തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത്, പത്ത് ക്ലാസുകളിൽ വിദ്യാഭ്യാസ വകുപ്പ് നിഷ്കർഷിക്കാത്ത ഫീസോ പണപ്പിരിവോ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സർക്കാർ അനുവദിച്ചതിൽ കൂടുതൽ പിടിഎ ഫണ്ട് ഈടാക്കാൻ പാടില്ലായെന്നും വരവു ചിലവ് കണക്കുകൾ ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ പരിശോധിച്ച് അംഗീകാരം നൽകണമെന്നും മന്ത്രി വ്യക്തമാക്കി.
ഇത് കൂടാതെ ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷയും അനുവദിക്കില്ലായെന്നും അധ്യാപകരുടെ ജന്മദിനം പോലെയുള്ള ദിനങ്ങളിലെ ഉപഹാരങ്ങൾക്കായുള്ള പണപിരിവും അനുവദിക്കില്ലായെന്നും മന്ത്രി അറിയിച്ചു. ചില സ്വകാര്യ സ്കൂളുകളിൽ എസ് എസ് എൽ സി പരീക്ഷ ആരംഭിക്കുന്നതിന് മുൻപുള്ള പ്ലസ് വൺ പ്രവേശനം നൽകുന്ന പ്രവണതയും ശ്രദ്ധയിൽപ്പെട്ടതായി അറിയിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഉത്തരവ് ലംഘിക്കുന്ന സ്കൂളുകളോട് വിശദീകരണം തേടുമെന്നും പരാതി സ്വീകരിക്കാൻ പ്രത്യേക സംവിധാനം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ പ്രത്യേക സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
content highlight- 'No unnecessary accumulation of money in schools'; Education Minister warns