![search icon](https://www.reporterlive.com/assets/images/icons/search.png)
കൊച്ചി: കൊച്ചിയില്‍ നടുറോഡില്‍ കത്തിയുമായി പരാക്രമം കാണിച്ച യുവാവും യുവതിയും അറസ്റ്റില്‍. പാലാരിവട്ടം സ്വദേശി പ്രവീണ്‍, പെണ്‍സുഹൃത്ത് റെസ്ലി എന്നിവരാണ് അറസ്റ്റിലായത്. പ്രവീണ്‍ വഴിയാത്രക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നത് കണ്ട നാട്ടുകാര്‍ പാലാരിവട്ടം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെയും പ്രതികള്‍ അക്രമം അഴിച്ചുവിട്ടിരുന്നു. ഇരുവരും വിവിധ ലഹരിക്കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ഇരുവര്‍ക്കുമെതിരെ എറണാകുളം നോര്‍ത്തിലും സെന്‍ട്രല്‍ സ്‌റ്റേഷനിലും ലഹരിക്കേസുകളുണ്ട്.
വ്യാഴാഴ്ച അര്‍ദ്ധരാത്രി 12.15 ഓടെയാണ് സംഭവം നടന്നത്. ഇരുവരും നടുറോഡില്‍ പരാക്രമം കാണിക്കുകയായിരുന്നു. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പാലാരിവട്ടം പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി. ഇതോടെ യുവാവും യുവതിയും പൊലീസിന് നേരെ തിരിഞ്ഞു.
പൊലീസിന് നേരെ കത്തി കാണിച്ച് ഭീഷണി മുഴക്കിയതോടെ യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ പ്രകോപിതയായ യുവതി പൊലീസ് ജീപ്പിന്റെ ചില്ല് കല്ലെടുത്തെറിഞ്ഞ് തകര്‍ത്തു. കൈയില്‍ കരുതിയിരുന്ന ലഹരിയെന്ന് കരുതുന്ന വസ്തു എടുത്ത് അത് താന്‍ കഴിക്കാന്‍ പോകുകയാണെന്ന് പറയുകയും ചെയ്തു. ഇതിന് പിന്നാലെ വനിതാ പൊലീസ് സ്ഥലത്തെത്തി റെസ്ലിയേയും കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
Content Highlights- Man and woman who make a scene in palarivattom at midnight arrested