
തിരുവനന്തപുരം: എഎംഎംഎ സംഘടന നാഥനില്ലാ കളരിയാണെന്ന പരാമർശം പിൻവലിച്ച് ജി സുരേഷ് കുമാർ മാപ്പ് പറയണമെന്ന് എഎംഎംഎ മുൻ വൈസ് പ്രസിഡന്റും നടനുമായ ജയൻ ചേർത്തല. താരങ്ങൾ പ്രതിഫലം കൂട്ടുന്നത് കൊണ്ട് മാത്രം സിനിമ പരാജയപ്പെടുന്നു എന്ന നിർമാതാക്കളുടെ സംഘടനയുടെ വാദം സത്യമല്ല. താരങ്ങൾ സിനിമകൾ നിർമിക്കാൻ പാടില്ലെന്ന് പറയുന്നത് ഇരട്ടത്താപ്പാണ്. ഈ പരാമർശത്തിന് പിന്നിൽ തങ്ങൾ മേലാളന്മാരും താരങ്ങൾ അടിയാളന്മാരും ആണെന്ന നിലപാടാണെന്നും അദ്ദേഹം വിമർശിച്ചു.
എഎംഎംഎ സംഘടന നാഥനില്ലാ കളരിയാണെന്ന പരാമർശം തെറ്റാണെന്ന് ജയൻ ചേർത്തല പറഞ്ഞു. സംഘടനയുടെ നിലപാടാണ് താരങ്ങൾക്ക് എല്ലാം. ജി സുരേഷ് കുമാർ എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞുവെന്ന് അറിയില്ല. താരങ്ങൾ പ്രതിഫലം കൂട്ടുന്നതുകൊണ്ട് മാത്രം സിനിമ പരാജയപ്പെടുന്നു എന്ന നിർമാതാക്കളുടെ സംഘടനയുടെ വാദം സത്യമല്ല. ഓരോ സിനിമ തുടങ്ങുന്നതിന് മുമ്പും പ്രതിഫലം ഉറപ്പിച്ചിട്ടാണ് നിർമാതാക്കൾ സിനിമ എടുക്കുന്നത്. എല്ലാ സിനിമയും വിജയിക്കണമെന്ന് നിർബന്ധം പിടിക്കാനാകില്ലെന്നും ജയൻ വ്യക്തമാക്കി.
ജി സുരേഷ് കുമാറിന്റെ ഭാര്യയും മകളും എഎംഎംഎയിൽ അംഗമാണ്. നടിയായിരുന്ന മേനകയുടെ പേരിലാണ് ജി സുരേഷ് കുമാർ സിനിമ നിർമിക്കുന്നത്. കോടികൾ വാങ്ങി സിനിമയിൽ അഭിനയിക്കുന്ന താരമാണ് മകൾ. എപ്പോഴെങ്കിലും ഇവർ പ്രതിഫലം കുറച്ച് അഭിനയിക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ. ഒരു സിനിമ സാമ്പത്തികമായി ലാഭമുണ്ടാക്കാനാണല്ലോ സൂപ്പർ സ്റ്റാറുകളെ അഭിനയിപ്പിക്കുന്നത്. താരങ്ങളെ വെച്ച് സിനിമയുണ്ടാക്കി ലാഭം കൊയ്തവരാണ് ഇന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പ്രവർത്തിക്കുന്നത്. അവർ തന്നെയാണ് പറയുന്നത് താരങ്ങൾ വില കുറയ്ക്കണമെന്ന്. ഇതേ ആളുകൾക്ക് വേണമെങ്കിൽ താരങ്ങൾ ഇല്ലാതെയും സിനിമ ചെയ്യാമല്ലോ. പക്ഷേ അവർ അത് ചെയ്യില്ല. അവർക്ക് താരങ്ങളെ വേണം. പക്ഷേ പണം മുടക്കാനും പറ്റില്ല. ഇത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.
താരങ്ങൾ സിനിമ നിർമിക്കാൻ പാടില്ലെന്ന നിലപാട് വൃത്തികേടാണെന്നും ജയൻ ചേർത്തല വിമർശിച്ചു. സിനിമയെ വിജയിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന താരങ്ങൾ സിനിമ നിർമിക്കാൻ പാടില്ല എന്ന് പറയുന്നത് ശരിയല്ല. അതിന് കാരണം നിങ്ങളെല്ലാവരും അടിയാന്മാരും തങ്ങൾ മുതലാളികളുമാണെന്ന കാഴ്ചപ്പാടാണ്. പണ്ട് കാലത്ത് നിലനിന്നിരുന്ന ഈ കാഴ്ചപ്പാടാണ് അസോസിയേഷൻ മുന്നോട്ടുവെക്കുന്നത്.അവർ നിർമിക്കുന്ന പടങ്ങൾ മാത്രമേ പ്രദർശിപ്പിക്കാവൂ, അവരുടെ സിനിമകൾ മാത്രമേ ആളുകൾ തിയേറ്ററിൽ പോയി കാണാൻ പാടുള്ളൂ എന്ന് പറയുന്ന അഹങ്കാരമൊന്നും അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ അംഗങ്ങൾ നിർമിക്കുന്ന സിനിമകളിൽ അഭിനയിക്കില്ലെന്ന് താരങ്ങൾ തീരുമാനിച്ചാൽ എന്താകും സ്ഥിതിയെന്നും ജയൻ ചേർത്തല ചോദിച്ചു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ കടം തീർക്കാൻ കോടികൾ നൽകിയത് എഎംഎംഎ സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു. താരങ്ങൾ സ്വന്തം പണം മുടക്കി പ്രതിഫലം വാങ്ങാതെയാണ് ഈ കടം തീർക്കാനായി പ്രോഗ്രാമുകളിൽ പങ്കെടുത്തത്, മുതിർന്ന താരങ്ങൾ ഉൾപ്പെടെ പരിപാടിയോട് സഹകരിച്ച് പ്രവർത്തിച്ചിരുന്നു. അന്ന് കിട്ടിയ ലാഭത്തിന്റെ 70 ശതമാനവും പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ് എടുത്തത്. എന്നാൽ അവർക്ക് പാലം കടക്കുന്നത് വരെയേ താരങ്ങളെ ആവശ്യമുള്ളൂ. പാലം കടക്കാൻ രാമായണ, പാലം കടന്നാൽ കൂരായണ എന്ന മട്ടാണ്. പിന്നെ എല്ലാ താരങ്ങൾക്കും അയിത്തമാണ്. താരങ്ങളെല്ലാം മോശക്കാരാണ് എന്ന മട്ടാണെന്നും അദ്ദേഹം പറഞ്ഞു. സമരം പ്രഖ്യാപിച്ച നിലപാട് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിനിമ കൊണ്ട് ജീവിക്കുന്ന കുറേയേറെ പേരുണ്ട്. ജനം തിയേറ്ററിലേക്ക് വരുന്ന കാലഘട്ടത്തിൽ ഇത്തരം സമരം സിനിമയെ തകർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആൻ്റണി പെരുമ്പാവൂർ പറഞ്ഞതിൽ തെറ്റില്ലെന്നും അദ്ദേഹത്തിന് താരങ്ങളുടെ അവസ്ഥയറിയാമെന്നും ജയൻ കൂട്ടിച്ചേർത്തു.
Content Highlight: Scuffle continues in Malayalam Cinema; Jayan Cherthala against producers association