
തിരുവനന്തപുരം: ആശാ വർക്കർമാരുടെ ആവശ്യത്തോട് അനുകൂലമായ സമീപനമാണ് സർക്കാരിന് ഉള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആശ വർക്കർമാർക്ക് കൂടുതൽ ഓണറേറിയം നൽകുന്നത് രാജ്യത്ത് കേരളത്തിൽ മാത്രമാണ്. ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ലഭിച്ചാൽ ആവശ്യങ്ങളിൽ തീരുമാനമെടുക്കുമെന്നും ആനുകൂല്യങ്ങൾ കൂട്ടുന്നത് പരിഗണിക്കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ധനവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ധനമന്ത്രിയുമായി സംസാരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മുടങ്ങിക്കിടക്കുന്ന വേതന തുക ഉടൻ വിതരണം ചെയ്യുക, ഓണറേറിയം വർദ്ധിപ്പിക്കുക, 62 വയസ്സിലെ വിരമിക്കൽ ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നൂറിലധികം വരുന്ന സ്ത്രീകൾ ആശാ വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്നുണ്ട്.
ശനിയാഴ്ച മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ ആശ പ്രവർത്തകരുടെ മഹാ സംഗമമടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് ആശ വർക്കർമാരുടെ തീരുമാനം. സെക്രട്ടറിയേറ്റിന് മുന്നിൽ ആറ് ദിവസമായി ആശ പ്രവർത്തകർ സമരം ചെയ്യുകയാണ്.
Content Highlights: Veena George Says Government Support the Need of Asha Workers