കേരളം വ്യവസായ സൗഹൃദമായത് യുഡിഎഫ് കാലത്ത്, കിൻഫ്ര വന്നതോടെ മാറ്റങ്ങൾ വന്നു; തരൂരിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി

'യുഡിഎഫ് സർക്കാരുകളാണ് ഇവിടെ വമ്പിച്ച മാറ്റം ഉണ്ടാക്കിയത്'

dot image

മലപ്പുറം: കേരളത്തിലെ വ്യവസായ മേഖലയെ പ്രകീർത്തിച്ച‌ ശശി തരൂരിനെ തള്ളി മുസ്‌ലിം ലീ​ഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിലെ മാറ്റത്തിന്റെ അടിസ്ഥാനം യുഡിഎഫാണ്. വികസനങ്ങൾക്കെതിരെ സമരം നടത്തിയവരാണ് ഇടതുപക്ഷം എന്നും അദ്ദേഹം വിമർശിച്ചു. ലേഖനത്തിനു പിന്നാലെ ശശി തരൂർ വിശദീകരണം പറഞ്ഞിട്ടുണ്ട്. പറയേണ്ട സമയത്ത്, കൃത്യ സ്ഥലത്തു ലീഗ് പറയാനുള്ളത് പറയുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

യുഡിഎഫ് സർക്കാരുകളാണ് ഇവിടെ വമ്പിച്ച മാറ്റം ഉണ്ടാക്കിയതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു‌. കരുണാകരൻ സർക്കാർ മുതൽ സംസ്ഥാനത്ത് മാറ്റങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. അന്നാണ് ആദ്യമായി വ്യവസമായ മേഖലയുടെ പുരോഗതിക്കായി ചിന്തിച്ചു തുടങ്ങിയത്. കിൻഫ്ര കൊണ്ടുവന്നതോടെ വലിയ മാറ്റങ്ങൾ ഉണ്ടായി. കുറുക്കൻ മേഞ്ഞു നടന്ന സ്ഥലമായിരുന്നു കൊച്ചി കാക്കനാട് കിൻഫ്ര പാർക്ക്. പിന്നീട് അവിടെ വലിയ വികസനം വന്നു, അക്ഷയ പദ്ധതികളും വലിയ മാറ്റങ്ങൾ ഉണ്ടാക്കി.

കേരളത്തിന്റെ വ്യവസായ ഭൂപടത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ ഉണ്ടാക്കിയത് കിൻഫ്ര പാർക്കുകളാണ്. എമേർജിങ് കേരള ഉൾപ്പടെ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. ഇന്നത്തെ സ്റ്റാർട്ടപ്പുകൾക്കുള്ള പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെ തുടങ്ങിയത് യുഡിഎഫ് ആണ്. കേരളത്തിന്റെ നിക്ഷേപ അന്തരീക്ഷം ചർച്ചയായിരിക്കുകയാണ്. നമ്മൾ എല്ലാ നിലയിലും മുന്നിട്ടു നിൽക്കുന്ന സംസ്ഥാനമാണ്, കൂടുതൽ മെച്ചപ്പെടണം എന്നാണ് തന്റെ അഭിപ്രായം എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സ്റ്റാർട്ടപ്പുകൾക്കുള്ള പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയതിനെതിരെ ഇടതുപക്ഷം അന്ന് വലിയ സമരം നടത്തിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിപിഐഎമ്മിന് പശ്ചാത്താപം തോന്നുന്നത് നല്ലതാണ്, അത് സ്ഥായിയായിരിക്കട്ടെ. പ്രൊ ഇവെസ്റ്റ്മെന്റ് പോസിറ്റിവ് നയം ആയിരുന്നില്ല ഇടതുപക്ഷത്തിന് എന്നും കുഞ്ഞാലിക്കുട്ടി ഓർമ്മിപ്പിച്ചു.

കഴിഞ്ഞ ദിവസം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ കോൺ​ഗ്രസ് നേതാവും എംപിയുമായ ശശി തരൂർ കേരളത്തിലെ വ്യവസായ മേഖലയെക്കുറിച്ചെഴുതിയ ലേഖനമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. വ്യവസായ മേഖലയിലെ പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുകൊണ്ടായിരുന്നു ലേഖനം. 2024-ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാർട്ടപ്പ് മൂല്യം ആഗോള ശരാശരിയേക്കാൾ അഞ്ചിരട്ടി അധികമാണെന്നാണ് ശശി തരൂരിൻ്റെ ലേഖനത്തിൽ പറയുന്നത്.

ശശി തരൂരിൻ്റെ ലേഖനം വ്യവസായ മന്ത്രി പി രാജീവ് ഉൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കൾ വികസന നേട്ടം എന്ന നിലയിൽ അവതരിപ്പിച്ചിരുന്നു. സിപിഐഎമ്മിൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളും തരൂരിൻ്റെ ലേഖനം വ്യാപകമായി പ്രചരിച്ചിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ ലേഖനത്തെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രം​ഗത്തെത്തി. വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും നല്ലത് കണ്ടാൽ നല്ലതാണെന്ന് തന്നെ പറയുമെന്നും ശശി തരൂർ പ്രതികരിച്ചിരുന്നു.

Content Highlight: PK Kunhalikutty Against Sshashi Tharoor over his statement about Kerala Development

dot image
To advertise here,contact us
dot image