അവതാരകനെ മർദ്ദിച്ചിട്ടില്ല; അങ്ങനെയെങ്കിൽ പൊലീസിൽ പരാതി നൽകണമായിരുന്നു: സിപിഐഎം

'കുറ്റം ഏതു പാർട്ടിക്കാർ ചെയ്താലും പൊലീസ് കേസെടുക്കും'

dot image

പത്തനംതിട്ട: ടൗൺ സ്ക്വയർ ഉദ്ഘാടനത്തിനിടെ അവതാരകനെ താൻ മർദ്ദിച്ചിട്ടില്ലെന്ന് സിപിഐഎം പത്തനംതിട്ട ഏരിയ കമ്മിറ്റി സെക്രട്ടറി എം വി സഞ്ജു. മർദ്ദിച്ചെങ്കിൽ പൊലീസിൽ പരാതി നൽകണമായിരുന്നുവെന്നും സിപിഐഎമ്മിന് വേണ്ടി പ്രത്യേക നിയമം ഒന്നും നാട്ടിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കുറ്റം ഏതു പാർട്ടിക്കാർ ചെയ്താലും പൊലീസ് കേസെടുക്കും. സിപിഐഎം പ്രവർത്തകർക്ക് ഒരു ഇളവും ഇല്ല. സിപിഐഎം കേരളം ഭരിക്കുമ്പോൾ ഏരിയ സെക്രട്ടറിക്കെതിരെ കേസെടുക്കാൻ പറ്റില്ലെന്ന് പറയുന്നത് എവിടുത്തെ നിയമമാണെന്നും സഞ്ജു ചോദിച്ചു. തങ്ങളുടെ അഭിപ്രായ വ്യത്യാസം അവതാരകനെ അറിയിച്ചിരുന്നു. അവതാരകൻ കാണിച്ചത് ഔചിത്യം ഇല്ലായ്മയാണെന്ന് എൽഡിഎഫ് പ്രവർത്തകർ പറഞ്ഞു. അവതാരകൻ അധ്യക്ഷനാണോ എന്ന് ജനം സംശയിച്ചു. അവതാരകന്റെ പ്രസംഗം തീരുന്നതുവരെ സ്പീക്കറിന് കാത്ത് നിൽക്കേണ്ടിവന്നു. മന്ത്രി വീണ ജോർജ്ജിനെ അധിക്ഷേപിക്കുന്ന തരത്തിൽ അവതാരകൻ പരാമർശം നടത്തി.

അവതാരകൻ സ്പീക്കറും മന്ത്രിയും സംസാരിക്കുന്ന മൈക്ക് ഉപയോഗിച്ചത് ശരിയായില്ല. സ്റ്റേജിന്റെ ഒരുവശത്ത് മാറി മറ്റൊരു മൈക്ക് ഉപയോഗിക്കണമായിരുന്നു. മന്ത്രി വീണാ ജോർജും നഗരസഭാ അധ്യക്ഷൻ സക്കീർ ഹുസൈനും തമ്മിൽ ഭിന്നത ഉണ്ടെന്ന പ്രചാരണം തെറ്റാണ്. വികസന കാര്യങ്ങളിൽ ഇരുവരും സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും എം വി സഞ്ജു പറഞ്ഞു.

പത്തനംതിട്ട നഗരസഭ നിർമ്മിച്ച ടൗൺ സ്ക്വയർ ഉദ്ഘാടന ചടങ്ങിൽ അവതരകനായ അധ്യാപകനെ എം വി സഞ്ജു മർദ്ദിച്ചതായാണ് ആരോപണം ഉയർന്നത്. ബിനു കെ സാമാണ് പ്രാദേശിക സിപിഐഎം നേതൃത്വതിനെതിരെ രംഗത്തെത്തിയത്.

സ്പീക്കർ ഉദ്ഘാടകനും ആരോഗ്യ വകുപ്പ് മന്ത്രി വിശിഷ്ടാതിഥിയുമായ പരിപാടിയിൽ ഇരുവർക്കും അവതാരകൻ സ്വാഗതം പറഞ്ഞ ശൈലി വേദിയിലും സദസ്സിലും തെറ്റിദ്ധാരണ പടർത്തിയിരുന്നു. തന്റെ ഭാഷാ ശൈലി പാർട്ടിക്കാർക്ക് മനസ്സിലാകാത്തതാണെന്നും വീണ ജോർജും മുൻസിപ്പൽ ചെയർമാൻ സക്കീർ ഹുസൈനും തമ്മിലുള്ള ഗ്രൂപ്പ് പോരിൽ തന്നെ കരുവാക്കിയെന്നുമായിരുന്നു അവതാരകൻറെ പ്രതികരണം.

Content Highlights: CPIM Pathanamthitta Area Committee Secretary MV Sanju said that he did not beat the anchor

dot image
To advertise here,contact us
dot image