![search icon](https://www.reporterlive.com/assets/images/icons/search.png)
ആലപ്പുഴ: ചേർത്തലയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച വീട്ടമ്മയുടേത് കൊലപാതകമെന്ന് സൂചന. ചേർത്തല സ്വദേശിനി സജിയാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കേസിൽ കൊലപാതകത്തിനുള്ള സാധ്യതകൾ പുറത്തുവന്നത്. തലച്ചോറിനും തലയോട്ടിക്കും ഇടയിലുള്ള ഞരമ്പ് പൊട്ടി രക്തസ്രാവമുണ്ടായതാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്. മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് സോണിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ സജി ഒരു മാസത്തോളമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സോണി മരണപ്പെടുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും അച്ഛന്റെ മർദനമാണ് മരണത്തിന് ഇടയാക്കിയതെന്നും ചൂണ്ടിക്കാട്ടി മകൾ പൊലീസിൽ പരാതി നൽകിയതാണ് കേസിൽ വഴിത്തിരിവായത്.
സംഭവ ദിവസം രാത്രി അച്ഛന്‍ അമ്മയുടെ തല ഭിത്തിയോട് ചേര്‍ത്ത് ഇടിച്ചെന്നും അങ്ങനെയാണ് ഗുരുതരാവസ്ഥയിലായതെന്നുമായിരുന്നു മകൾ പൊലീസിന് നൽകിയ മൊഴി. അച്ഛന്‍ അമ്മയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. അച്ഛന്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിനാലാണ് ആശുപത്രിയില്‍ വെച്ച് സത്യം പറയാതിരുന്നതെന്നും മകൾ മൊഴി നൽകിയിരുന്നു. ഗുരുതരമായി പരിക്കേറ്റ് കിടന്നിട്ടും അമ്മയെ അച്ഛൻ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും വീടിനകത്ത് ഒന്നരമണിക്കൂറോളം രക്തം വാര്‍ന്നു കിടന്നെന്നും മകൾ പറഞ്ഞിരുന്നു. അച്ഛന് മറ്റൊരു ബന്ധമുണ്ടെന്നും ഇത് ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണമായതെന്നും മകൾ പൊലീസിനോട് പറഞ്ഞിരുന്നു.
മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താൻ തീരുമാനിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് സജിയുടെ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തത്.
Content Highlight: Cherthala siji's death: Postmortem report out: Suspects murder