![search icon](https://www.reporterlive.com/assets/images/icons/search.png)
കൊച്ചി: LGBTQIA+ കമ്മ്യൂണിറ്റിയെ അപമാനിക്കുന്നതും അവഹേളിക്കുന്നതുമായ ഉള്ളടക്കങ്ങൾ ഉണ്ടെന്നാരോപിച്ച് 'ഒരു ജാതി ജാതകം' എന്ന സിനിമയ്‌ക്കെതിരെ കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. LGBTQIA+ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ഷാക്കി എസ് പ്രിയംവദയാണ് ഹർജി നൽകിയത്. സിനിമയിലെ ചില സംഭാഷണങ്ങൾ LGBTQIA+ കമ്മ്യൂണിറ്റിയെ അവഹേളിക്കുന്നതാണെന്ന് പരാതിയിൽ പറയുന്നു. ഡയലോഗുകൾ വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നതും മനുഷ്യൻ്റെ അന്തസ്സ് ലംഘിക്കുന്നതും ദോഷകരമായ സ്റ്റീരിയോടൈപ്പുകൾ നിലനിർത്തുന്നുവെന്നും പരാതിയിൽ പരാമർശിക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടും തിരുത്തൽ നടപടികൾ സ്വീകരിക്കാൻ സിബിഎഫ്‌സി വിസമ്മതിച്ചതിലൂടെ ആർട്ടിക്കിൾ 14 ലംഘിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് ആക്‌റ്റ് 2019 ലെ സെക്ഷൻ 18 പ്രകാരം കുറ്റം ചെയ്‌തതിന് സംവിധായകനും പ്രൊഡക്ഷൻ കമ്പനിയ്‌ക്കുമെതിരെ നടപടിയെടുക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെടണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു.
സിനിമയിലെ LGBTQIA+ കമ്മ്യൂണിറ്റിയ്ക്കെതിരായ അപമാനകരമായ വാക്കുകളോ സംഭാഷണങ്ങളോ ബീപ്പ് ചെയ്യാനോ സെൻസർ ചെയ്യാനോ നിർദ്ദേശം പുറപ്പെടുവിക്കണമെന്നും OTT പ്ലാറ്റ്‌ഫോമുകളിൽ നൽകിയത് ഉൾപ്പെടെ ഒരു കോപ്പിയിലും അത്തരം ഡയലോഗുകൾ ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഹർജിക്കാരി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തികൾ ഭാവിയിൽ ആവർത്തിക്കപ്പെടാതിരിക്കാൻ ഫിലിം സർട്ടിഫിക്കറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്ത ചിത്രമാണ് 'ഒരു ജാതി ജാതകം'. രാകേഷ് മണ്ടോടിയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ബാബു ആന്റണി, പി.പി. കുഞ്ഞികൃഷണൻ, മൃദുൽ നായർ, ഇഷാ തൽവാർ, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹർ, രഞ്ജി കങ്കോൽ, അമൽ താഹ, ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ,വർഷ രമേശ്, പൂജ മോഹൻരാജ്, ഹരിത പറക്കോട്, ഷോൺ റോമി, ശരത്ത് ശഭ, നിർമ്മൽ പാലാഴി, വിജയകൃഷ്ണൻ, ഐശ്വര്യ മിഥുൻ കൊറോത്ത്, അനുശ്രീ അജിതൻ, അരവിന്ദ് രഘു, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ നിർവ്വഹിച്ചിരിക്കുന്നു.
Content Highlights: Kerala HC admits petition against harmful LGBTQIA+ jokes in film Oru Jaathi Jaathakam