'പെണ്ണ്, ആദിവാസി എന്നൊക്കെ പറയാന്‍ ഇവര്‍ ആരാണ് ? '; സിപിഐഎം നേതാവിൻ്റെ പരാമർശത്തിൽ പനമരം പഞ്ചായത്ത് പ്രസിഡന്റ്

ഞങ്ങളിൽ ഭിന്നിപ്പ് നടത്തി വർ​ഗീയ ആക്ഷേപം നടത്തുന്ന പരാമർശത്തിൽ കടുത്ത അമർഷമുണ്ടെന്നും ലക്ഷ്മി ആലക്കമറ്റം പറഞ്ഞു.

dot image

കല്‍പ്പറ്റ:  സിപിഐഎം നേതാവും വയനാട് ജില്ലാകമ്മിറ്റി അംഗവുമായ എ എന്‍ പ്രഭാകരൻ വിവാദ പ്രസംഗത്തിൽ പ്രതികരിച്ച് പനമരം പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റം. പനമരത്ത് മുസ്ലിം ലീഗ് മുസ്‌ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡൻ്റ് ആക്കിയെന്ന അധിക്ഷേപ പരാമർശത്തിലാണ് പ്രതികരണം. പ്രഭാകരൻ നടത്തിയത് തെറ്റിധരിപ്പിക്കുന്ന വർ​ഗീയ പ്രസ്താവനയാണെന്നും ജനങ്ങളിൽ ഭിന്നിപ്പ് നടത്തി വർ​ഗീയ ആക്ഷേപം നടത്തുന്ന പരാമർശത്തിൽ കടുത്ത അമർഷമുണ്ടെന്നും ലക്ഷ്മി ആലക്കമറ്റം പറഞ്ഞു.

'പെണ്ണ്, ആദിവാസി എന്നൊക്കെ പറയാന്‍ ഇവര്‍ ആരാണ് ? ഗോത്ര വര്‍ഗം, പട്ടിക വര്‍ഗം അങ്ങനെ അഭിസംബോധന ചെയ്യാമല്ലോ. എസ് ടി വിഭാ​ഗത്തിൽ ഉള്ളവർക്ക് ഉയർന്ന സ്ഥാനത്തിലെത്താൻ പാടില്ലേ ? വംശീയ ആക്ഷേപമാണ് നടത്തിയത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കണമെന്നും ലക്ഷമി പറഞ്ഞു. അധിക്ഷേപ പരാമര്‍ശത്തിൽ എസ് എം എസിൽ പരാതി നൽകുമെന്നും ലക്ഷമി കൂട്ടിചേർത്തു.

പനമരത്ത് അവിശ്വാസത്തിലൂടെ സിപിഐഎം ജനപ്രതിനിധിയ്ക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം നഷ്ടമായതിന് പിന്നാലെയാണ് സിപിഐഎം നേതാവിന്റെ പരാമര്‍ശം. അവിശ്വാസ പ്രമേയത്തിൽ സിപിഐഎം പ്രതിനിധിക്ക് സ്ഥാനം നഷ്ടമായതിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് പ്രതിനിധിയായ ലക്ഷ്മി ആലക്കമറ്റം പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

'കോണ്‍ഗ്രസുകാര്‍ സമര്‍ത്ഥമായി ലീഗുകാരിയായ ഹസീനയെ പുറത്താക്കി, ആദിവാസി പെണ്ണിനെ പ്രസിഡന്റാക്കി. അങ്ങനെ ആദ്യമായി പ്രസിഡന്റായ മുസ്ലീം വനിതയെ മറിച്ചിട്ടുവെന്ന ചരിത്രപരമായ തെറ്റ് ലീഗ് ചെയ്തിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ വീട് കയറുമ്പോള്‍ ലീഗുകാര്‍ കയ്യുംകെട്ടി നിന്ന് മറുപടി പറയേണ്ടി വരും', എന്നാണ് പ്രഭാകരന്‍ പറഞ്ഞത്.

പനമരം പഞ്ചായത്തിലെ 22-ാം വാര്‍ഡ് വെള്ളരി വയലില്‍ നിന്നും വിജയിച്ച അംഗമാണ് ലക്ഷ്മി ആലക്കമറ്റം. നേരത്തെ ജനതാദള്‍ സെക്കുലര്‍ സ്ഥാനാര്‍ത്ഥിയായി വിജയിച്ച ബെന്നി ചെറിയാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പിലാണ് ലക്ഷ്മി വിജയിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 12 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 10 വോട്ടും ലഭിച്ചിരുന്നു

സംഭവങ്ങൾക്ക് പിന്നാലെ ബെന്നി ചെറിയാനെതിരെ ആക്രമണം ഉണ്ടായിരുന്നു. സിപിഐഎം അംഗങ്ങളാണ് ആക്രമണം നടത്തിയതെന്നായിരുന്നു ബെന്നി ചെറിയാൻ്റെ പരാതി. പരാതിയിൽ സിപിഐഎം പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. പൊലീസ് നടപടിക്കെതിരെ സിപിഐഎം പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

content highlight- Panamaram Panchayat President in reference to CPIM leader

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us