![search icon](https://www.reporterlive.com/assets/images/icons/search.png)
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വിദ്യാർഥിക്ക് സഹപാഠിയുടെ അച്ഛനിൽ നിന്ന് ക്രൂര മർദ്ദനം. പി കെ എച്ച് എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിക്കാണ് ആക്രമണം നേരിട്ടത്. ക്ലാസ് ലീഡറായിരുന്ന കുട്ടി ബഹളം വെച്ചതിന് സഹപാഠിയുടെ പേര് ബോർഡിലെഴുതിയിരുന്നു. ഇത്തരത്തിൽ പേരെഴുതിയതിലുള്ള വിരോധത്തിലാണ് സഹപാഠിയുടെ പിതാവ് കുട്ടിയെ മർദ്ദിച്ചത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ഈ മാസം ആറിനായിരുന്നു എട്ടാം ക്ലാസ് വിദ്യാർഥിയും ക്ലാസ് ലീഡറുമായിരുന്ന ലിജിന് സഹപാഠിയുടെ പിതാവിൽ നിന്ന് മർദ്ദനമേൽക്കേണ്ടി വന്നത്. മർദ്ദിച്ച വ്യക്തിയുടെ മകന്റെ പേര് ബോർഡിലെഴുതിയതായിരുന്നു പ്രകോപന കാരണം. കെഎസ്ഇബി ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന ഇയാൾ ലിജിനെ കാഞ്ഞിരംകുളം ജംഗ്ഷനിൽ വെച്ച് മർദ്ദിക്കുകയായിരുന്നു.
കുട്ടിയെ വഴിയിൽ തടഞ്ഞ് നിർത്തി ഇയാൾ കവിളത്തടിക്കുകയും കാല് കൊണ്ട് മർദ്ദിക്കുകയും ചെയ്തു. മർദ്ദനത്തിൽ കുട്ടിക്ക് കവിളിലും തുടയിലും കാര്യമായ പരിക്കേറ്റു. പിന്നാലെ കുട്ടിയെ കാരക്കോണം മെഡിക്കൽ കോളേജിലെത്തിച്ചു. കഴിഞ്ഞ ദിവസമാണ് ചികിത്സ പൂർത്തിയാക്കി കുട്ടി വീട്ടിലേക്ക് മടങ്ങിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
content highlight- Son's name was written on the board for making noise, the class leader was beaten up by the father.