![search icon](https://www.reporterlive.com/assets/images/icons/search.png)
തിരുവനന്തപുരം: പി ബി നൂഹിനെ സപ്ലൈകോയിൽ തിരികെ നിയമിച്ചുകൊണ്ട് പുതിയ ഉത്തരവ്. സപ്ലൈകോ ചെയർമാൻ ചുമതല ഇനി പി ബി നൂഹ് വഹിക്കും. നേരത്തെ സിഎംഡി ആയി നിയമിച്ച അശ്വതി ശ്രീനിവാസ് സപ്ലൈകോയുടെ മാനേജിങ് ഡയറക്ടർ ആകും.
2024ൽ സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി പി ബി നൂഹിനെ നിയമിച്ചിരുന്നു. പിന്നീട് ഈ ചുമതലയിൽ നിന്നും നൂഹിനെ മാറ്റി. പി ബി നൂഹിനെ മാറ്റിയതിൽ ഭക്ഷ്യവകുപ്പ് മന്ത്രി അന്ന് ജി ആർ അനിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പി ബി നൂഹിനെ കൂടാതെ മറ്റ് ഐഎഎസ് ഉദ്യോഗസ്ഥരേയും മാറ്റിയിട്ടുണ്ട്.
കെ ഗോപാലകൃഷ്ണൻ ഐഎഎസിന് പുതിയ പോസ്റ്റ് നൽകി. വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിയുടെ എംഡിയായി ഗോപാലകൃഷ്ണൻ ചുമതലയേൽക്കും. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ അധിക ചുമതല കൂടി അദ്ദേഹം വഹിക്കണം. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള ജോസഫ് ഐഎഎസ് വനിതാ-ശിശു വികസന വകുപ്പിന്റെ അധിക ചുമതല വഹിക്കും. ഫോർട്ട് കൊച്ചി സബ് കളക്ടർ മീര കെ എറണാകുളം ജില്ലാ വികസന കമ്മീഷണർ തസ്തികയുടെ അധിക ചുമതലയും വഹിക്കും.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന് കായിക, യുവജനകാര്യ വകുപ്പിന്റെ അധിക ചുമതല നൽകി, തൊഴിൽ, നൈപുണ്യ വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി മൃഗസംരക്ഷണം, ക്ഷീര വികസനം, മ്യൂസിയം (മൃഗശാല) വകുപ്പുകളുടെ അധിക ചുമതല കൂടി വഹിക്കും. അതേസമയം തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമയെ റവന്യൂ (ദേവസ്വം) വകുപ്പിന്റെ അധിക ചുമതലയിൽ നിന്ന് ഒഴിവാക്കി, പകരം സഹകരണ സംഘങ്ങളുടെ രജിസ്ട്രാർ ഡോ. ഡി സജിത് ബാബുവിനെ നിയമിച്ചു. സ്പെഷ്യൽ സെക്രട്ടറി ആയാണ് ഡി സജിത് ബാബുവിന്റെ നിയമനം. എന്നാൽ, മൃഗസംരക്ഷണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അധിക ചുമതലയിൽ നിന്ന് സജിത് ബാബുവിനെ മാറ്റുകയും ചെയ്തു.
വ്യവസായ വകുപ്പ് ഡയറക്ടർ മിർ മുഹമ്മദ് അലി ഐഎഎസിന് തുറമുഖ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അധിക ചുമതല നൽകി. എന്നാൽ കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അധിക ചുമതലയിൽ നിന്ന് മിർ മുഹമ്മദിനെ ഒഴിവാക്കുകയും ചെയ്തു. അബ്ദുൾ നാസർ ബിയാസിനെ ഫിഷറീസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീന് ഫിഷറീസ് വകുപ്പ് ഡയറക്ടർ സ്ഥാനത്തിന്റെ അധിക ചുമതല നൽകുകയും ചെയ്തു.
Content Highlight: Reappointed P B Nooh into Supplyco Reshuffle of IAS Officers