![search icon](https://www.reporterlive.com/assets/images/icons/search.png)
കോഴിക്കോട് : മുക്കം മാമ്പറ്റയില്‍ ഹോട്ടല്‍ ഉടമയുടെ പീഡനശ്രമത്തെ തുടര്‍ന്ന് ജീവനക്കാരി കെട്ടിടത്തില്‍ നിന്നും ചാടി പരിക്കേറ്റ സംഭവത്തില്‍ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് യുവതിയുടെ കുടുംബം. അറസ്റ്റിലായ ഒന്നാം പ്രതി ദേവദാസ് യുവതിയുമായി നടത്തിയ വാട്സാപ് ചാറ്റുകളാണ് കുടുംബം പുറത്തുവിട്ടിരിക്കുന്നത്.
യുവതിയുടെ ശരീരത്തെക്കുറിച്ച് വർണിച്ചു കൊണ്ടായിരുന്നു ചാറ്റുകൾ ഭൂരിഭാഗവും. പ്രതിയുടെ ലൈംഗിക താൽപര്യം വെളിപ്പെടുത്തുന്ന ചാറ്റുകളും പുറത്തുവിട്ടിട്ടുണ്ട്. യുവതി പരിക്ക് പറ്റി ആശുപത്രിയിലായശേഷം ‘നിനക്കുള്ള ആദ്യ ഡോസാണിത്’എന്ന ഭീഷണി സന്ദേശം ദേവദാസ് അയച്ചതിന്‌റെ തെളിവുകളും കുടുംബം പുറത്ത് വിട്ടിട്ടുണ്ട്.
നിരവധി തവണ ദേവദാസ് അപമര്യാദയായി പെരുമാറിയതോടെ ജോലി രാജിവയ്ക്കുന്നതായി യുവതി അറിയിച്ചിരുന്നു. ഇതോടെ പ്രതി ക്ഷമാപണം നടത്തി സന്ദേശങ്ങൾ അയച്ചു. തന്റെ ഭാഗത്തുനിന്ന് ഇനി മോശമായ ഒരു പെരുമാറ്റവും ഉണ്ടാവില്ലെന്നും, ബിസിനസ്‌പരമായ ബന്ധങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും പ്രതി യുവതിയെ വിശ്വസിപ്പിച്ചു.
പിന്നീട്, കടമായി നൽകിയ പണം തിരിച്ചയക്കരുതെന്നും ‘നീ ഈ സ്ഥാപനത്തിലെ മാലാഖ’ ആണെന്നും വാട്സാപ് സന്ദേശമെത്തി. മോശമായി തന്നോട് പെരുമാറരുതെന്നും, അനാവശ്യ സന്ദേശങ്ങൾ അയക്കരുതെന്നും യുവതി പ്രതിയോട് ആവർത്തിച്ച് ആവശ്യപ്പെടുന്നതും സന്ദേശങ്ങളിൽ വ്യക്തമാണ്.
ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മാമ്പറ്റയിലെ ഹോട്ടൽ ഉടമ ദേവദാസ് ഫെബ്രുവരി 5ന് കുന്നംകുളത്ത് പൊലീസിന്റെ പിടിയിലായിരുന്നു. ഹോട്ടൽ ജീവനക്കാരായ മറ്റു രണ്ടു പ്രതികൾ ഇന്നലെ താമരശ്ശേരി കോടതിയിൽ കീഴടങ്ങി. പി കെ റിയാസ്, കെ ടി സുരേഷ് ബാബു എന്നിവരാണ് ഇന്നലെ കീഴടങ്ങിയത്.
റിമാൻഡിലുള്ള മൂന്നു പ്രതികളേയും ഒരുമിച്ച് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ഫെബ്രുവരി ഒന്നിന് രാത്രി ഹോട്ടലിനു സമീപത്തുള്ള താമസസ്ഥലത്തു വെച്ചാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
ഹോട്ടല്‍ ഉടമ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ താഴേക്ക് ചാടിയെന്നാണ് പയ്യന്നൂര്‍ സ്വദേശിനിയായ യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വീഴ്ചയില്‍ പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
content highlights : obscene chats on WhatsApp; Devdas's sex chat out