'സിപിഐഎം സുരേഷ് ​ഗോപിക്ക് പഠിക്കുന്നു'; എഎൻ പ്രഭാകരന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ

'കുറച്ചുകാലങ്ങളായി ബിജെപി എംപിയായ സുരേഷ് ഗോപിയും, സിപിഐഎം നേതാക്കളും ആദിവാസി- പിന്നോക്ക വിഷയങ്ങളിൽ സമാന നിലപാടുകളാണ് സ്വീകരിക്കുന്നത്'

dot image

തിരുവനന്തപുരം: വയനാട് സിപിഐഎം ജില്ലാ കമ്മിറ്റി അം​ഗം എ എൻ പ്രഭാകരന്റെ വിവാദ പരാമർശത്തിന് പിന്നാലെ സിപിഐഎമ്മിനെ കടന്നാക്രമിച്ച് പി വി അൻവർ. ആദിവാസി-പിന്നോക്ക വിഷയങ്ങളിൽ സിപിഐഎം സുരേഷ് ഗോപിക്ക് പഠിക്കുകയാണെന്നാണ് അൻവറിന്റെ പ്രതികരണം, എഎൻ പ്രഭാകരന്റേത് വർ​ഗീയപരവും ആദിവാസി വിരുദ്ധവുമായ പരാമർശമാണ്. കുറച്ചുകാലങ്ങളായി ബിജെപി എംപിയായ സുരേഷ് ഗോപിയും, സിപിഐഎം നേതാക്കളും ആദിവാസി- പിന്നോക്ക വിഷയങ്ങളിൽ സ്വീകരിക്കുന്ന സമാന നിലപാടുകൾ പൊതുസമൂഹം ചർച്ച ചെയ്യേണ്ടതുണ്ട്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളെ സംവരണ സീറ്റിൽ മാത്രം മത്സരിപ്പിച്ചാൽ മതിയെന്ന നിലപാട് എവിടെനിന്നാണ് സിപിഐഎം കടംകൊണ്ടതെന്ന് വ്യക്തമാക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും പി വി അൻവർ വിമർശിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു പി വി അൻവറിന്റെ പരാമർശം.

പനമരത്ത് മുസ്‌ലിം ലീ​ഗ് നേതാവായ ആദിവാസി വനിതയെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു സിപിഐഎം ജില്ലാ കമ്മിറ്റി അം​ഗം എഎൻ പ്രഭാകരന്റെ വിവാദ പരാമർശം. പനമരത്ത് യുഡിഎഫ് മുസ്‌ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡൻ്റ് ആക്കിയെന്ന അധിക്ഷേപ പരാമര്‍ശമാണ് എഎൻ പ്രഭാകരൻ നടത്തിയത്. ലീഗ് പനമരത്ത് ചെയ്തത് ചരിത്രപരമായ തെറ്റാണെന്നും എ എൻ പ്രഭാകരൻ്റെ പ്രസംഗത്തിൽ പറയുന്നുണ്ട്. പനമരത്ത് അവിശ്വാസത്തിലൂടെ സിപിഐഎം ജനപ്രതിനിധിയ്ക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം നഷ്ടമായതിന് പിന്നാലെയാണ് സിപിഐഎം നേതാവിന്റെ പരാമര്‍ശം. അവിശ്വാസ പ്രമേയത്തിൽ സിപിഐഎം പ്രതിനിധിക്ക് സ്ഥാനം നഷ്ടമായതിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് പ്രതിനിധിയായ ലക്ഷ്മി ആലക്കമറ്റം പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

'ആദിവാസി-പിന്നോക്ക വിഷയങ്ങളിൽ സിപിഐഎം സുരേഷ് ഗോപിക്ക് പഠിക്കുന്നു'
വയനാട് ജില്ലയിലെ പനമരം പഞ്ചായത്തിൽ ആദിവാസി വനിതയെ പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിച്ച മുസ്ലിം ലീഗ് നിലപാടിനെതിരെ വർഗീയ പരാമർശവുമായി സിപിഐഎം മുന്നോട്ട് വന്നിരിക്കുകയാണ്.

തൃണമൂൽ കോൺഗ്രസ് അംഗമായ ബെന്നി ചെറിയാൻ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത സാഹചര്യത്തിലാണ് യുഡിഎഫ് ധാരണ പ്രകാരം മുസ്ലിംലീഗിന് അവകാശപ്പെട്ട പ്രസിഡണ്ട് സ്ഥാനത്തേക്ക് ആദിവാസി വിഭാഗത്തിന്റെ പ്രതിനിധിയായ ലക്ഷ്മി കേളുവിനെ മുസ്ലിം ലീഗ് പരിഗണിച്ചത്

പ്രസിഡണ്ട് സ്ഥാനം "ജനറൽ-വനിത" ആയിരുന്നിട്ടു പോലും മുസ്ലിം വനിതകളെ മാറ്റിനിർത്തി ആദിവാസി വിഭാഗത്തിൽപ്പെട്ട ഒരു വനിതക്ക് അവസരം നൽകാനുള്ള ചരിത്രപരവും പുരോഗമനപരവുമായ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിലപാടിനെതിരെ സി.പി.ഐ.എം വയനാട് ജില്ലാ കമ്മിറ്റി അംഗമായ എ.എൻ. പ്രഭാകരൻ തികച്ചും വർഗീയപരവും ആദിവാസി വിരുദ്ധവുമായ പരാമർശമാണ് നടത്തിയിട്ടുള്ളത്. കേരള നിയമസഭയിലെ മുൻ സാമാജികനായ യുസി രാമനെ ജനറൽ സീറ്റിൽ മത്സരിപ്പിച്ച് നിയമസഭയിലെത്തിച്ച പാരമ്പര്യമുള്ള രാഷട്രീയ പാർട്ടിയാണ് മുസ്ലിം ലീഗ്.

കുറച്ചുകാലങ്ങളായി ബിജെപി എം.പിയായ സുരേഷ് ഗോപിയും, സിപിഐഎം നേതാക്കളും ആദിവാസി- പിന്നോക്ക വിഷയങ്ങളിൽ സ്വീകരിക്കുന്ന സമാന നിലപാടുകൾ പൊതുസമൂഹം ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളെ സംവരണ സീറ്റിൽ മാത്രം മത്സരിപ്പിച്ചാൽ മതിയെന്ന നിലപാട് എവിടെനിന്നാണ് സിപിഐഎം കടംകൊണ്ടതെന്ന് വ്യക്തമാക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്.
പി.വി. അൻവർ.

Content Highlight: PV Anvar against CPIM as AN Prabhakaran faces backlash

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us