
കോഴിക്കോട്: കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടയുകയും മൂന്ന് പേർ മരിക്കാനിടയാകുകയും ചെയ്ത അപകടത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്. അപകടത്തിന് തൊട്ടു മുൻപുള്ള ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. വീഡിയോയിൽ എഴുന്നള്ളിപ്പിൻ്റെ തുടക്കത്തിൽ ആനകൾ അകലം പാലിച്ച് നിൽക്കുന്നതായി കാണാം. ഉത്സവത്തിനെത്തിയ ആനകളായ പീതാംബരൻ മുന്നിലും ഗോകുൽ പുറകിലുമായി നിൽക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്.
എന്നാൽ ആനകൾ പുറപ്പെടും മുൻപെ തന്നെ പടക്കം പൊട്ടിച്ചു തുടങ്ങിയിരുന്നു. പടക്കം പൊട്ടിയിട്ടും ആനകൾ ശാന്തമായി നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എഴുന്നള്ളിപ്പിനായി പീതാംബരൻ മുന്നോട്ട് നീങ്ങിയപ്പോൾ ഗോകുൽ ഇടതുവശത്തുകൂടെ ഒപ്പം വന്നു നിന്നു. പ്രകോപിതനായ പീതാംബരൻ ഗോകുലിനെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഗോകുലിനെ പീതാംബരൻ പിന്നാലെ പിന്തുടർന്ന് ആക്രമിച്ചു.
ആനകൾ ഇടഞ്ഞതിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുറവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, വടക്കയില്‍ സ്വദേശി രാജന്‍ എന്നിവരാണ് മരിച്ചത്. 30 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. അതേസമയം അപകടത്തിൽ ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് കാനത്തില്‍ ജമീല എംഎല്‍എ വ്യക്തമാക്കി.
content highlight- Incident of elephants being attacked during a festival in Koyilandy; footage shared with reporter