ടി പി ശ്രീനിവാസനോട് എസ്എഫ്ഐ മാപ്പ് പറയേണ്ട കാര്യമില്ല, സ്വകാര്യ സർവകലാശാലകൾ അനിവാര്യം; ആർ ബിന്ദു

'രാജ്യത്തെ മറ്റിടങ്ങളിലും സ്വകാര്യ സർവകലാശാലകൾ ഉളളതിനാൽ കേരളത്തിന് മാറിനിൽക്കാനാവില്ല'

dot image

തൃശൂർ: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ ബില്ല് അവതരിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും സ്വകാര്യ സർവകലാശാല യാഥാർത്ഥ്യമായിട്ടുണ്ട്. കാലാനുസൃതമായി പിടിച്ചുനിൽക്കണമെങ്കിൽ സ്വകാര്യ സർവകലാശാലയുമായി മുന്നോട്ടുപോയേ പറ്റൂ. മറ്റു സ്ഥലങ്ങളിൽ വ്യത്യസ്തമായി സാമൂഹിക നിയന്ത്രണമുള്ള ഒന്നാവും കേരളത്തിലെ സ്വകാര്യ സർവകലാശാല എന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ മറ്റിടങ്ങളിലും സ്വകാര്യ സർവകലാശാലകൾ ഉളളതിനാൽ കേരളത്തിന് മാറിനിൽക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ഇന്നത്തെ കാലത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കാതിരിക്കുന്നത് മത്സരാധിഷ്ഠിത ലോകത്ത് ഒറ്റപ്പെട്ടുപോകുന്നതിന് കാരണമാകും. സിപിഐ സ്വകാര്യ സർവകലാശാലകൾ കൊണ്ടുവരുന്നതിനെ എതിർത്തിട്ടില്ല ചില മാറ്റങ്ങൾ നിർദ്ദേശിക്കുക മാത്രമാണ് ചെയ്തത്. സ്വകാര്യ സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസമന്ത്രി വിസിറ്ററാവണം എന്ന നിർദ്ദേശത്തിൽ സിപിഐ വിയോജിപ്പ് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സിപിഐയുടെ ക്യാബിനറ്റ് അംഗങ്ങൾ ചേർന്നെടുത്ത തീരുമാനത്തെ അവരുടെ വിദ്യാത്ഥി യുവജന സംഘടനകൾ എതിർക്കില്ല. സിപിഐഎമ്മിന്റെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമാണിത്. വിദേശ സർവകലാശാലകളുടെ കടന്ന് വരവുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

ടി പി ശ്രീനിവാസനോട് എസ്എഫ്ഐ മാപ്പ് പറയേണ്ട കാര്യമില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞു. ടി പി ശ്രീനിവാസനോട് എന്തിന് മാപ്പ് പറയണം. ആ കാലഘട്ടത്തിൽ എടുക്കേണ്ട നിലപാട് അന്ന് എടുത്തു, ഇതിനകം ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2016 ലാണ് ടി പി ശ്രീനിവാസന് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റത്. അന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാനായിരുന്നു ടി പി ശ്രീനിവാസൻ. ഉന്നത വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ അക്കാദമിക സംഗമം സംഘടിപ്പിച്ചതിന് എതിരെയായിരുന്നു എസ്എഫ്ഐയുടെ ആക്രമണം.

നിലവിൽ സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതിനുളള കരട് ബില്ലിനെ ക്യാബിനറ്റ് അം​ഗീകരിച്ചിട്ടുണ്ട്. സർവകലാശാലകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമായി നിയമനിർമ്മാണങ്ങൾ നടത്തുന്നതിനുമുള്ള കേരള സംസ്ഥാന സ്വകാര്യ സർവ്വകലാശാലകൾ (സ്ഥാപനവും നിയന്ത്രണവും) കരട് ബില്ല് -2025 ന് ആണ് അം​ഗീകാരമായത്.

Content Highlights: Private Universities are Must Need in Kerala Says by R Bindu

dot image
To advertise here,contact us
dot image