
പാലക്കാട്: ലീഗിൻ്റെ കുറവ് കൊണ്ട് എവിടെയും തിരഞ്ഞെടുപ്പ് തോറ്റിട്ടില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ലീഗ് അവരുടെ പണി എടുക്കാറുണ്ടെന്നും മുന്നണി കൂടെ ഒരുങ്ങണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. ആ വികാരം പ്രവർത്തകർക്കുള്ളിൽ ഉണ്ടെന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിലെ യുഡിഎഫ് വിജയം ഉദാഹരണമായി ചൂണ്ടിക്കാണിച്ച് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മുരളി വന്നാലും ഷാഫി വന്നാലും ഒരുപോലെയാണ് തകർപ്പൻ ജയം നൽകാൻ നമുക്കറിയാം. രാഹുൽ ഗാന്ധി വന്നാലും പ്രിയങ്ക ഗാന്ധി വന്നാലും ഒരുപോലെയാണ്. അതേ കരുത്ത് യുഡിഎഫിനും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതിനു കൂടിയുള്ള ഒരു സാഹചര്യം ഉണ്ടാക്കാൻ പരിശ്രമിക്കുന്നുണ്ട് എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. പാലക്കാട് നടക്കുന്ന യൂത്ത് ലീഗിന്റെ നേതൃ ക്യാമ്പിൽ ആയിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ എപ്പോഴെങ്കിലും വരുന്ന അധികാരം കാത്തുകെട്ടി കിടക്കുന്ന സംഘടനയല്ല മുസ്ലിം ലീഗ് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അധികാരം എന്നുള്ളത് കൈയിൽ കിട്ടിയാൽ ആ അധികാരം ഉപയോഗിച്ച് സമൂഹത്തിൻ്റെ പരിവർത്തനത്തിന് വേണ്ടി എങ്ങനെ പ്രവർത്തിക്കാം എന്ന് കാണിച്ചു കൊടുത്ത സംഘടനയാണ് മുസ്ലിം ലീഗ് എന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
രാഷ്ട്രീയ പ്രവർത്തനത്തിനും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനും ഉപരിയായി സംഘടന കൊണ്ട് മറ്റ് അനവധി കാര്യങ്ങൾ ചെയ്യുന്ന പ്രസ്ഥാനമാണ് ലീഗെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാണിച്ചു. ഇത്തരത്തിൽ ജനങ്ങളുമായി ബന്ധപ്പെട്ട സമസ്ത മേഖലകളിലും പ്രവർത്തിക്കുന്ന സംഘടനയ്ക്ക് തിരഞ്ഞെടുപ്പ് തോറ്റാലും നിലനിൽക്കാൻ കഴിയുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പറഞ്ഞു.
Content Highlights: