![search icon](https://www.reporterlive.com/assets/images/icons/search.png)
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായ ശ്രീതുവിനെ കസ്റ്റഡി കാലാവധി തീർന്നതിനെ തുടർന്ന് ഇന്ന് കോടതിയിൽ ഹാജരാക്കിയതിനു ശേഷം അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി. മൂന്നുദിവസം ശ്രീതുവിനെ കസ്റ്റഡിയിൽ കിട്ടിയിട്ടും കേസുമായി ബന്ധപ്പെട്ട് യാതൊരു തെളിവുകളും കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല.
കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ ശ്രീതുവിനെ തിരികെ കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് ദേവേന്ദുവിൻ്റെ മരണത്തിൽ പങ്കുണ്ടോ എന്ന കാര്യത്തിൽ ധാരണ ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു അന്വേഷണസംഘം. കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ ഹരികുമാറിനെയും ശ്രീതുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. രണ്ടു ഡിവൈഎസ്പിമാരും മൂന്നു സിഐമാരും അടങ്ങുന്ന സംഘമാണ് ഇതുവരെയും ചോദ്യം ചെയ്തത്.
എന്നാൽ കുഞ്ഞിനെ കൊന്നതുമായി ബന്ധപ്പെട്ടോ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ടോ കൂടുതൽ തെളിവുകളോ സാക്ഷികളെയോ കണ്ടെത്താൻ കഴിയാതെ വട്ടം കറങ്ങുകയാണ് പോലീസ്. പ്രതി ഹരികുമാറിന് മാനസികരോഗം ഇല്ലെന്ന വിലയിരുത്തലിലേക്ക് സൈക്കാട്രി വിദഗ്ധന്മാർ എത്തിയത് മാത്രമാണ് അന്വേഷണസംഘത്തിന് ആകെയുള്ള ആശ്വാസം. വരുന്ന പന്ത്രണ്ടാം തീയതി വരെ ഹരികുമാറിനെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാം. ഇതിനുള്ളിൽ കേസുമായി ബന്ധപ്പെട്ട് വിശദമായ തെളിവുകൾ കണ്ടെത്തി, സാമ്പത്തിക ഇടപാടുകൾക്ക് കുഞ്ഞിൻറെ കൊലപാതകവുമായി ബന്ധമുണ്ടോ എന്നുള്ളതാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
ജനുവരി 27നായിരുന്നു ബാലരാമപുരത്ത് അരുംകൊല നടന്നത്. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ മാത്രമാണ് കൊലപാതകത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്.
content highlights : Devendu's murder; Sreetu is in Attakulangara jail