കൊല്ലം : കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ പാർക്കിംഗിനെ ചൊല്ലി തമ്മിൽതല്ലി യുവാക്കൾ. കൊല്ലം കല്ലുവാതുക്കൽ ബിവേറജസ് ഷോപ്പിന് മുൻപിലാണ് മദ്യം വാങ്ങാനെത്തിയവർ തമ്മിൽ കൈയ്യേറ്റമുണ്ടായത്. ശരിയായ രീതിയിലല്ല വണ്ടി പാർക്ക് ചെയ്തിരിക്കുന്നതെന്ന് ആരോപിച്ച് കൈയ്യിലുണ്ടായിരുന്ന ബിയർ കുപ്പികളും തടിക്കഷ്ണവും ഉപയോഗിച്ച് മദ്യം വാങ്ങാനെത്തിയവരെ പ്രതികൾ മർദ്ദിക്കുകയായിരുന്നു.
സംഭവത്തിൽ കല്ലുവാതുക്കൽ ശ്രീരാമവിലാസം വീട്ടിൽ വിഷ്ണു, ചിറക്കര ഹരിതശ്രീയിൽ ശരത്ത് എന്നിവരെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മദ്യം വാങ്ങാനെത്തിയ പാരിപ്പള്ളി സ്വദേശി വീനസിനെയും സുഹൃത്തുക്കളേയുമാണ് പ്രതികൾ മർദ്ദിച്ചത്. ആദ്യം വാഹനം പാർക്കിംഗ് ചെയ്തത് രൂക്ഷമായ ഭാഷയിൽ പ്രതികൾ ചോദ്യം ചെയ്തു. പിന്നീട് വാക്കേറ്റം കൈയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നു.
ഒടുവിൽ വീനസിന്റെ വാഹനം പ്രതികൾ അടിച്ചു തകർത്തു. ഇത് ചോദ്യം ചെയ്ത വീനസിനെയും സുഹൃത്തുക്കളെയും ബിയർകുപ്പി കൊണ്ട് തലയ്ക്ക് അടിച്ച ശേഷം നിലത്തിട്ട് ചവിട്ടുകയും, തടിക്കഷ്ണം ഉപയോഗിച്ച് പൊതിരെ തല്ലുകയുമായിരുന്നു. യുവാക്കള്‍ പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
content highlights : Clash in front of a liquor shop in Kollam; youths clashed with beer bottles and wooden sticks