![search icon](https://www.reporterlive.com/assets/images/icons/search.png)
ആലപ്പുഴ: ഫേസ്ബുക്ക് വഴി പ്രണയം നടിച്ച് വിവാഹ തട്ടിപ്പ് നടത്തിയയാൾ പൊലീസ് പിടിയിൽ. നാലാം വിവാഹത്തിലെ യുവതി നൽകിയ പരാതിയിലാണ് കാസർകോട് സ്വദേശിയായ ദീപൂ ഫിലിപ്പ് പിടിയിലാവുന്നത്. ഫേസ്ബുക്ക് വഴി സ്ത്രീകളോട് താൻ അനാഥനാണെന്നും തനിക്ക് വിവാഹം കഴിച്ചാൽ ഒരു ജീവിതമാകുമെന്നും പറഞ്ഞ് വൈകാരികമായി കൈയിലെടുത്താണ് വിവാഹത്തിലേക്ക് കടക്കുന്നത്. പിന്നീട് ലൈംഗികമായി ഉപയോഗിച്ച ശേഷം താത്പര്യകുറവ് തോന്നിയാൽ അടുത്ത ഇരയെ തേടി പോവുകയുമാണ് ഇയാളുടെ പതിവെന്നാണ് കണ്ടെത്തൽ.
10 കൊല്ലം മുൻപാണ് ഇയാൾ കാസർകോട് സ്വദേശിനിയെ ആദ്യം വിവാഹം ചെയ്ത് വിവാഹതട്ടിപ്പ് ആരംഭിക്കുന്നത്. യുവതിയുടെ സ്വർണവും പണവും കൈക്കലാക്കിയ ശേഷം ഇയാൾ ഭാര്യയെയും കുട്ടികളേയും ഉപേക്ഷിച്ച് ഇവിടെ നിന്ന് മറ്റൊരു യുവതിയുമായി കടന്നുകളയുകയായിരുന്നു. പിന്നീട് എറണാകുളത്തെത്തുകയും ഇവിടെ ഒരു സ്ത്രീയുമായി ഒരുമിച്ച് താമസിക്കുകയുമായിരുന്നു. ഇവിടെ വെച്ചാണ് ഇയാൾ ഫേസ്ബുക് വഴി മറ്റൊരു സ്ത്രീയുമായി അടുക്കുന്നത്. ഇവരെയും താൻ അനാഥനാണെന്നും തനിക്ക് കടുത്ത ഒറ്റപ്പെടലും വേദനയുമാണെന്നും ഇയാൾ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് വിവാഹമോചിതയായ യുവതിയെ പള്ളിയിൽ വെച്ച് വിവാഹം ചെയുകയുമായിരുന്നു.
എന്നാൽ നാലാമത്തെ യുവതിയാണ് ഇയാളുടെ വിവാഹ തട്ടിപ്പുകൾ പുറത്ത് കൊണ്ടുവരുന്നത്. ദീപുവിൻ്റെ രണ്ടാം ഭാര്യയുടെ ഫേസ്ബുക് സുഹ്യത്തായിരുന്നു നിലവിലെ ഭാര്യ. ഇവർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് നാലാം ഭാര്യക്ക് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് നാലാം ഭാര്യ നൽകിയ പരാതിയിൽ ഇയാൾ കുടുങ്ങുകയായിരുന്നു. പ്രതി കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
content highlight- marriage scandal: four marriages through Facebook