തരൂര്‍ സ്വയം തിരുത്തണം, ലേഖനം രാഷ്ട്രീയ എതിരാളികള്‍ക്ക് അടിക്കാനുള്ള ആയുധമായി; കെ മുരളീധരന്‍

ശശി തരൂരിൻ്റെ ലേഖനം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് മുരളീധരൻ

dot image

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിൻ്റെ കാലത്തെ വ്യവസായ വളര്‍ച്ചയെ പ്രശംസിച്ച ശശി തരൂര്‍ എംപിക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തരൂര്‍ സ്വയം തിരുത്തണമെന്നും ലേഖനം കോണ്‍ഗ്രസിൻ്റെ രാഷ്ട്രീയ എതിരാളികള്‍ക്ക് അടിക്കാനുള്ള ആയുധമായെന്നും കെ മുരളീധരന്‍ പറഞ്ഞു.

ശശി തരൂരിൻ്റെ ലേഖനം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. തരൂര്‍ അധികാരത്തിനു പിന്നാലെ പോകുന്ന ആളാണെന്ന് താന്‍ കരുതുന്നില്ല. അദ്ദേഹത്തിന് പാര്‍ട്ടിയില്‍ സ്ഥാനം കൊടുക്കണമെന്ന് വാദിച്ചയാളാണ് താന്‍. രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കില്ലെന്ന് തരൂര്‍ പറഞ്ഞിട്ടുണ്ട്. സാധാരണക്കാരനെപോലെ പ്രവര്‍ത്തിച്ചതിനാലാണ് നാല് തവണ അദ്ദേഹം വിജയിച്ചതെന്നും കെ മുരളീധരന്‍ പറഞ്ഞു.

തരൂരിൻ്റെ വിജയത്തിന് പിന്നില്‍ എലൈറ്റ് ക്ലാസ് ഒന്നും ഉണ്ടായിരുന്നില്ല. അധ്വാനിക്കുന്ന ജനവര്‍ഗ്ഗവും പാവപ്പെട്ട മത്സ്യത്തൊഴിലാളികളും പ്രവര്‍ത്തിച്ചതുകൊണ്ടാണ് വിജയിച്ചത്. പാര്‍ട്ടിക്കാരനാവുമ്പോള്‍ പാര്‍ട്ടിയുടെ ലക്ഷ്മണ രേഖ വിട്ടുപോകാന്‍ പാടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ദേശീയനേതൃത്വം വരയ്ക്കുന്ന ലക്ഷ്മണ രേഖയ്ക്കുള്ളില്‍ പ്രവര്‍ത്തിച്ചയാളാണ് മന്‍മോഹന്‍ സിംഗ്. മന്‍മോഹന്‍ സിംഗ് തന്നെയാണ് ഏറ്റവും വലിയ ഉദാഹരണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

തരൂരിൻ്റെ ലേഖനം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടാക്കി. പാര്‍ട്ടി നയം അദ്ദേഹം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോദി-ട്രംപ് കൂടിക്കാഴ്ചയെക്കുറിച്ചും തരൂര്‍ പറഞ്ഞിരുന്നു. അത് ഇടതുപക്ഷം അനുകൂലിക്കുന്നുണ്ടോയെന്നും മുരളീധരന്‍ ചോദിച്ചു. മോദി-ട്രംപ് കൂടിക്കാഴ്ചയെ പ്രശംസിച്ചത് കൂടുതല്‍ അപകടമാണ്. എന്നാല്‍ ശശി തരൂരിനെ തള്ളിക്കളയും എന്ന് ആരും പ്രതീക്ഷിക്കേണ്ട. തെറ്റ് കണ്ടാല്‍ ഞങ്ങള്‍ ചൂണ്ടിക്കാണിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

Content Highlights: K Muraleedharan against Shashi Tharoor for praising LDF Government

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us