുത്തിയത്.
മദ്യശാല നിർമാണം, കിഫ്ബി ടോൾ അടക്കം വിഷയങ്ങളിൽ സർക്കാരിനൊപ്പം നിലകൊള്ളാൻ നേതൃയോഗത്തിൽ തീരുമാനമായി. ആവശ്യമെങ്കിൽ എൽഡിഎഫ് കൺവീനർക്ക് പാർട്ടി നയം വ്യക്തമാക്കുന്ന കത്ത് നൽകും. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യങ്ങളിൽ തീരുമാനമായത്. എ കെ ശശീന്ദ്രനും തോമസ് കെ തോമസും പി സി ചാക്കോയും തമ്മിലടിക്കരുതെന്നതാണ് പൊതു വികാരം. മൂന്ന് പേരും ഇത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എ കെ ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യമുൾപ്പെടെ എൻസിപിയിൽ ഭിന്നാഭിപ്രായം നിലനിന്നിരുന്നു.
തിരുവനന്തപുരത്ത് എൻസിപി ഓഫീസിൽ കഴിഞ്ഞ ദിവസമുണ്ടായ തമ്മിലടിയും പാർട്ടിക്ക് തലവേദന സൃഷ്ടിച്ചിരുന്നു. ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട ആട്ടുകാൽ അജിയുടെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി ഓഫീസ് പിടിച്ചെടുക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയതെന്നാണ് പരാതി ഉയർന്നത്. പി സി ചാക്കോയെ അനുകൂലിക്കുന്നവരും എതിർവിഭാഗവും തമ്മിലാണ് കയ്യാങ്കളി നടന്നത്. ഒടുവിൽ പൊലീസെത്തിയാണ് പ്രവർത്തകരെ അനുനയിപ്പിച്ചത്.
Content Highlights: NCP is with LDF