![search icon](https://www.reporterlive.com/assets/images/icons/search.png)
കൊച്ചി: വഴിതടഞ്ഞുള്ള സമരത്തെ തുടർന്നുള്ള കോടതിയലക്ഷ്യ കേസിൽ സിപിഐഎം, കോൺഗ്രസ് നേതാക്കൾ കോടതിയിൽ ഹാജരായി. സിപിഐഎം നേതാക്കളായ എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, വികെ പ്രശാന്ത്, വി ജോയ്, പന്ന്യൻ രവീന്ദ്രൻ, ബിനോയ് വിശ്വം കോൺഗ്രസ് നേതാക്കളായ ടി ജെ വിനോദ് എംഎൽഎ, ഡൊമിനിക് പ്രസന്റേഷൻ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരാണ് ഹൈക്കോടതിയിൽ ഹാജരായത്.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം അനുസരിച്ചാണ് ഇവർ നേരിട്ട് ഹാജരായത്. കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി പരിഗണിക്കുകയാണ്. വിഷയത്തിൽ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. പൊതുവഴികളും നടപ്പാതകളും പ്രതിഷേധത്തിനുള്ളതല്ലെന്ന് ഹൈക്കോടതി വിമർശിച്ചു. പൊതുജനങ്ങൾക്ക് നടക്കാനുള്ള വഴിയിൽ സ്റ്റേജ് കെട്ടുന്നത് അനുമതിയില്ലാതെയാണ്. രാഷ്ട്രീയ പാർട്ടികൾ പരിപാടി നടത്തേണ്ടത് പൊതുവഴിയിലല്ല.
സ്‌റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡ്. നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും ഹൈക്കോടതി ഓർമിപ്പിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരും ഹൈക്കോടതിയിൽ ഹാജരായി. സർക്കാർ ഉദ്യോഗസ്ഥരുടെ സത്യവാങ്മൂലത്തിൽ തൃപ്തിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. നിരുപാധികം മാപ്പപേക്ഷ നൽകിയതുകൊണ്ട് മാത്രമായില്ല. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും വ്യക്തിഗത സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരും ഹൈക്കോടതിയിൽ ഹാജരായി.
വഞ്ചിയൂരിൽ സിപിഐഎം ഏരിയ സമ്മേളനത്തിന് വേണ്ടിയാണ് വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയത്. വഞ്ചിയൂർ കോടതിയുടെ സമീപത്താണ് റോഡിൽ വേദി കെട്ടിയത്. സ്കൂൾ വാഹനങ്ങളടക്കം ഗതാഗതക്കുരുക്കിൽപ്പെട്ടതോടെ സംഭവം വിവാദമാവുകയും കേസെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ കൊച്ചിയിലും തിരുവനന്തപുരം സെക്രട്ടറിയേറ്റ് പരിസരത്തും സമരം ചെയ്ത കോൺഗ്രസ്, സിപിഐ നേതാക്കൾക്കെതിരെയും പൊലീസ് നടപടിയെടുക്കുകയായിരുന്നു.
Content Highlights: The high court criticized the political leaders for blocking the road